ഐസിസി ടി20 റാങ്കിങ് ! ഒന്നാം സ്ഥാനം തിരിച്ചുപിടിച്ച് ഇന്ത്യ
അയര്‍ലന്‍ഡ്-ഇംഗ്ലണ്ട് പര്യടനങ്ങളിലെ നിരാശാജനകമായ പ്രകടനങ്ങള്‍ക്ക് ശേഷം ഐസിസി ടി20 റാങ്കിംഗില്‍ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് ടീം. സിംബാബ്വെക്കെതിരായ പരമ്പരയിലെ മൂന്നു മത്സരങ്ങളും വിജയിച്ചാണ് ഇന്ത്യ ഈ അഭിമാനാർഹമായ നേട്ടം സ്വന്തമാക്കിയത്.
സിംബാബ്വേയ്ക്കെതിരെ ഇന്നലെ നടന്ന മൂന്നാം ടി20യിലും ഇന്ത്യ മികച്ച വിജയം നേടി. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 192/5 എന്ന സ്കോര്‍ നേടിയപ്പോള്‍ സിംബാബ്വേ 157/7 എന്ന സ്കോറിലൊതുങ്ങുകയായിരുന്നു. ഇതോടെ 35 റണ്‍സ് വിജയം കരസ്ഥമാക്കിയ ഇന്ത്യ പരമ്പര തൂത്തുവാരി.
ഓപ്പണിംഗില്‍ വൈഭവ് സൂര്യവന്‍ഷി 49 പന്തില്‍ 81 റണ്‍സ് നേടിയപ്പോള്‍ ഇഷാന് കിഷന് (29), ശ്രേയസ്സ് അയ്യര്‍ (27), റിങ്കു സിംഗ് (25) എന്നിവരാണ് മറ്റു പ്രധാന സ്കോറര്‍മാര്‍. സിംബാബ്വേയ്ക്ക് വേണ്ടി ബ്രാഡ് ഇവാന്‍സ് 2 വിക്കറ്റ് നേടി. ഇന്ത്യയ്ക്കായി ബൗളിംഗില്‍ മയാംഗ് യാദവ് മൂന്നും യഷ് താക്കൂര്‍ 2 വിക്കറ്റും നേടിയപ്പോള്‍ സിംബാബ്വേ ബാറ്റിംഗില്‍ 54 റണ്‍സുമായി പുറത്താകാതെ നിന്ന റയാന് ബര്ള് ടോപ് സ്കോറര്‍ ആയി. വെസ്ലി മാധ്വേരേ 28 റണ്‍സ് നേടിയപ്പോള്‍ ബെന്‍ കറന് 20 റണ്‍സും ഡിയോണ്‍ മയേഴ്സ് 19 റണ്‍സും നേടി.
ഇംഗ്ലണ്ടിനെതിരായ പരമ്പരയിലെ തോല്‍വിയെത്തുടര്‍ന്ന് 1,605 ദിവസത്തോളം കൈവശം വെച്ചിരുന്ന ഒന്നാം സ്ഥാനം ഇന്ത്യക്ക് നഷ്ടമായിരുന്നു. എന്നാല്‍ പുതിയ ക്യാപ്റ്റന്‍ ശ്രേയസ് അയ്യറിന് കീഴില്‍ മികച്ച തിരിച്ചുവരവാണ് ടീം നടത്തിയത്. സിംബാബ്വെക്കെതിരായ മത്സരങ്ങളില്‍ ബാറ്റിങ് നിരയും ബൗളിങ് നിരയും ഒരുപോലെ തിളങ്ങി. ആദ്യ മത്സരത്തില്‍ കൗമാര താരം വൈഭവ് സൂര്യവംശി അര്‍ധ സെഞ്ച്വറിയുമായി കരുത്തുകാട്ടിയപ്പോള്‍, രണ്ടാം മത്സരത്തില്‍ ഇഷാന് കിഷൻ (44 പന്തില്‍ 81), ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍, പുറത്താകാതെ 60 റണ്‍സ് നേടിയ തിലക് വര്‍മ്മ എന്നിവരുടെ മികവില്‍ ഇന്ത്യ 219 റണ്‍സെന്ന വലിയ സ്കോര്‍ പടുത്തുയർത്തി. തുടർന്ന് കൃത്യതയാർന്ന ബോളിംഗിലൂടെ സിംബാബ്വെയെ 129 റണ്‍സിന് എറിഞ്ഞിടാനും ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് സാധിച്ചു.
ഈ വിജയം ഇന്ത്യന്‍ ടീമിന്റെ ആത്മവിശ്വാസം ഇരട്ടിപ്പിക്കുന്നതിനോടൊപ്പം ടി20 ക്രിക്കറ്റിലെ തങ്ങളുടെ ആധിപത്യം ഒരിക്കല്‍ കൂടി ലോകത്തിന് മുന്നില്‍ ഉറപ്പിക്കാനും സഹായിച്ചു.
