മുത്തങ്ങ കേസ്; ഗീതാനന്ദൻ അടക്കമുള്ളവരുടെ ശിക്ഷ മരവിപ്പിച്ച് ഹൈക്കോടതി
മുത്തങ്ങ ഭൂസമരത്തിനിടെ ഉദ്യോഗസ്ഥർക്കുനേരെ വധശ്രമം നടത്തിയെന്ന കേസില്‍ ആദിവാസി ഗോത്രസഭാ നേതാവ് എം. ഗീതാനന്ദനടക്കം നാലുപേരുടെ ശിക്ഷ ഹൈക്കോടതി താത്കാലികമായി മരവിപ്പിച്ചു.പ്രതികള്‍ നല്‍കിയ അപ്പീലിലാണ് ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ്.
പോലീസ് ഉദ്യോഗസ്ഥനായ അബ്ദുള്‍ സലാം, വനംവകുപ്പ് ഉദ്യോഗസ്ഥനായ ശശിധരൻ എന്നിവരെ തട്ടിക്കൊണ്ടുപോയി വധിക്കാൻ ശ്രമിച്ചെന്ന കേസില്‍ എം. ഗീതാനന്ദൻ, ബിനു, രമേശൻ കൊയ്യാലിപുര, അനില്‍കുമാർ എന്നിവർക്ക് അഞ്ചുവർഷത്തെ കഠിനതടവാണ് കല്‍പറ്റ പ്രിൻസിപ്പല്‍ ജില്ലാ ആൻഡ് സ്പെഷ്യല്‍ കോടതി വിധിച്ചിരുന്നത്. ഈ വിധിയാണ് ഹൈക്കോടതി ഇപ്പോള്‍ മരവിപ്പിച്ചിരിക്കുന്നത്.
പ്രതികള്‍ ഓരോരുത്തരും 46,000 രൂപ കെട്ടിവയ്ക്കണമെന്നും രണ്ടാള്‍ ജാമ്യത്തിലും ജയിലില്‍നിന്ന് പുറത്തിറങ്ങാമെന്നും ഹൈക്കോടതി ഉത്തരവിട്ടിട്ടുണ്ട്. അപ്പീലില്‍ ഹൈക്കോടതി പിന്നീട് വിശദമായി വാദം കേള്‍ക്കും. അതേസമയം, മുത്തങ്ങ ഭൂസമരത്തിനിടെയുണ്ടായ സംഘർഷത്തില്‍ കോണ്‍സ്റ്റബിള്‍ കെ.വി. വിനോദ് കൊല്ലപ്പെട്ട പ്രധാന കേസില്‍ ഗീതാനന്ദനടക്കം മുഴുവൻ പ്രതികളെയും കല്‍പറ്റ കോടതി നേരത്തെ വെറുതെവിട്ടിരുന്നു.
