വാണിജ്യ അളവില്‍ എം.ഡി.എം.എ കടത്താൻ ശ്രമിച്ച ബൈക്ക് യാത്രികന്‍ പിടിയില്‍ : പിടിയിലായത് അന്തർസംസ്ഥാന ലഹരിക്കടത്ത് സംഘത്തിലെ മുഖ്യകണ്ണി
അമ്പലവയല്‍ : തമിഴ്നാട് അതിര്‍ത്തിയില്‍ പോലീസിന്റെ വന്‍ രാസലഹരി വേട്ട. വാണിജ്യ അളവില്‍ എം.ഡി.എം.എയുമായി ബൈക്ക് യാത്രികനെ പിടികൂടി.
കോട്ടൂരില്‍ നടത്തിയ പരിശോധനയില്‍ കല്‍പ്പറ്റ, മുണ്ടേരി, താന്നിക്കല്‍ വീട്ടില്‍ വേണുഗോപാല്‍(35)നെയാണ് ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡും അമ്പലവയല്‍ പോലീസും ചേര്‍ന്ന് പിടികൂടിയത്. ഇയാളില്‍ നിന്ന് 124.39 ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തു. ലഹരികേസില്‍ ജയിലില്‍ നിന്നിറങ്ങിയ ശേഷം വീണ്ടും ലഹരികടത്തുകയായിരുന്നു. ഇയാൾ മുൻപ് നിരവധി ലഹരിക്കേസുകളിൽ പ്രതിയും സ്ഥിരം ലഹരി വില്‍പ്പനക്കാരനുമാണ്.
20.07.2026 തീയതി ഉച്ചയോടെ കോട്ടൂര്‍ പാലത്തിന് സമീപം നടത്തിയ വാഹനപരിശോധനയിലാണ് ഇയാള്‍ വലയിലാകുന്നത്. തമിഴ്‌നാട്, എരുമാട് ഭാഗത്ത് നിന്നും ഇയാള്‍ ഓടിച്ചു വന്ന കെ.എല്‍. 57 യു 3031 നമ്പര്‍ ഡോമിനര്‍ ബൈക്ക് പോലീസ് തടഞ്ഞുനിര്‍ത്തി പരിശോധന നടത്തുകയായിരുന്നു. പാന്റിന്റെ പോക്കറ്റില്‍ നിന്നാണ് ലഹരി കണ്ടെടുത്തത്. പോലീസ് സംഘത്തില്‍ എസ്.ഐമാരായ എം. രവീന്ദ്രന്‍, വി.ജെ. എല്‍ദോ, എ.എസ്.ഐ സനല്‍, സി.പി.ഒ മുഹമ്മദ് അന്‍സാരി തുടങ്ങിയവരുണ്ടായിരുന്നു.
