August 20, 2026

കൈക്കൂലി കേസില്‍ മുന്‍ എസ്.ഐക്ക് ഏഴ് വര്‍ഷം തടവ് ശിക്ഷ

Share

 

അമ്പലവയല്‍ : തമിഴ്‌നാട് ഗൂഡല്ലൂര്‍ സ്വദേശിയായ പരാതിക്കാരനെ കേസില്‍ പ്രതിയാക്കുമെന്ന് പറഞ്ഞ് ഭീക്ഷണിപ്പെടുത്തി, കേസില്‍ നിന്നും ഒഴിവാക്കുന്നതിന് 10,000 രൂപ കൈക്കൂലി വാങ്ങിയ വയനാട് പുല്‍പ്പള്ളി പോലീസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറുടെ ഓഫീസിലെ മുന്‍ അസിസ്റ്റന്റ് സബ്ബ് ഇന്‍സ്‌പെക്ടറും വയനാട് അമ്പലവയല്‍ സ്വദേശിയുമായ റെജി ജയിംസിനെ കുറ്റക്കാരനാണെന്ന് കണ്ടെത്തി തലശ്ശേരി വിജിലന്‍സ് കോടതി 7 വര്‍ഷം തടവിനും 50,000 രൂപ പിഴ ഒടുക്കുന്നതിനും ശിക്ഷിച്ചു.

 

2016 ല്‍ പരാതിക്കാരന്റെ ഒരു ബന്ധുവിനെ പ്രതിയാക്കി പുല്‍പ്പള്ളി പോലീസ് സ്‌റ്റേഷനില്‍ ഒരു കിഡ്‌നാപ്പിംഗ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. പുല്‍പ്പള്ളി പോലീസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറുടെ ഓഫീസില്‍ കേസുകള്‍ കൈകാര്യം ചെയ്തിരുന്ന അസിസ്റ്റന്റ് സബ്ബ് ഇന്‍സ്‌പെക്ടറായിരുന്ന റെജി ജയിംസ് ഈ കേസില്‍ പരാതിക്കാരനേയും കൂടി പ്രതിയാക്കുമെന്നും പറഞ്ഞ് ഭീക്ഷണിപ്പെടുത്തുകയും തുടര്‍ന്ന് പ്രതിയാക്കാതിരിക്കാന്‍ 30,000/ രൂപ കൈക്കൂലി ആവശ്യപ്പെടുകയും ചെയ്തിരുന്നു.

 

തുടര്‍ന്ന് കൈക്കൂലി തുകയുടെ ആദ്യ ഗഡുവായ 10,000രൂപ പരാതിക്കാരനില്‍ നിന്നും കൈപ്പറ്റിയ സമയം വയനാട് വിജിലന്‍സ് യൂണിറ്റ് റെജി ജയിംസിനെ കൈയ്യോടെ പിടികൂടിയിരുന്നു. ഈ കേസിലാണ് വയനാട് പുല്‍പ്പള്ളി പോലീസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറുടെ ഓഫീസിലെ മുന്‍ അസിസ്റ്റന്റ് സബ്ബ് ഇന്‍സ്‌പെക്ടറും വയനാട് അമ്പലവയല്‍ സ്വദേശിയുമായ റെജി ജയിംസിനെ കുറ്റക്കാരനെന്ന് കണ്ടെത്തി തലശ്ശേരി വിജിലന്‍സ് കോടതി ശിക്ഷിച്ചത്. വിവിധ വകുപ്പുകളിലായി 7 വര്‍ഷം തടവിനും 50,000 രൂപ പിഴ ഒടുക്കുന്നതിനുമാണ് ശിക്ഷിച്ചത്.

 

തലശ്ശേരി വിജിലന്‍സ് കോടതി ജഡ്ജ് കെ.രാമകൃഷ്ണന്‍ ആണ് വിധി പുറപ്പെടുവിച്ചത്. വിജിലന്‍സിനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ കെ.ബി അനൂപ് ഹാജരായി. വയനാട് വിജിലന്‍സ് യുണിറ്റിലെ മുന്‍ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ടുമാരായ കെ. കെ. മാര്‍ക്കോസ്, ആര്‍. ജയരാജ്, മുന്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ ഷാജി വര്‍ഗ്ഗീസ് എന്നിവരാണ് ഈ കേസിന്റെ അന്വേഷണം നടത്തിയത്.

 


Share
Copyright © All rights reserved. | Newsphere by AF themes.