രക്തസമ്മര്‍ദം പരിശോധിക്കുമ്പോള്‍ കൈകള്‍ എങ്ങനെ വച്ചിരിക്കുന്നു എന്നത്തിലും കാര്യമുണ്ട് ; പുതിയ പഠനം
ഏത് രോഗവുമായി ആശുപത്രിയിലെത്തിയാലും ഡോക്ടർമാർ രക്തസമ്മർദം പരിശോധിക്കുന്നത് സാധാരണമാണ്. എന്നാല്‍ ഇന്ന് ഡിജിറ്റല്‍ ബിപി മോണിറ്ററുകളുടെ സഹായത്തോടെ വീട്ടില്‍വെച്ചുതന്നെ രക്തസമ്മർദം പരിശോധിക്കുന്നവരുടെ എണ്ണവും വർധിച്ചിട്ടുണ്ട്. കൃത്യമായ റീഡിങ് ലഭിക്കാൻ ഉപകരണം മാത്രം മതിയാകില്ല. പരിശോധന നടത്തുന്ന രീതിയും പ്രധാനമാണ്. പ്രത്യേകിച്ച് രക്തസമ്മർദം അളക്കുമ്പോള്‍ കൈകള്‍ എങ്ങനെ വച്ചിരിക്കുന്നു എന്നത് പലരും ശ്രദ്ധിക്കാറില്ല.
എന്നാല്‍ അതില്‍ വലിയ കാര്യമുണ്ടെന്നാണ് പുതിയ പഠനം തെളിയിക്കുന്നത്. പരിശോധിക്കുന്ന സമയം കൈകള്‍ പല സ്ഥാനങ്ങളില്‍ വെക്കുന്നത് ഒരു പക്ഷേ നിങ്ങളുടെ രക്തസമ്മർദത്തിന്‍റെ അളവില്‍ വ്യത്യാസം വരുത്താം.
കൈകള്‍ മൂന്ന് വ്യത്യസ്തമായ സ്ഥാനങ്ങളില്‍ വെച്ച് നടത്തിയ പരിശോധനയില്‍ മൂന്ന് വ്യത്യസ്ത റീഡിങ്ങുകള്‍ രേഖപ്പെടുത്തിയതായി ജെഎഎംഎ ഇന്റേണല്‍ മെഡിസിൻ ട്രസ്റ്റഡ് സോഴ്സില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ വ്യക്തമാക്കുന്നു.നാല് മുതല്‍ ഏഴ് വരെ പോയിന്റുകളില്‍ വ്യത്യാസം രേഖപ്പെടുത്തിയതായി പഠനത്തില്‍ ചൂണ്ടിക്കാണിക്കുന്നു.
മേശ പോലുള്ള കട്ടിയുള്ള പ്രതലത്തില്‍ കൈകള്‍ വെച്ചുകൊണ്ട് പരിശോധിക്കുന്ന രക്തസമ്മര്‍ദം ഒരു വ്യക്തിയുടെ അയാളുടെ മടിയിലോ തൂക്കിയിടുമ്പോഴോ ഉള്ളതിനെക്കാള്‍ കുറവാണെന്ന് പഠനത്തില്‍ പറയുന്നു. യാഥാർഥത്തില്‍ ഒരു വ്യക്തിക്ക് രക്തസമ്മർദത്തിന്‍റെ നിരക്ക് 126 ആണെങ്കില്‍ ഇത്തരത്തില്‍ തെറ്റായി കൈകള്‍ വെക്കുന്നത് 130 ആയോ അതിന് മുകളിലായോ രേഖപ്പെടുത്താൻ കാരണമാകുന്നു. ഇത് അയാളെ 1 ഹൈപ്പർടെൻഷന്റെ വിഭാഗത്തില്‍ പെടുത്തും. രക്തസമ്മർദമുണ്ടെന്ന് തെറ്റിദ്ധരിക്കുക മാത്രമല്ല, അനാവശ്യ മരുന്നുകള്‍ കഴിക്കേണ്ടതായും വരും.
ഒരു വ്യക്തിയുടെ കൈകള്‍ മേശയോ കസേരയോ പോലുള്ള കഠിനമായ പ്രതലത്തില്‍ വിശ്രമിക്കുമ്പോള്‍ എടുക്കുന്ന രക്തസമ്മർദ്ദം ഏറ്റവും കൃത്യമായതെന്ന് ഗവേഷകർ പറയുന്നു. 18നും 80നും ഇടയില്‍ പ്രായമായ 133 പേരാണ് പഠനത്തിന്റെ ഭാഗമായത്. കൈകള്‍ മേശമേല്‍ വെച്ച്, കൈകള്‍ തൂക്കിയിട്ട്, കൈകള്‍ മടിയില്‍ വെച്ച് എന്നിങ്ങനെ മൂന്ന് വ്യത്യസ്ത സ്ഥാനങ്ങളില്‍ കൈകള്‍ വെച്ചാണ് പരിശോധന നടത്തിയത്. ഇതില്‍ കൈകള്‍ മേശമേല്‍ വെച്ച ശേഷം എടുത്ത റീഡിങ് ആണ് കൃത്യമെന്ന് ഗവേഷകർ കണ്ടെത്തി.
രക്തസമ്മർദ്ദം അളക്കുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക
രക്തസമ്മർദം പരിശോധിക്കുന്നതിന് 30 മിനിറ്റ് മുൻപ് കഫീൻ, പുകവലി, വ്യായാമം എന്നിവ ഒഴിവാക്കുക
ഹൃദയത്തിൻ്റെ മുകള്‍ ഭാഗത്തിന് സമാനമായി കൈകളുടെ മുകള്‍ ഭാഗത്ത് രക്തസമ്മർദം റീഡ് ചെയ്യുന്നതിനായി കഫ് സ്ഥാപിക്കുക
കസേരയില്‍ ഇരുന്നുകൊണ്ട് പാദങ്ങള്‍ നിലത്ത് തൊട്ട് ഇരിക്കുക.
