രാജ്യത്ത് പഞ്ചസാര വില റെക്കോര്‍ഡ് ഉയരത്തില്‍ : പതിറ്റാണ്ടിന് ശേഷം ഇറക്കുമതി ആലോചിച്ച് രാജ്യം
ഡല്‍ഹി : ഉത്സവകാലത്തോട് അനുബന്ധിച്ച് രാജ്യത്ത് പഞ്ചസാര വില റെക്കോർഡ് ഉയരത്തിലെത്തി. ലോകത്തിലെ പ്രധാന പഞ്ചസാര ഉല്‍പ്പാദക രാജ്യങ്ങളിലൊന്നായ ഇന്ത്യ ഉള്‍പ്പെടെ ആഭ്യന്തര വിപണിയിലെ വിലക്കയറ്റം നിയന്ത്രിക്കുന്നതിനായി പഞ്ചസാര ഇറക്കുമതി ചെയ്യുന്നതിനെക്കുറിച്ച് ആലോചിക്കതുന്നതായാണ് വിവരം.
പെട്രോളില്‍ എഥനോള്‍ കലർത്തുന്നതിനുള്ള കേന്ദ്രസർക്കാരിന്റെ ഇ20 പദ്ധതിക്കായി വലിയ തോതില്‍ കരിമ്പ് ഉപയോഗിക്കുന്നത് പ്രതിസന്ധിക്ക് പ്രധാന കാരണമായി എന്നാണ് വിദഗ്ദ്ധർ വിലയിരുത്തുന്നത്.
നിലവില്‍ പഞ്ചസാര ഇറക്കുമതിക്ക് ഏർപ്പെടുത്തിയിട്ടുള്ള 100 ശതമാനം ഇറക്കുമതി തീരുവ ഒഴിവാക്കുകയോ കുറയ്ക്കുകയോ ചെയ്യുന്നതും കേന്ദ്രസർക്കാരിന്റെ പരിഗണനയിലുണ്ട്. ആഭ്യന്തര വിപണിയിലേക്ക് കൂടുതല്‍ പഞ്ചസാര എത്തിച്ച് വില നിയന്ത്രിക്കുകയാണ് ഇപ്പോഴത്തെ ലക്ഷ്യം. ഏകദേശം ഒരു പതിറ്റാണ്ടിന് ശേഷമാണ് ഇന്ത്യ ആഭ്യന്തര ആവശ്യത്തിനായി പഞ്ചസാര ഇറക്കുമതി ചെയ്യുന്നതിനെക്കുറിച്ച് ഗൗരവമായി ആലോചിക്കുന്നത്.
ഓഗസ്റ്റ് ഏഴിന് ശേഷം ഏകദേശം 20 ശതമാനം വർദ്ധനയാണ് പഞ്ചസാര വിലയില്‍ ഉണ്ടായിരിക്കുന്നത്. രാജ്യത്തിന്റെ പല ഭാഗങ്ങളിലും പഞ്ചസാര വില 52 രൂപയില്‍ നിന്നും 62 രൂപയായി ഉയർന്നിട്ടുണ്ട്. കഴിഞ്ഞ 12 ദിവസത്തിനിടയിലാണ് വില ഇത്രയും ഉയർന്നത്. ഉല്പാദനം കുറഞ്ഞതും കരിമ്പ് വലിയ രീതിയില്‍ എഥനോള്‍ നിർമാണത്തിന് ഉപയോഗിച്ചതുമാണ് വില ഉയരുന്നതിനുള്ള പ്രധാനകാരണം. ഗണേശ ചതുർത്ഥി, ദസറ, ദീപാവലി തുടങ്ങിയ ആഘോഷങ്ങള്‍ അടുത്തെത്തുന്നതിനാല്‍ പഞ്ചസാരയുടെയും മധുരപലഹാരങ്ങളുടെയും ആവശ്യകത ഇനിയും ഉയരാനുള്ള സാദ്ധ്യതയാണുള്ളത്.
ക്രൂഡ് ഓയില്‍ ഇറക്കുമതിയെ ആശ്രയിക്കുന്നത് കുറയ്ക്കാനും പെട്രോളില്‍ 20 ശതമാനം എഥനോള്‍ കലർത്തുകയെന്ന ഇ20 ലക്ഷ്യം കൈവരിക്കാനുമാണ് സർക്കാർ എഥനോള്‍ ഉല്‍പ്പാദനം വർദ്ധിപ്പിക്കുന്നത്. ഇതിനായി രാജ്യത്ത് നിരവധി ഡിസ്റ്റിലറികള്‍ സ്ഥാപിച്ചിട്ടുണ്ട്. എഥനോള്‍ നിർമ്മാണത്തിന് ഉപയോഗിക്കുന്ന അസംസ്കൃത വസ്തുക്കളില്‍ 30 മുതല്‍ 35 ശതമാനം വരെ കരിമ്പില്‍ നിന്നുള്ളവയാണെന്നാണ് റിപ്പോർട്ടുകള്‍.
ഇതോടെ പഞ്ചസാര ഉല്‍പ്പാദനത്തിനായി ലഭിക്കേണ്ട കരിമ്പിന്റെ അളവില്‍ കുറവുണ്ടാകുന്നുവെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍.
