വണ്ടിയിലടിച്ചത് ഇ20 പെട്രോളാണോ …? പമ്പില്‍ നിന്ന് കിട്ടുന്നത് ശരിക്കുള്ള ഇന്ധനമാണോ എന്ന് വീട്ടില്‍ത്തന്നെ പരിശോധിക്കാം
ഇ20 പെട്രോളാണ് ഇപ്പോഴത്തെ വിവാദ വിഷയം. രാജ്യത്താകെ ഇ20 പെട്രോള്‍ മാത്രം വിതരണം ചെയ്യാനുളള നടപടികളുമായി കേന്ദ്രസർക്കാർ മുന്നോട്ടുപോവുകയാണ്.
അതേസമയം ഇതിനെതിരെ പല കോണുകളില്‍ നിന്നും ശക്തമായ എതിർപ്പുകളും ഉയരുന്നുണ്ട്. ഈ ഇന്ധനം ഉപയോഗിക്കുന്നത് തങ്ങളുടെ വാഹനങ്ങളുടെ എൻജിനെ ദോഷകരമായി ബാധിക്കുമോ എന്നാണ് വാഹന ഉടമകളുടെ ആശങ്ക. ഇത് ശാശ്വതമായി അകറ്റാനുള്ള മാർഗം സ്വീകരിക്കാൻ കേന്ദ്രസർക്കാരോ എണ്ണക്കമ്പനികളോ ഇതുവരെ തയ്യാറായിട്ടില്ലെന്നതാണ് സത്യം.
പെട്രോളില്‍ ഇരുപതുശതമാനം എഥനോള്‍ ചേർക്കുന്നതാണ് ഇ20 പെട്രോള്‍. എന്നാല്‍ പെട്രോളില്‍ ചേർക്കുന്ന എഥനോളിന്റെ അളവ് ഇരുപതുശതമാനത്തിനും മേലെയാണെന്ന് ചിലർ പ്രചരിപ്പിക്കുന്നുണ്ട്. ഇതില്‍ സത്യാവസ്ഥയില്ലെന്നാണ് ബന്ധപ്പെട്ടവർ പറയുന്നത്. ഇക്കാര്യത്തില്‍ ടെൻഷനടിക്കേണ്ടെന്നും വീട്ടില്‍ത്തന്നെ പരിശോധിച്ച് ബോദ്ധ്യപ്പെടാമെന്നുമാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോർട്ടുകള്‍.
വിദഗ്ദ്ധരുടെ നിർദ്ദേശങ്ങളുടെ അടിസ്ഥാനത്തില്‍ ചില ഉപഭോക്താക്കള്‍ പരീക്ഷിച്ച് വിജയിച്ച മാർഗങ്ങളാണത്രേ ഇത്. എന്നാല്‍ ഇതിന് ഔദ്യോഗിക സ്ഥിരീകരണം ലഭ്യമായിട്ടുണ്ടോ എന്ന് വ്യക്തമല്ല. അതുപോലെ എളുപ്പത്തില്‍ തീപിടിക്കുന്ന ഒന്നാണ് പെട്രോള്‍. അതിനാല്‍ പരീക്ഷണത്തിനുമുമ്പ് അപകടം ഉണ്ടാവാതിരിക്കാൻ ആവശ്യമായ മുന്നൊരുക്കങ്ങള്‍ സ്വീകരിക്കുകയും വേണം. അധികം ചെലവില്ലാതെ ആർക്കും വീട്ടില്‍ത്തന്നെ നടത്താവുന്നതാണ് ഈ പരീക്ഷണം. വാട്ടർ സെപ്പറേഷൻ രീതിയിലൂടെയാണ് എഥനാേളിന്റെ അളവ് എത്രയെന്ന് തിരിച്ചറിയുന്നത്. എഥനോളിന് പെട്രോളിനെക്കാള്‍ കൂടുതല്‍ വെള്ളവുമായി ലയിക്കാനുള്ള കഴിവുണ്ട്. ഇത് മുൻനിറുത്തിയാണ് പരീക്ഷണം. നിശ്ചിത അളവ് പെട്രോളെടുത്തശേഷം അതിലേക്ക് അല്പം വെള്ളം ചേർത്ത് കുലുക്കുക. എടുക്കുന്ന വെള്ളത്തിന്റെ അളവും ഓർത്തുവയ്ക്കണം. പെട്രോളും വെള്ളവും ചേർത്ത് കുലുക്കുന്നതോടെ പെട്രോളില്‍ നിന്ന് വേർപെട്ട എഥനോള്‍ വെള്ളത്തിലേക്ക് ലയിച്ചുചേരും. തുടർന്ന് വെളളം പാത്രത്തിന്റെ അടിയിലേക്ക് വരും. അല്പനേരം പാത്രം അനക്കാതിരുന്നാല് പെട്രോള്‍ മുകളിലും എഥനോള്‍ കലർന്ന വെള്ളം താഴെയും വ്യക്തമായി വേർതിരിഞ്ഞുവരും.
പരീക്ഷണം ഇങ്ങനെ
ആദ്യം പരീക്ഷണത്തിന് ആവശ്യമായ സാധനങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം. മില്ലീ മീറ്റർ ഉള്‍പ്പെടെയുള്ള അളവുകള്‍ രേഖപ്പെടുത്തിയ സുതാര്യമായ അളവുപാത്രമാണ് പ്രധാനം. ഒപ്പം നൂറുമില്ലീലിറ്റർ പെട്രോള്‍, പത്ത് മില്ലീലിറ്റർ ശുദ്ധമായ വെള്ളവും വേണം. ആദ്യം അളവുപാത്രത്തില് നൂറുമില്ലീ ലിറ്റർ പെട്രോള്‍ എടുക്കുക. അതിലേക്ക് പത്ത് മില്ലീലിറ്റർ ശുദ്ധമായ വെള്ളം ചേർക്കുക. തുടർന്ന് അളവുപാത്രം അടച്ചുവച്ച് പത്തുസെക്കൻഡ് ശക്തമായി കുലുക്കുക. തുടർന്ന് പാത്രം അനങ്ങാതെ ഒരിടത്തുവയ്ക്കുക. അല്പം കഴിയുമ്പോള്‍ അളവുപാത്രത്തിലെ ദ്രാവകം മുകളില്‍ പ്രെട്രോള്‍, താഴെ വെള്ളവും എഥനോളും ചേർന്ന മിശ്രിതം എന്നിങ്ങനെ രണ്ടായി വേർതിരിയും.പെട്രോളിന് താഴെയുള്ള വെള്ളവും എഥനോളും ചേർന്ന മിശ്രിതത്തെ ശ്രദ്ധാപൂർവം വേർതിരിച്ചെടുത്ത് അതിന്റെ അളവ് പരിശോധിക്കുക. ഇതില്‍ നിന്ന് നമ്മള് പെട്രോളിലേക്ക് ഒഴിച്ച് വെള്ളത്തിന്റെ അളവ് കുറയ്ക്കുക. അപ്പോള്‍ കിട്ടുന്ന അളവാണ് പെട്രോളിലെ എഥനോളിന്റെ അളവ്. മില്ലീ ലിറ്ററില്‍ ലഭിക്കുന്ന കണക്ക് ലിറ്ററിലാക്കി നാേക്കാനാവും.
