പ്ലസ് വണ്‍ പ്രവേശനം രണ്ടാം അലോട്ട്മെൻ്റ് ഞായറാഴ്ച; ക്ലാസുകള്‍ ജൂലൈ ആറിന് ആരംഭിക്കും
സംസ്ഥാനത്ത് പ്ലസ് വണ്‍ രണ്ടാം അലോട്ട്മെൻ്റ് ജൂണ്‍ 21 ഞായറാഴ്ച വൈകിട്ട് പ്രസിദ്ധീകരിക്കും. അലോട്ട്മെൻ്റ് ലഭിക്കുന്നവർക്ക് ജൂണ്‍ 22 തിങ്കളാഴ്ച രാവിലെ 10 മുതല്‍ ജൂണ്‍ 23 ചൊവ്വാഴ്ച വൈകിട്ട് അഞ്ച് വരെ സ്കൂളുകളില്‍ പ്രവേശനം നേടാം. ആദ്യ അലോട്ട്മെൻ്റ് പ്രകാരമുള്ള പ്രവേശന നടപടികള്‍ ജൂണ്‍ 17 ബുധനാഴ്ചയോടെ പൂർത്തിയായിരുന്നു. ജൂലൈ ആറിനാണ് ഒന്നാം വർഷ ക്ലാസുകള്‍ ആരംഭിക്കുന്നത്.
ആദ്യ അലോട്ട്മെൻ്റില്‍ 2,46,638 പേരാണ് ഉള്‍പ്പെട്ടിരുന്നത്. ഇതില്‍ 2,20,465 പേർ മാത്രമാണ് സ്കൂളുകളില്‍ ചേർന്നത്. ഉയർന്ന ഓപ്ഷൻ പ്രതീക്ഷിച്ചും സീറ്റ് നഷ്ടപ്പെടുമെന്ന ഭയം കാരണവും 96,721 പേർ താല്‍ക്കാലിക പ്രവേശനമാണ് നേടിയത്. ഫീസടച്ച് സ്ഥിരം പ്രവേശനം നേടിയത് 1,23,744 കുട്ടികള്‍ മാത്രമാണ്. അലോട്ട്മെൻ്റ് ലഭിച്ചിട്ടും ഫീസ് ഘടനയിലെ അപാകതകളും ദൂരക്കൂടുതലും കാരണം 24,978 പേർക്ക് നിശ്ചിത സമയത്ത് സ്കൂളില്‍ ചേരാൻ കഴിഞ്ഞിട്ടില്ല. ഇതിന് പുറമെ അപേക്ഷയിലെ പിഴവുകള്‍ കാരണം 1,195 പേരുടെ അലോട്ട്മെൻ്റ് റദ്ദാക്കുകയും ചെയ്തു. ഈ ഇനങ്ങളിലായി പുറത്തായ 26,173 സീറ്റുകളാണ് രണ്ടാം അലോട്ട്മെൻ്റില്‍ പരിഗണിക്കുന്നത്.
ആദ്യ അലോട്ട്മെൻ്റിന് ശേഷം ബാക്കിയുള്ള 71,264 സീറ്റുകളും റദ്ദായ സീറ്റുകളും ചേർത്താണ് അടുത്ത അലോട്ട്മെൻ്റ് നടത്തുന്നത്. ഇനിയും 97,000-ത്തിലധികം വിദ്യാർഥികളാണ് സീറ്റ് ലഭിക്കാതെ പുറത്തുനില്‍ക്കുന്നത്. ഇവരെ രണ്ടും മൂന്നും അലോട്ട്മെൻ്റുകളിലൂടെ ഉള്‍ക്കൊള്ളിക്കുമെന്ന് അധികൃതർ അവകാശപ്പെടുന്നുണ്ട്. മൂന്നാം അലോട്ട്മെൻ്റ് പ്രകാരമുള്ള പ്രവേശനം ജൂണ്‍ 29, 30 തീയതികളില്‍ നടക്കും. പട്ടികജാതി വർഗ വികസന വകുപ്പുകളുടെ കീഴിലുള്ള എംആർഎസ് സ്കൂളുകളിലെ 1,318 സീറ്റുകളില്‍ 983 എണ്ണത്തില്‍ മാത്രമാണ് പ്രവേശനം നടന്നത്. വിഎച്ച്‌എസ്‌ഇ വിഭാഗത്തില്‍ ആദ്യ അലോട്ട്മെൻ്റിലുണ്ടായിരുന്ന 25,122 കുട്ടികളില്‍ 13,813 പേർ മാത്രമാണ് ഇതുവരെ സ്കൂളുകളില്‍ ചേർന്നത്.
