June 5, 2026

കുറഞ്ഞ പലിശയില്‍ കാര്‍ഷിക വായ്പ : സെപ്റ്റംബര്‍ 30 വരെ അപേക്ഷിക്കാം

Share

 

കർഷകരുടെയും കാർഷിക സംരംഭകരുടെയും കാർഷിക അടിസ്ഥാന സൗകര്യ വികസനത്തിന് മികച്ച പിന്തുണ നല്‍കുന്ന കാർഷിക അടിസ്ഥാന സൗകര്യ വികസന വായ്പ പദ്ധതിയില്‍ (Agriculture Infrastructure Fund – AIF) അപേക്ഷകള്‍ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി സെപ്റ്റംബർ 30വരെ ദീർഘിപ്പിച്ചതായി കൃഷി ഡയറക്ടറേറ്റ് അറിയിച്ചു.

 

പദ്ധതിയുടെ ഭാഗമായി രണ്ടു കോടി രൂപ വരെയുള്ള വായ്പകള്‍ക്ക് പരമാവധി ഏഴു വർഷത്തേക്ക് മൂന്നു ശതമാനം സബ്സിഡിയോടു കൂടി ആറ് ശതമാനം പലിശക്കാണ് കാർഷിക വായ്പകള്‍ ലഭ്യമാകുക. കൂടാതെ, ക്രെഡിറ്റ് ഗ്യാരണ്ടി കവറിന്റെ പരിധിയില്‍ വരുന്ന രണ്ടു കോടി രൂപ വരെയുള്ള വായ്പകള്‍ക്ക് അധിക ഈട് നല്‍കേണ്ടതില്ല എന്നതും പദ്ധതിയുടെ പ്രധാന ആകർഷണമാണ്.

 

കാർഷിക ഉത്പന്നങ്ങളുടെ സംഭരണം, സംസ്കരണം, മൂല്യവർധിത ഉത്പന്ന നിർമാണം, ശീതീകരണ ശൃംഖല, കാർഷിക യന്ത്രവത്കരണം, ഡ്രോണ്‍ സേവന കേന്ദ്രങ്ങള്‍, കാർഷിക ലോജിസ്റ്റിക്സ് തുടങ്ങി വിവിധ അടിസ്ഥാന സൗകര്യ വികസന പദ്ധതികള്‍ക്ക് AIF പദ്ധതിയിലൂടെ ധനസഹായം ലഭ്യമാക്കാം.

 

PMFME, SMAM, MIDH, SHM ഉള്‍പ്പെടെയുള്ള കേന്ദ്ര-സംസ്ഥാന സബ്സിഡി പദ്ധതികളുമായി സംയോജിപ്പിച്ചും AIF പദ്ധതിയുടെ ആനുകൂല്യങ്ങള്‍ പ്രയോജനപ്പെടുത്താൻ സാധിക്കും. പദ്ധതിയുടെ വിശദാംശങ്ങള്‍ക്കായി കർഷകരും കാർഷിക സംരംഭകരും സമീപത്തെ ബാങ്ക് ശാഖകളുമായോ കൃഷിഭവനുമായോ ബന്ധപ്പെടാം.

 

കൂടുതല്‍ വിവരങ്ങള്‍ www.agriinfra.dac.gov.in എന്ന വെബ്സൈറ്റില്‍ ലഭ്യമാണ്. പദ്ധതി നടപ്പിലാക്കുന്ന സംസ്ഥാനതല പ്രോജക്‌ട് മാനേജ്മെന്റ് യൂണിറ്റുമായി ബന്ധപ്പെടുന്നതിനുള്ള ഫോണ്‍ നമ്പറുകള്‍: 8137008197, 8921540233.

 

 


Share
Copyright © All rights reserved. | Newsphere by AF themes.