September 18, 2026

ആണ്‍കുട്ടികള്‍ക്ക് അവരുടെ ഇഷ്ടപ്രകാരം മുടി വളര്‍ത്താം; വിവേചനം പാടില്ലെന്ന് ബാലാവകാശ കമ്മീഷന്‍

Share

 

ആണ്‍കുട്ടികള്‍ക്കും ലിംഗനിർണയം നടത്താത്ത കുട്ടികള്‍ക്കും അവരുടെ ഇഷ്ടപ്രകാരം തലമുടിവളർത്തുന്നതിന് സ്വാതന്ത്ര്യമുണ്ടെന്ന് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ.

 

കണ്ണുകളോ, മുഖമോ മറയാത്തരീതിയിലും, വൃത്തിയായും, സുരക്ഷിതമായും മുടി സൂക്ഷിക്കുവാനുളള ചുമതല അവർക്കുണ്ട്. ലബോറട്ടറി പ്രവർത്തനങ്ങള്‍, കായിക മത്സരങ്ങള്‍, പ്രാക്ടിക്കല്‍ ക്ലാസ്സുകള്‍ എന്നിവയില്‍ പങ്കെടുക്കുമ്പോള്‍ സുരക്ഷ മുൻനിർത്തി, നിർബന്ധമായും മുടി കെട്ടി വയ്ക്കുകയോ ഹെയർ ബാൻഡ് ഉപയോഗിച്ച്‌ ഒതുക്കി വയ്ക്കുകയോ ചെയ്യേണ്ടതാണ്.

 

മുടിയില്‍ ആരോഗ്യത്തിന് ഹാനികരമാകുന്ന തരത്തിലുളള കെമിക്കല്‍ വസ്തുക്കള്‍, കളറുകള്‍ എന്നിവ ഉപയോഗിക്കുന്നത് ഗുണകരമല്ല. ലിംഗ നിർണയം നടത്തിയിട്ടില്ലാത്ത കുട്ടികള്‍ക്ക് അവരുടെ താല്പര്യത്തിനനുസൃതമായി മുടി പരിപാലിക്കുന്നതിനും ഡ്രസ്സ് കോഡ് തിരഞ്ഞെടുക്കുന്നതിനും പൂർണ്ണമായ അവകാശം ഉണ്ടായിരിക്കും. മുടിയുടെ നീളത്തിന്റെയോ, അതുമായി ബന്ധപ്പെട്ട കാര്യങ്ങളുടെയോ പേരില്‍ സ്കൂള്‍ അധികൃതർ, ആണ്‍കുട്ടികളെയും ട്രാൻസ്ജെൻഡർ കുട്ടികളെയും മാനസികമായി ബുദ്ധിമുട്ടിക്കുവാനോ, ക്ലാസ്സില്‍ നിന്ന് മാറ്റി നിർത്തുവാനോ, വിവേചനപരമായി പെരുമാറുന്നതിനോ മറ്റ് ശിക്ഷാ നടപടികള്‍ക്ക് വിധേയമാക്കുന്നതിനോ പാടില്ലെന്നും കമ്മീഷൻ അംഗം പി ഷാജേഷ് ഭാസ്കർ ഉത്തരവിട്ടു.

 

സംസ്ഥാനത്തെ വിദ്യാഭ്യാസ വകുപ്പോ സിബിഎസ്‌ഇ യോ ഈ വിഷയവുമായി ബന്ധപ്പെട്ട മാർഗ്ഗ നിർദ്ദേശങ്ങള്‍ പുറത്തിറക്കിയതായി കാണുന്നില്ലെന്നും കമ്മീഷൻ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട മാർഗ്ഗ നിർദ്ദേശങ്ങള്‍ അടിയന്തിരമായി തയ്യാറാക്കണമെന്നും ആ സമിതിയില്‍ ആണ്‍കുട്ടികളെയും ലിംഗനിർണയം നടത്താത്ത കുട്ടികളെയും കൂടി ഉള്‍പ്പെടുത്തി, ഇവരെക്കൂടി കേട്ട ശേഷം മുടി വളർത്തുന്നതുമായി ബന്ധപ്പെട്ട മാർഗ്ഗ നിർദ്ദേശങ്ങള്‍ വിദ്യാലയങ്ങള്‍ക്ക് നല്‍കേണ്ടതാണെന്നും കമ്മീഷൻ ആവശ്യപ്പെട്ടു.

 

വിദ്യാർഥികളുടെ ബാഹ്യ രൂപത്തേക്കാള്‍ പഠന പുരോഗതിക്കും വ്യക്തിത്വവികാസത്തിനുമാണ് സ്കൂള്‍ അധികൃതർ മുൻഗണന നല്‍കേണ്ടതെന്നും കമ്മീഷൻ ചൂണ്ടിക്കാട്ടി. കമ്മീഷന്റെ ശിപാർശയില്‍ എതിർകക്ഷികള്‍ സ്വീകരിച്ച നടപടികള്‍ സംബന്ധിച്ച റിപ്പോർട്ട് 45 ദിവസത്തിനകം സമർപ്പിക്കേണ്ടതാണ്.

 

കേരളത്തിലെ വിദ്യാലയങ്ങള്‍ ജെൻഡർ ന്യൂട്രല്‍ ആണെന്ന് അവകാശപ്പെടുന്നുണ്ടെങ്കിലും ആണ്‍കുട്ടികളോടും ലിംഗനിർണയം നടത്താത്ത കുട്ടികളോടും വിവേചനപരമായി പെരുമാറുന്നുവെന്നും തലമുടി നീട്ടി വളർത്തുന്ന ആണ്‍ കുട്ടികളെ കുറ്റവാളികളായി സ്കൂള്‍ അധികൃതർ നേരിടുന്നുവെന്നും കാണിച്ച്‌ രാമനാട്ടുകര സ്വദേശി ഇന്ദു മേനോനാണ് ഹരജി നല്‍കിയത്. പതിനൊന്നാം ക്ലാസില്‍ പഠിക്കുന്ന ആണ്‍കുട്ടിയോട് മുടി വെട്ടി വരണമെന്ന് പല തവണ ആവശ്യപ്പെട്ടിട്ടും കുട്ടി തയ്യാറാകുന്നില്ലെന്നും ഇത്തരം സാഹചര്യങ്ങളില്‍ എന്തു തീരുമാനം കൈക്കൊള്ളണമെന്ന മാർഗ നിർദേശങ്ങള്‍ ആവശ്യമാണെന്നും സൂചിപ്പിച്ചാണ് കോട്ടക്കല്‍ സേക്രഡ് ഹാർട്ട് ഇംഗ്ലീഷ് മീഡിയം സ്കൂള്‍ പ്രിൻസിപ്പല്‍ ഹർജി സമർപ്പിച്ചത്. രണ്ട് ഹരജികളും പരിഗണിച്ച ശേഷമാണ് കമ്മീഷൻ്റെ ഉത്തരവ്

 

 


Share
Copyright © All rights reserved. | Newsphere by AF themes.