പൊരുതി ജയിച്ച് അര്‍ജന്റീന, രക്ഷകനായി അല്‍വാരസ്; സ്വിറ്റ്സര്‍ലൻഡിനെ മറികടന്ന് നീലപ്പട സെമിയില്‍
ഫിഫ ലോകകപ്പ് 2026ല്‍ അർജന്റീന സെമിയില്‍. ക്വാർട്ടറില്‍ 3-1ന് സ്വിറ്റ്സർലൻഡിനെ തോല്‍പ്പിച്ചാണ് അർജന്റീന സെമിയിലേക്കെത്തുന്നത്.
നിശ്ചിത സമയത്ത് 1-1 സമനില പങ്കിട്ടതിന് ശേഷം എക്സ്ട്രാ ടെെമിന്റെ രണ്ടാം പകുതിയില്‍ ജുലിയൻ അല്‍വാരസിന്റെ മനോഹര ഗോളിലാണ് അർജന്റീന ലീഡെടുത്തത്. ലൗട്ടാറോ മാർട്ടിനെസിന്റെ ഗോളിലൂടെ ലീഡുയർത്തി കരുത്തോടെ അർജന്റീനക്ക് സെമിയിലെത്താനായി. സെമിയില്‍ ഇംഗ്ലണ്ടാണ് അർജന്റീനയുടെ എതിരാളികള്‍.
4-1-3-2 ഫോർമേഷനില്‍ ഇറങ്ങിയ അർജന്റീനയെ 4-2-3-1 ഫോർമേഷനിലാണ് സ്വിറ്റ്സർലൻഡ് നേരിടാനിറങ്ങിയത്. 72 വർഷത്തിന് ശേഷം ലോകകപ്പ് ക്വാർട്ടർ ഫെെനല്‍ കളിക്കുന്ന സ്വിറ്റ്സർലൻഡിന്റെ മുന്നേറ്റമാണ് ആദ്യ സമയത്ത് കാണാനായത്. ആറാം മിനുട്ടില്‍ സ്വിറ്റ്സർലൻഡിന്റെ മുന്നേറ്റം. ഡിജ്ബ്രില്‍ സോയുടെ ഷോട്ട് ദുർബലമായി. ഏഴാം മിനുട്ടില്‍ സ്വിസ് താരം ഗ്രാനിറ്റ് സാക്കയുടെ ലോങ് ഷോട്ട് അപകടം വിതക്കാതെ പോസ്റ്റിന് ഏറെ മുകളിലൂടെ പോയി.
9ാം മിനുട്ടില്‍ അലക്സിസ് മാക് അലിസ്റ്റർ നേരിട്ടുള്ള ഷോട്ടിലൂടെ വലതുളക്കാൻ ശ്രമം. എന്നാല്‍ പ്രതിരോധത്തില്‍ തട്ടി തകർന്നു. ലയണല്‍ മെസിയുടെ കോർണർ സ്വിസ് താരത്തിന്റെ തലയില്‍ തട്ടി പുറത്തേക്ക്. വീണ്ടും അർജന്റീനക്ക് കോർണർ. ഇത്തവണത്തെ മെസിയുടെ കോർണർ പിഴച്ചില്ല. 10ാം മിനുട്ടില്‍ ബോക്സിലേക്കെത്തിയ കോർണറിനെ മികച്ച ഹെഡറിലൂടെ അലക്സിസ് മാക് അലിസ്റ്റർ വലകുലുക്കി.
15ാം മിനുട്ടില്‍ മെസിയുടെ മുന്നേറ്റം. എന്നാല്‍ ബോക്സിന് തൊട്ട് പുറത്തുവെച്ച് പന്തിന്റെ നിയന്ത്രണം നഷ്ടമായി. 20ാം മിനുട്ടില്‍ ഡിജ്ബ്രില്‍ ഷോയുടെ ലോങ് ഷോട്ട് അർജന്റീന ഗോളി എമിലിയാനോ മാർട്ടിനെസ് അനായാസം കെെപ്പിടിയിലാക്കുന്നു. മികച്ച മുന്നേറ്റങ്ങള്‍ സ്വിസ് താരങ്ങള്‍ നടത്തുന്നുണ്ടെങ്കിലും ഫിനിഷിങ്ങില്‍ പാളിച്ച പറ്റുന്നു. പന്തടക്കത്തില്‍ രണ്ട് ടീമും ഏറെക്കുറെ തുല്യത പുലർത്തിയാണ് മുന്നോട്ട് പോകുന്നത്.
31ാം മിനുട്ടില്‍ സ്വിസ് താരം ബ്രസീല്‍ എംബോളോയുടെ മുന്നേറ്റം. ഗോളിലേക്കെത്തുമെന്ന് തോന്നിച്ചെങ്കിലും മുന്നോട്ട് കയറി തടുത്ത് ഗോളി എമിലിയാനോ മാർട്ടിനെസ് അർജന്റീനയെ രക്ഷപെടുത്തുന്നു.
34ാം മിനുട്ടില്‍ സാക്ക ബോക്സിലേക്ക് നല്‍കിയ മികച്ച ക്രോസ്. എന്നാല്‍ അർജന്റീനയെ രക്ഷിച്ച് മൊളീനോ ആ പന്തിനെ ഹെഡ് ചെയ്ത് അകറ്റുന്നു.
36ാം മിനുട്ടില്‍ സ്വിസ് താരം ഫാബിയൻ റീഡറിന്റെ ഫ്രീകിക്ക് ബോക്സിലേക്കെത്തിയെങ്കിലും എമിലിയാനോ മാർട്ടിനസ് തട്ടിയകറ്റുന്നു. 39ാം മിനുട്ടില്‍ സ്വിസ് താരം ഡെനിസ് സക്കറിയയുടെ മുന്നേറ്റം. പക്ഷെ അതൊരു ഫൗളായി മാറുന്നു. 40ാം മിനുട്ടില്‍ മെസിയുടെ മുന്നേറ്റം. ബോക്സിലേക്ക് പന്തെത്തിയെങ്കിലും ലക്ഷ്യത്തിലേക്കെത്തുന്നില്ല. 42ാം മിനുട്ടില്‍ സ്വിറ്റ്സർലൻഡിന് അനുകൂലമായി ഫ്രീകിക്ക്.
പക്ഷെ ഷോട്ട് പുറത്തേക്ക്. 44ാം മിനുട്ടില്‍ ഫൗള്‍ ചെയ്തതിന് സ്വിസ് താരം ബ്രീല്‍ എംബോളോക്ക് മഞ്ഞക്കാർഡ്. ആദ്യ പകുതിക്ക് വിസില്‍ മുഴങ്ങിയപ്പോള്‍ 1-0ന് അർജന്റീന മുന്നില്‍. രണ്ടാം പകുതിയുടെ തുടക്കവും മികച്ച ആക്രമണമാണ് കണ്ടത്. 48ാം മിനുട്ടില്‍ സ്വിറ്റ്സർലൻഡിന് ഫ്രീകിക്ക്. ബോക്സിലേക്ക് ക്രോസ് നല്‍കിയെങ്കിലും മുതലാക്കാനാവാതെ പോകുന്നു. 50ാം മിനുട്ടില്‍ മോളിനയുടെ ഷോട്ട് ലക്ഷ്യത്തിലേക്കെത്തുന്നില്ല.
ബ്രീല്‍ എംബോളോയുടെ മുന്നേറ്റം. ഗോളെന്നുറപ്പിച്ച ഷോട്ട് തടുക്കപ്പെട്ടു. 52ാം മിനുട്ടില്‍ ജുലിയൻ അല്‍വാരസിന്റെ ഷോട്ട് പ്രതിരോധം തടുത്തു. കോർണർ കിക്കില്‍ നിന്ന് എൻസോ ഫെർണാണ്ടസിന്റെ ഷോട്ട് സ്വിസ് പോസ്റ്റിന് പുറത്തേക്ക്. 58ാം മിനുട്ടില്‍ അർജന്റീനയുടെ ലിയാൻഡ്രോ പാരഡെസിന് ഫൗളേക്കുന്നു.
60ാം മിനുട്ടില്‍ ബോക്സിലേക്കെത്തിയ ക്രോസില്‍ നിന്ന് ബ്രീല്‍ എംബോളോയുടെ ഹെഡർ എമിലിയാനോ മാർട്ടിനെസ് സേവ് ചെയ്തു. 63ാം മിനുട്ടില്‍ ഡാൻ എൻഡോയേയുടെ മുന്നേറ്റം. എന്നാല്‍ മൊളീന പ്രതിരോധിച്ചു. സ്വിറ്റ്സർലൻഡിന് അനുകൂലമായി കോർണർ ലഭിച്ചെങ്കിലും മുതലാക്കാനായില്ല. 65ാം മിനുട്ടില്‍ ഡാൻ എൻഡോയെ അർജന്റീന ബോക്സിലേക്ക് ഹെഡർ.
പക്ഷെ എമിലിയാനോ മാർട്ടിനെസ് സേവ് ചെയ്തു. ഗ്രാനിറ്റ് സാക്കയുടെ ലോങ് ഷോട്ടും മാർട്ടിനെസ് മനോഹരമായി സേവ് ചെയ്ത് രക്ഷപെടുത്തുന്നു.
ഒടുവില്‍ 68ാം മിനുട്ടില്‍ സ്വിറ്റ്സർലൻഡ് ഗോള്‍ മടക്കുന്നു. ഡാൻ എൻഡോയേയുടെ ഷോട്ട് അർജന്റീന പോസ്റ്റിലേക്ക്. എമിലിയാനോ മാർട്ടിനെസിന്റെ കാലിന്റെ ഇടയിലൂടെയാണ് പന്ത് പോസ്റ്റിലേക്കെത്തിയത്.
72ാം മിനുട്ടില്‍ ബ്രീല്‍ എംബോളോ റെഡ് കാർഡ് കണ്ട് പുറത്ത്. ഇതോടെ സ്വിസ് ടീം 10 പേരായി ചുരുങ്ങി. ലിയാൻഡ്രോ പാരഡെസിന് ഫൗളിന് മഞ്ഞക്കാർഡ് ലഭിച്ചു. ഇത് വാർ പരിശോധനയിലൂടെ റഫറി പുനപരിശോധിച്ചപ്പോള്‍ എംബോളോ ഫൗളേല്‍ക്കാതെയാണ് വീണത് എന്ന് വ്യക്തം. അഭിനയിച്ച് തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചതിന് എംബോളോക്ക് രണ്ടാം മഞ്ഞക്കാർഡ് ലഭിക്കുകയും ഇതോടെ ചുവപ്പ് കാർഡ് കണ്ട് പുറത്താവുകയും ചെയ്തു.
85ാം മിനുട്ടില്‍ മെസിയുടെ ഗോള്‍ശ്രമം സ്വിസ് ഗോളി തടുത്തു. പിന്നാലെ ഇത് ഓഫ്സെെഡും വിധിച്ചു. ഇഞ്ചുറി ടെെമിന്റെ ആദ്യ മിനുട്ടില്‍ അർജന്റീനക്ക് കോർണർ. ബോക്സിന് പുറത്ത് നിന്ന് മെസിയുടെ വലം കാല്‍ ഷോട്ട് പോസ്റ്റിന് തൊട്ടടുത്തുകൂടി പുറത്തേക്ക്.
ഇഞ്ചുറി ടെെമിന്റെ മൂന്നാം മിനുട്ടില്‍ നിക്കോയുടെ ഷോട്ട് സ്വിസ് പോസ്റ്റിന് അപകടമില്ലാതെ പുറത്തേക്ക്. ഏഴാം മിനുട്ടില്‍ അർജന്റീനയുടെ കോർണറില്‍ നിന്ന് ലിസാൻഡ്രോ മാർട്ടിനെസിന്റെ മനോഹര ശ്രമം സ്വിസ് ഗോളി അതിലും മനോഹരമായി തടുത്തു. നിശ്ചിത സമയത്ത് ഇരു ടീമും 1-1 സമനിലയിലായതോടെ മത്സരം എക്സ്ട്രാ ടെെമിലേക്ക്.
എക്സ്ട്രാ ടെെമിന്റെ ആദ്യ മിനുട്ടില്‍ത്തന്നെ അർജന്റീന മുന്നേറ്റം. എന്നാല്‍ പ്രതിരോധിക്കപ്പെട്ടു. 92ാം മിനുട്ടില്‍ അല്‍മാഡയുടെ പോസ്റ്റിലേക്കുള്ള ഷോട്ട് സ്വിസ് ഗോളി തടുക്കുന്നു. 94ാം മിനുട്ടിലും അല്‍മാഡയുടെ ഷോട്ട്. എന്നാല്‍ പന്ത് പോസ്റ്റിന് പുറത്തേക്ക്. 99ാം മിനുട്ടില്‍ സ്വിസ് നായകൻ ഗ്രാനിറ്റ് സാക്കയുടെ ലോങ് ഷോട്ട് പോസ്റ്റിന് പുറത്തേക്ക് പോയി.
102ാം മിനുട്ടില്‍ ബോക്സിന് പുറത്തുവെച്ച് മെസിയെ ഫൗള്‍ ചെയ്തതിന് അർജന്റീനക്ക് ഫ്രീകിക്ക്. എന്നാല്‍ മെസിയുടെ ഫ്രീകിക്ക് പ്രതിരോധത്തെ മറികടന്നില്ല. 105ാം മിനുട്ടില്‍ 25 വാര അകലെ നിന്ന് അർഡോൻ ജഷാരിയുടെ ഷോട്ട് അർജന്റീന പോസ്റ്റിന്റെ മുകളിലൂടെ പോയി. 110ാം മിനുട്ടില്‍ മെസി ബോക്സിലേക്ക് ക്രോസ് നല്‍കിയെങ്കിലും നേരെ സ്വിസ് ഗോളിയുടെ കെെയിലേക്ക്.
111ാം മിനുട്ടില്‍ മെസിയുടെ ഷോട്ട് ഗോളി സേവ് ചെയ്തു. 112ാം മിനുട്ടില്‍ അർജന്റീന മുന്നിലെത്തി. ജുലിയൻ അല്‍വാരസാണ് വലകുലുക്കിയത്. അല്‍വാരസിന്റെ അതിമനോഹരമായ ഷോട്ട് പോസ്റ്റിന്റെ മൂലയിലേക്ക് പറന്ന് കയറി. അവസാന സമയത്ത് ഒപ്പമെത്താൻ സ്വിസർലൻഡിന്റെ ശ്രമങ്ങള്‍. പക്ഷെ ഫലം കാണുന്നില്ല. 121ാം മിനുട്ടില്‍ ലൗറ്റാരോ മാർട്ടിനെസിന്റെ ഗോളിലൂടെ മൂന്നാം ഗോളും അക്കൗണ്ടില്‍ ചേർത്ത് അർജന്റീന വിജയവും സെമി ടിക്കറ്റും നേടി..
