പാത്രങ്ങളിൽ തുരുമ്പ് പിടിക്കുന്നുണ്ടോ …? വെറുതേ കഴുകിയാല്‍ മാത്രം പോര, വൃത്തിയാകാൻ ചെയ്യേണ്ടത്
എത്ര വൃത്തിയായി സൂക്ഷിച്ചാലും അടുക്കളയിലെ പാത്രങ്ങള്‍ തുരുമ്പ് പിടിക്കുന്നത് സ്വാഭാവികമാണ്. ധാരാളം ഉപയോഗിക്കുന്ന പാത്രങ്ങളില്‍ മാത്രമല്ല, ഉപയോഗിക്കാതെ സൂക്ഷിച്ചുവയ്‌ക്കുന്ന പാത്രങ്ങളിലും ഈ പ്രശ്‌നം വരാറുണ്ട്. വിശേഷാവസരങ്ങളില്‍ ഉപയോഗിക്കാനായി എടുക്കുമ്പോഴാകും ഈ പാത്രങ്ങളിലെ തുരുമ്പ് ശ്രദ്ധയില്‍പ്പെടുന്നത്. ഇത് മാറ്റാനായി ചെയ്യാവുന്ന ചില മാർഗങ്ങള്‍ അറിഞ്ഞിരിക്കൂ.
ഉപയോഗശേഷം പാത്രങ്ങള്‍ എത്രയും വേഗം കഴുകി വൃത്തിയാക്കാൻ ശ്രമിക്കുക. പാകം ചെയ്‌ത ശേഷം ചൂടുവെള്ളത്തില്‍ മുക്കി വയ്‌ക്കുകയാണെങ്കില്‍ സ്റ്റീല്‍ പാത്രം പെട്ടെന്ന് തുരുമ്പെടുക്കില്ല. ഉടൻ കഴുകാൻ സമയം ലഭിച്ചില്ലെങ്കില്‍ ഈ മാർഗം സ്വീകരിക്കുക. തുരുമ്പെടുത്ത പാത്രങ്ങള്‍ വിനാഗിരിയോ നാരങ്ങാനീരോ പുരട്ടി കഴുകുന്നത് തുരുമ്പിനെ അലിയിക്കാൻ സഹായിക്കും.ഉണക്കി സൂക്ഷിക്കുക
കഴുകിയ ശേഷം പാത്രം എപ്പോഴും നന്നായി ഉണക്കി സൂക്ഷിക്കുക. അഴുക്കിന്റെ അംശം പൂർണമായും സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകിയ ശേഷം വേണം ഉണക്കാൻ. വെള്ളം കളയാൻ ടിഷ്യൂ അല്ലെങ്കില്‍ ടവ്വല്‍ ഉപയോഗിക്കാം. പൂർണമായും ഉണങ്ങാനായി ഫാൻ അല്ലെങ്കില്‍ സൂര്യപ്രകാശത്തിന് നേരെ വയ്‌ക്കുക. പണ്ടുകാലത്ത് എല്ലാ വീടുകളിലും പാത്രങ്ങള്‍ കഴുകി വെയിലുള്ള സ്ഥലങ്ങളില്‍ ഉണങ്ങാൻ വയ്‌ക്കുമായിരുന്നു. ഉണങ്ങിയ പാത്രങ്ങളില്‍ എണ്ണ പുരട്ടുന്നത് നല്ലതാണ്. ഈർപ്പത്തെ തടഞ്ഞ് പാത്രം തുരുമ്പെടുക്കാതിരിക്കാൻ സഹായിക്കും. വെളിച്ചെണ്ണ ഉപയോഗിക്കുന്നതാണ് ഉത്തമം.
