June 14, 2026

ഫിഫ ലോകകപ്പ് 2026 ; ബ്രസീലിനെ പിടിച്ചുകെട്ടി മൊറോക്കോ : ഗ്രൂപ്പ് സിയിലെ പോരാട്ടത്തില്‍ സമനില

Share

 

ന്യൂയോര്‍ക്ക് : ലോകകപ്പ് ഫുട്‌ബോളില്‍ ഗ്രൂപ്പ് സിയിലെ ആദ്യ മല്‍സരത്തില്‍ ബ്രസീല്‍ മൊറോക്കോ പോരാട്ടം സമനിലയില്‍ അവസാനിച്ചു.

 

ഇരു ടീമുകളും ഒരു ഗോള്‍ വീതമാണ് നേടിയത്. മൊറോക്കോയ്ക്കായി ഇസ്മായില്‍ സായിബാരിയാണ് ആദ്യം ഗോള്‍ നേടിയത്. 21ാം മിനിറ്റിലായിരുന്നു ഗോള്‍. ബ്രസീലിനായി വിനീഷ്യസ് ജൂനിയര്‍ സമനില ഗോള്‍ കണ്ടെത്തി. 1978ന് ശേഷം ആദ്യമായാണ് ബ്രസീലിന് ആദ്യ മല്‍സരത്തില്‍ ജയിക്കാന്‍ സാധിക്കാതിരുന്നത്.

 

ന്യൂജേഴ്സിയിലെ മെറ്റ് ലൈഫ് സ്റ്റേഡിയത്തില്‍ നടന്ന മല്‍സരത്തില്‍ തുടക്കം മുതല്‍ പന്തടക്കത്തിലും അവസരങ്ങള്‍ ഉണ്ടാക്കുന്നതിലും മൊറോക്കോയാണ് മുന്നിട്ടുനിന്നത്. ബ്രസീലിന് 14ാം മിനിറ്റില്‍ കിട്ടിയ ഒരു അവസരം തുലച്ചു. എന്നാല്‍ മല്‍സരത്തില്‍ ആദ്യ ഷോട്ട് ഓണ്‍ ടാര്‍ഗെറ്റിന് 21 മിനിറ്റ് വരെ കാത്തുനില്‍ക്കേണ്ടിവന്നു. സായിബാരി കൃത്യമായി കിട്ടിയ അവസരം വിനിയോഗിച്ച്‌ 21ാം മിനിറ്റില്‍ സ്‌കോര്‍ ചെയ്തു. പിച്ചിന്റെ മധ്യഭാഗത്തുനിന്ന് ബ്രാഹീം ഡയസ് നല്‍കിയ ത്രൂ പാസിലേക്ക് ഓടിയെത്തിയ സൈബീരി ബ്രസീല്‍ ഗോള്‍കീപ്പര്‍ അലിസണ് മുകളിലൂടെ പന്ത് വലയിലെത്തിച്ചു.

എന്നാല്‍ ബ്രസീലിന് മറുപടി ഗോള്‍ കണ്ടെത്താന്‍ അധികം വൈകിയില്ല. വിനീഷ്യസ് ജൂനിയറിലൂടെ ബ്രസീല്‍ തിരിച്ചടിച്ച്‌ സമനില നേടി. കളിയുടെ 32ാം മിനിറ്റില്‍ ബ്രൂണോ ഗിമാറസുമൊത്തുള്ള മികച്ചൊരു നീക്കത്തിനൊടുവില്‍ ഇടതു വിങ്ങില്‍ നിന്ന് പന്തുമായി ബോക്സിലേക്ക് കയറിയ വിനീഷ്യസ് അസാധ്യമായ ആംഗിളില്‍ നിന്നടിച്ച ഒരു ക്ലാസിക് ഗോളിലൂടെ തിരിച്ചടിച്ചു. പിന്നീട് കളിയുടെ പല ഘട്ടത്തിലും ഇരുടീമുകളും ഗോള്‍ നേടാനുള്ള ശ്രമങ്ങള്‍ നടത്തിയെങ്കിലും ആര്‍ക്കുംഗോള്‍ കണ്ടെത്താനായില്ല.

 

കളിയുടെ ആദ്യ പകുതി ആവേശകരമായിരുന്നെങ്കിലും രണ്ടാം പകുതിയില്‍ ഇരുടീമുകളും ലഭിച്ച അവസരങ്ങള്‍ വിനിയോഗിക്കാത്തതും ചാന്‍സുകള്‍ സൃഷ്ടിക്കാന്‍ ശ്രമിക്കാത്തതും നേരിയ നിരാശയായി. ജൂണ്‍ 20ന് ഹെയ്ത്തിക്കെതിരെയാണ് ബ്രസീലിന്റെ അടുത്ത മല്‍സരം. അതേസമയം സ്‌കോട്ട്‌ലണ്ടിനെതിരേയാണ് മൊറോക്കോയുടെ അടുത്ത മല്‍സരം.


Share
Copyright © All rights reserved. | Newsphere by AF themes.