പ്ലസ്‌വൺ : രണ്ടാം സപ്ലിമെന്ററി അലോട്മെന്റ് അപേക്ഷ നാളെ നാലുവരെ
പ്ലസ് വൺ രണ്ടാം സപ്ലിമെന്ററി അലോട്മെന്റിന് ശനിയാഴ്ച വൈകീട്ട് നാലുവരെ അപേക്ഷിക്കാം. ഓരോ സ്കൂളിലും ഒഴിവുള്ള സീറ്റിൻ്റെ വിശദാംശം ഹയർ സെക്കൻഡറി വകുപ്പിന്റെ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. നേരത്തേ അപേക്ഷിച്ചിട്ടും അലോട്മെന്റ്റ് ലഭിക്കാത്തവർ പുതിയ ഓപ്ഷൻ ചേർത്ത് അപേക്ഷ പുതുക്കണം. ഇതുവരെ അപേക്ഷിക്കാത്തവർക്ക് പുതിയ അപേക്ഷ നൽകാം.
അപേക്ഷയിലെ പിഴവുതിരുത്താനും അവസരമുണ്ട്. യോഗ്യതാ പരീക്ഷയുടെ സ്കീം, രജിസ്റ്റർ നമ്പർ, ജയിച്ചവർഷം തുടങ്ങിയ അടിസ്ഥാനവിവരങ്ങളിലെ പിശകാണു തിരുത്താനാകുക.
പിഴവു തിരുത്തുന്നതിനൊപ്പം സീറ്റൊഴിവിന്റെ അടിസ്ഥാനത്തിൽ ഓപ്ഷൻ നൽകിവേണം അപേക്ഷ സമർപ്പിക്കാൻ. നിലവിൽ ഏതെങ്കിലും ക്വാട്ടയിൽ പ്രവേശനം നേടിയവർ, അലോട്മെന്റ് ലഭിച്ചിട്ടും പ്രവേശനം നേടാത്തവർ, ഏതെങ്കിലും ക്വാട്ടയിൽ പ്രവേശനം നേടിയശേഷം ടി.സി. വാങ്ങിയവർ എന്നിവർക്ക് ഈ ഘട്ടത്തിൽ അപേക്ഷിക്കാനാകില്ല. തിങ്കളാഴ്ച രാവിലെമുതൽ പ്രവേശനം സാധ്യമാകുന്ന വിധത്തിൽ രണ്ടാം സപ്ലിമെന്ററി അലോട്മെന്റ് പ്രസിദ്ധപ്പെടുത്തും.
