വായ്പ തിരിച്ചടവ് വൈകിയാല്‍ ഭീഷണി വേണ്ട ; ബാങ്കുകള്‍ക്കും റിക്കവറി ഏജൻസികള്‍ക്കും കര്‍ശന നിയന്ത്രണങ്ങളുമായി ആര്‍ബിഐ
വായ്പ തിരിച്ചടവുകളില്‍ വീഴ്ച വരുത്തുന്ന ഉപഭോക്താക്കളെ ബാങ്കുകളും റിക്കവറി ഏജൻസികളും (Loan Recovery Rules 2026) മാനസികമായി പീഡിപ്പിക്കുന്നതും ഭീഷണിപ്പെടുത്തുന്നതും തടയാൻ പുതിയ കർശന മാർഗ്ഗനിർദ്ദേശങ്ങള്‍ പുറപ്പെടുവിച്ച് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർ ബി ഐ). വായ്പ തിരിച്ചടവ് റിക്കവറി പ്രക്രിയകളില്‍ സുതാര്യതയും മാന്യതയും ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ് ആർ ബി ഐയുടെ ഈ ഇടപെടല്‍. 2027 ജനുവരി 1 മുതലാണ് പുതിയ നിയമങ്ങള്‍ നിലവില്‍ വരുന്നത്. (RBI issues strict loan recovery guidelines)
വായ്പ (Loan) എടുത്ത വ്യക്തികളുടെ വ്യക്തിസ്വാതന്ത്ര്യം, അന്തസ്സ്, സ്വകാര്യത എന്നിവ സംരക്ഷിക്കുക എന്നതാണ് ആർ ബി ഐ ഇതിലൂടെ ലക്ഷ്യമിടുന്നത്. റിക്കവറി ഏജൻസികളുടെ കടന്നുകയറ്റവും മോശം പെരുമാറ്റവും സംബന്ധിച്ച് വ്യാപകമായ പരാതികള്‍ ഉയർന്ന സാഹചര്യത്തിലാണ് ബാങ്കുകള്‍ക്ക് വ്യക്തമായ ഉത്തരവാദിത്തം നിശ്ചയിച്ചുകൊണ്ട് പുതിയ ഡയറക്ഷൻസ് പുറത്തിറക്കിയത്. മേയ് മാസത്തില്‍ പുറത്തുവിട്ട കരട് നിർദ്ദേശങ്ങളില്‍ വിവിധ പങ്കാളികളില്‍ നിന്ന് ലഭിച്ച അഭിപ്രായങ്ങള്‍ കൂടി പരിഗണിച്ചാണ് അന്തിമ ഉത്തരവ് തയ്യാറാക്കിയിരിക്കുന്നത്.
സന്ദർശന സമയത്തിനും പെരുമാറ്റത്തിനും നിയന്ത്രണം
വായ്പ എടുത്തവരെ ബന്ധപ്പെടുന്നതിനും സന്ദർശിക്കുന്നതിനും കൃത്യമായ സമയക്രമം ആർ ബി ഐ നിശ്ചയിച്ചിട്ടുണ്ട്. രാവിലെ 8:00 മണി മുതല്‍ വൈകുന്നേരം 7:00 മണി വരെ മാത്രമേ റിക്കവറി ഏജന്റുമാർക്ക് ഉപഭോക്താക്കളെ ഫോണില്‍ വിളിക്കാനോ നേരിട്ട് സന്ദർശിക്കാനോ അനുവാദമുള്ളൂ. ഉപഭോക്താവ് പ്രത്യേകം ആവശ്യപ്പെടുകയോ അനുമതി നല്‍കുകയോ ചെയ്താല്‍ മാത്രമേ ഈ സമയ പരിധിക്ക് പുറത്ത് ബന്ധപ്പെടാൻ പാടുള്ളൂ.
കൂടാതെ, ഉപഭോക്താവിന്റെ കുടുംബത്തില്‍ ഉണ്ടാകുന്ന മരണങ്ങള്‍, മെഡിക്കല്‍ എമർജൻസികള്‍ (Medical Emergencies), വിവാഹങ്ങള്‍ അല്ലെങ്കില്‍ സമാനമായ മറ്റ് അടിയന്തിര സാഹചര്യങ്ങള്‍ എന്നിവയുള്ളപ്പോള്‍ റിക്കവറി ഏജന്റുമാർ ഉപഭോക്താക്കളെ ബന്ധപ്പെടുന്നത് പൂർണ്ണമായും ഒഴിവാക്കണമെന്നും നിർദ്ദേശമുണ്ട്. ഉപഭോക്താവ് തിരഞ്ഞെടുക്കുന്ന സ്ഥലത്തുവെച്ചായിരിക്കണം ചർച്ചകള്‍ നടത്തേണ്ടത്. നല്‍കിയ സ്ഥലത്ത് ഉപഭോക്താവ് തുടർച്ചയായി രണ്ട് തവണയില്‍ കൂടുതല്‍ ഹാജരാകാതിരുന്നാല്‍ മാത്രമേ താമസസ്ഥലത്തോ ജോലിസ്ഥലത്തോ സന്ദർശനം നടത്താവൂ.വിലക്കപ്പെട്ട റിക്കവറി രീതികള്‍
റിക്കവറി പ്രക്രിയയില്‍ Harsh Methods അഥവാ കഠിനമായ മാർഗ്ഗങ്ങള്‍ ഉപയോഗിക്കുന്നത് പൂർണ്ണമായും നിരോധിച്ചിട്ടുണ്ട്. ഭീഷണിപ്പെടുത്തല്‍, അധിക്ഷേപകരമായ ഭാഷ ഉപയോഗിക്കല്‍, സോഷ്യല്‍ മീഡിയ വഴി വ്യക്തിഗത വിവരങ്ങളോ വീഡിയോകളോ ശബ്ദരേഖകളോ പ്രചരിപ്പിക്കല്‍, ഫോണിലൂടെയും സോഷ്യല്‍ മീഡിയയിലൂടെയും അനാവശ്യ സന്ദേശങ്ങള്‍ അയക്കല്‍ എന്നിവ കുറ്റകരമാണ്.
അജ്ഞാത നമ്പറുകളില്‍ നിന്നുള്ള ഭീഷണി കോളുകള്‍, ഉപഭോക്താവിന്റെ കുടുംബാംഗങ്ങള്‍, ബന്ധുക്കള്‍, സുഹൃത്തുക്കള്‍, സഹപ്രവർത്തകർ എന്നിവരെ ശല്യം ചെയ്യല്‍, പരസ്യമായി അപമാനിക്കല്‍, വസ്തുവകകള്‍ക്കോ പ്രശസ്തിക്കോ കേടുപാടുകള്‍ വരുത്തുമെന്ന ഭീഷണി, കടത്തെക്കുറിച്ച് തെറ്റായ വിവരങ്ങള്‍ നല്‍കല്‍ എന്നിവയും കർശനമായി വിലക്കിയിട്ടുണ്ട്.
മുൻകൂട്ടി അറിയിപ്പും ഐഡന്റിറ്റിയും നിർബന്ധം
റിക്കവറി ഏജൻസികള്‍ ആദ്യമായി നേരിട്ട് സന്ദർശിക്കുന്നതിന് കുറഞ്ഞത് ഒരു ദിവസം മുമ്പെങ്കിലും ബാങ്കുകള്‍ ഉപഭോക്താവിനെ വിവരമറിയിക്കണം. ഏജൻസിയെ മാറ്റുകയോ കരാർ അവസാനിപ്പിക്കുകയോ ചെയ്താല്‍ ആ വിവരവും ഉപഭോക്താവിനെ അറിയിക്കേണ്ടതുണ്ട്. എല്ലാ ബാങ്കുകളും തങ്ങളുടെ വെബ്സൈറ്റില്‍ അംഗീകൃത റിക്കവറി ഏജൻസികളുടെ പട്ടിക പ്രസിദ്ധീകരിക്കണം.
സന്ദർശന സമയത്ത് ഏജന്റുമാർ ഐഡന്റിറ്റി കാർഡും ബാങ്ക് നല്‍കിയ ആധികാരികത പത്രവും (Authorisation Letter) കയ്യില്‍ കരുതണം. ഇതില്‍ പരാതി പരിഹാര ഓഫീസറുടെ വിവരങ്ങളും ഉള്‍പ്പെടുത്തണം. കൂടാതെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിംഗ് ആൻഡ് ഫിനാൻസ് (ഐ ഐ ബി എഫ്) നടത്തുന്ന പരിശീലനം പൂർത്തിയാക്കിയവരെ മാത്രമേ റിക്കവറി ഏജന്റുമാരായി നിയമിക്കാവൂ.ഫോണ്‍ കോളുകള്‍ റെക്കോർഡ് ചെയ്യും, നഷ്ടപരിഹാരവും നല്‍കണം
റിക്കവറി സംബന്ധിച്ച എല്ലാ ഫോണ്‍ സംഭാഷണങ്ങളും ബാങ്കുകള്‍ റെക്കോർഡ് ചെയ്യുകയും ആറ് മാസത്തേക്ക് സൂക്ഷിക്കുകയും വേണം. കേസ് കോടതിയിലാണെങ്കില്‍ നടപടികള്‍ പൂർത്തിയാകുന്നതുവരെ റെക്കോർഡിംഗ് സൂക്ഷിക്കണം. സംസാരിക്കുന്നത് റെക്കോർഡ് ചെയ്യുന്നുണ്ടെന്ന വിവരം ഉപഭോക്താവിനെ അറിയിക്കുകയും വേണം.
മാർഗ്ഗനിർദ്ദേശങ്ങള്‍ ലംഘിച്ച് റിക്കവറി നടപടികള്‍ ഉണ്ടാകുകയും അതിലൂടെ ഉപഭോക്താവിനോ ജാമ്യക്കാരനോ നഷ്ടമുണ്ടാകുകയും ചെയ്താല്‍ നഷ്ടപരിഹാരം (Compensation) നല്‍കാനുള്ള വ്യവസ്ഥകള്‍ ബാങ്കുകളുടെ പോളിസിയില്‍ ഉള്‍പ്പെടുത്തണം. പരാതികള്‍ പരിഹരിക്കുന്നതിനായി ബാങ്കുകളില്‍ പ്രത്യേക പരാതി പരിഹാര സംവിധാനവും ഉണ്ടാകും. ഇതിന്റെ വിവരങ്ങള്‍ ലോണ്‍ അഗ്രിമെന്റില്‍ തന്നെ ഉള്‍പ്പെടുത്തേണ്ടതുണ്ട്.
