യൂറോപ്യൻ ചാമ്പ്യന്മാര്ക്ക് സമനില പൂട്ട് ; സ്പെയ്നിനെ ഞെട്ടിച്ച് അരങ്ങേറ്റക്കാരായ കേപ് വെര്‍ഡെ
ഫിഫ വേൾഡ് കപ്പ് ഗ്രൂപ് എച്ചിലെ ആദ്യ മത്സരത്തില്‍ സ്പെയ്നിനെ ഗോള്‍രഹിത സമനിലയില്‍ തളച്ച് കേപ് വെര്‍ഡെ. മത്സരത്തിലുടനീളം പ്രതിരോധത്തിലേക്കിറങ്ങി സ്പെയിൻ മുന്നേറ്റത്തെ തടയിടാൻ കൃത്യമായി കേപ് വെര്‍ഡെയ്ക്ക് സാധിച്ചു. ഈ ലോകകപ്പില്‍ കിരീടം നേടാൻ ഏറ്റവും സാധ്യത കല്പിക്കപ്പെട്ട ടീമുകളില്‍ ഒന്നായിരുന്നു സ്പെയിൻ. മുന്നേറ്റത്തില്‍ ഒയർസബാലിന്റെ മോശം പ്രകടനവും പെഡ്രി അടക്കമുള്ള മധ്യനിരയ്ക്ക് താളം കണ്ടെത്താൻ സാധിക്കാത്തതും വിനയായി. രണ്ടാം പകുതിയില്‍ ഡാനി ഓള്‍മോയും യമാലും നിക്കോ വില്യംസും എത്തിയ ശേഷം കുറച്ചെങ്കിലും ആക്രമണത്തിന് സ്പെയ്ൻ ശ്രമിച്ചെങ്കിലും നിരാശയായിരുന്നു ഫലം.
അട്ടിമറിക്ക് തുല്യമായ സമനിലയുമായാണ് കേപ് വെര്‍ഡെ കളിയിൽ പ്രതിരോധിച്ചത്. യൂറോ കപ്പ് ചാംപ്യന്മാരും ലോക റാങ്കിങില്‍ രണ്ടാം സ്ഥാനത്ത് നിലയുറപ്പിക്കുകയും ചെയ്യുന്ന സ്പെയിനിനെയാണ് ആഫ്രിക്കന്‍ ദ്വീപ് രാജ്യമായ കേപ് വെര്‍ഡെ ഗോള്‍രഹിത സമനിലയില്‍ തളച്ചത്. കിരീട ഫേവററ്റുകളുടെ ലിസ്റ്റിലുള്ള സ്പെയിനിനെയാണ് ലോകറാങ്കിങില്‍ 64ാം സ്ഥാനത്തുള്ള കേപ് വെര്‍ഡെ പിടിച്ചുകെട്ടിയത്. ഗ്രൂപ്പ് എച്ചില് നടന്ന മല്‍സരത്തില്‍ സൂപ്പര്‍ താരങ്ങളായ ലാമിന് യമാലും നിക്കോ വില്യംസും ഇല്ലാതെ ഇറങ്ങിയ ആദ്യ പകുതിയില്‍ സ്പെയിനെതിരെ മികച്ച ചെറുത്ത് നില്‍പ്പാണ് തങ്ങളുടെ ആദ്യ ലോകകപ്പ് കളിക്കുന്ന കേപ് വെര്‍ഡെ നടത്തിയത്.
ഗോള്‍രഹിതമായ ആദ്യ പകുതിയില്‍ പലപ്പോഴും മല്‍സരത്തില്‍ താളം കണ്ടെത്താന്‍ സ്പെയിന് വിഷമിക്കുന്ന കാഴ്ചയാണ് കണ്ടത്. കേപ് വെര്‍ഡെയുടെ ഗോള്‍ മുഖത്തേക്ക് നടത്തിയ പല ആക്രമണങ്ങളും ഗോള്‍കീപ്പര്‍ വൊസിഞ്ഞയുടെ റിഫ്ളക്സുകളില്‍ തട്ടിത്തകരുന്ന കാഴ്ചയാണ് കണ്ടത്. പതിവ് പൊസിഷനില്‍ നിന്നും വലതുവിങ്ങിലേക്ക് ഇറങ്ങിക്കളിച്ച ഫെറാന്‍ ടോറസിനും ഇടതുവിങ്ങില്‍ ഇറങ്ങിയ ഗാവിയും വേണ്ടപോലെ ചലനം സൃഷ്ടിച്ചില്ല. രണ്ടാം പകുതിയില്‍ ലാമിന് യമാലുമായി എത്തിയെങ്കിലും മല്‍സരഫലത്തില്‍ മാറ്റമുണ്ടായില്ല. സ്പെയിനിന്റെ മുന്നേറ്റങ്ങളെല്ലാം തന്നെ കേപ് വെര്‍ഡെ ഗോള്‍ മുഖത്ത് തട്ടിവീഴുന്നതാണ് കണ്ടത്. മല്‍സരത്തില്‍ കാര്യമായി മുന്നേറ്റങ്ങള്‍ ഒന്നും തന്നെ സൃഷ്ടിക്കാന്‍ സ്പെയ്നിന് സാധിച്ചില്ല. രണ്ടാം പകുതിയില്‍ പൂര്‍ണ്ണമായും പ്രതിരോധത്തിലേക്കിറങ്ങിയ കേപ് വെര്‍ഡെയില്‍ ഗോള്‍കീപ്പര്‍ വൊസിഞ്ഞയുടെ മിന്നും പ്രകടനമാണ് സ്പെയ്നിനെ തളച്ചത്.
