മലയാളികളുടെ ബീഫ് പ്രേമം കുറഞ്ഞേക്കും ; വില 360 രൂപയില്‍ നിന്ന് 460 രൂപയിലേക്ക്
മലബാർ മേഖലയില്‍ ഈ മാസം 15 മുതല്‍ ബീഫിന് വില വർധിക്കും. ഓള്‍ കേരള മീറ്റ് മർച്ചന്റ്സ് അസോസിയേഷൻ ജില്ലാ ജനറല്‍ ബോഡി യോഗമാണ് വില കൂട്ടാൻ തീരുമാനിച്ചത്. പുതുക്കിയ നിരക്കനുസരിച്ച് എല്ലുള്ള ബീഫിന് കിലോയ്ക്ക് 400 രൂപയും (പഴയ വില 340) എല്ലില്ലാത്തതിന് കിലോയ്ക്ക് 460 രൂപയും (പഴയ വില 360) ആകും.
കേരളത്തിലും അയല്‍ സംസ്ഥാനങ്ങളിലും കന്നുകാലികള്‍ക്ക് വില കൂടിയതാണ് ഇറച്ചിവില വർധിക്കാൻ പ്രധാന കാരണം. കൂടാതെ മാംസ വ്യാപാര മേഖലയിലെ ഉപോത്പന്നങ്ങളായ തുകല്‍, എല്ല്, നെയ്യ് എന്നിവയ്ക്കുണ്ടായ വിലയിടിവും തിരിച്ചടിയായി. മറ്റ് ജില്ലകളിലും സാഹചര്യത്തിനനുസരിച്ച് വില കൂടും. നിലവില്‍ തെക്കൻ കേരളത്തില്‍ പലയിടത്തും 520 മുതല്‍ 600 രൂപ വരെയാണ് ബീഫ് വില.
അതേസമയം, ട്രോളിങ് നിരോധനവും കനത്ത മഴയും കാരണം മത്സ്യലഭ്യത കുറഞ്ഞതോടെ സംസ്ഥാനത്ത് മീൻവിലയും കുത്തനെ ഉയർന്നിട്ടുണ്ട്.
