ജൂണ്‍ മാസത്തെ റേഷൻ വിതരണം ചൊവ്വാഴ്ച മുതല്‍ : പുതുക്കിയ വിഹിതം അറിയാം
കേരളത്തിലെ റേഷൻ ഉപഭോക്താക്കള്‍ക്കായി പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പ് സുപ്രധാന അറിയിപ്പ് പുറപ്പെടുവിച്ചു. സംസ്ഥാനത്ത് 2026 മേയ് മാസത്തെ റേഷൻ വിഹിതം കൈപ്പറ്റാനുള്ള അവസാന തീയതി ഇന്നായിരുന്നു. മാസാവസാന ക്രമീകരണങ്ങളുടെ ഭാഗമായി ഞായറാഴ്ചയും തിങ്കളാഴ്ചയും റേഷൻ കടകള്‍ക്ക് പൂർണ്ണ അവധിയായിരിക്കും. തുടർന്ന് 2026 ജൂണ്‍ മാസത്തെ റേഷൻ വിതരണം ചൊവ്വാഴ്ച മുതല്‍ സംസ്ഥാനത്തുടനീളം പുനരാരംഭിക്കുന്നതാണ്.
ജൂണ്‍ മാസത്തെ റേഷൻ വിഹിതത്തിന്റെ പൂർണ്ണവിവരങ്ങള്‍…
അന്ത്യോദയ അന്നയോജന: ഈ വിഭാഗത്തിലുള്ള കാർഡുകള്‍ക്ക് 30 കിലോ അരിയും 2 കിലോ ഗോതമ്പും തികച്ചും സൌജന്യമായി ലഭിക്കും. ഇതിനുപുറമേ 3 പാക്കറ്റ് ആട്ട പാക്കറ്റൊന്നിന് 7 രൂപ നിരക്കിലും ഈ കാർഡുടമകള്‍ക്ക് കൈപ്പറ്റാവുന്നതാണ്.
മുൻഗണനാ വിഭാഗം: പിങ്ക് കാർഡിലെ ഓരോ അംഗത്തിനും 4 കിലോ അരിയും 1 കിലോ ഗോതമ്പും വീതം സൌജന്യമായി ലഭിക്കും. എന്നാല്‍ കാർഡിന് അനുവദിച്ചിട്ടുള്ള ആകെ ഗോതമ്പിന്റെ അളവില്‍ നിന്നും 4 കിലോ കുറച്ച്, അതിന് പകരമായി കിലോയ്ക്ക് 9 രൂപ നിരക്കില്‍ 4 പാക്കറ്റ് ആട്ട വാങ്ങാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.
പൊതുവിഭാഗം സബ്‌സിഡി: നീല കാർഡിലെ ഓരോ അംഗത്തിനും 2 കിലോ അരി വീതം കിലോയ്ക്ക് 4 രൂപ നിരക്കില്‍ ലഭിക്കും. കൂടാതെ അതത് താലൂക്കുകളിലെ സ്റ്റോക്കിന്റെ ലഭ്യതയ്ക്കനുസരിച്ച് കാർഡിന് പരമാവധി 4 കിലോ വരെ ആട്ട കിലോയ്ക്ക് 17 രൂപ നിരക്കിലും ലഭിക്കുന്നതാണ്.
പൊതുവിഭാഗം: വെള്ള കാർഡുകള്‍ക്ക് ആകെ 4 കിലോ അരി കിലോയ്ക്ക് 10.90 രൂപ നിരക്കില്‍ ലഭിക്കും. നീല കാർഡുകളെപ്പോലെ തന്നെ അതത് താലൂക്കുകളിലെ സ്റ്റോക്കിനനുസരിച്ച് പരമാവധി 4 കിലോ വരെ ആട്ട കിലോയ്ക്ക് 17 രൂപ നിരക്കില്‍ വാങ്ങാൻ ഇവർക്കും അർഹതയുണ്ട്.
പൊതുവിഭാഗം സ്ഥാപനം : ഈ വിഭാഗത്തില്‍പ്പെടുന്ന കാർഡുകള്‍ക്ക് 2 കിലോ അരി കിലോയ്ക്ക് 10.90 രൂപ നിരക്കില്‍ ലഭിക്കും. താലൂക്കുകളിലെ സ്റ്റോക്ക് അനുസരിച്ച് പരമാവധി 1 കിലോ ആട്ട 17 രൂപ നിരക്കിലും ഈ കാർഡുകള്‍ക്ക് അനുവദിച്ചിട്ടുണ്ട്.
മണ്ണെണ്ണ വിതരണം : നിലവിലെ ക്വാർട്ടറിലേക്കുള്ള മണ്ണെണ്ണ വിതരണത്തിന്റെ അളവും സിവില്‍ സപ്ലൈസ് വകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്. വൈദ്യുതി കണക്ഷനുള്ള വീടുകളിലെ AAY (മഞ്ഞ) കാർഡുകള്‍ക്ക് ആകെ 1 ലിറ്റർ മണ്ണെണ്ണയും, PHH (പിങ്ക്), NPS (നീല), NPNS (വെള്ള) കാർഡുകള്‍ക്ക് ആകെ 0.5 ലിറ്റർ മണ്ണെണ്ണയുമാണ് ലഭിക്കുക. എന്നാല്‍ സംസ്ഥാനത്ത് വൈദ്യുതി കണക്ഷൻ ഇല്ലാത്ത വീടുകളിലെ കാർഡുകള്‍ക്ക് ആകെ 6 ലിറ്റർ മണ്ണെണ്ണ ഈ ക്വാർട്ടറില്‍ ലഭ്യമാക്കും.
ഓരോ റേഷൻ കാർഡിനും അനുവദിച്ചിട്ടുള്ള റേഷൻ സാധനങ്ങളുടെ ഇനം തിരിച്ചുള്ള കൃത്യമായ അളവ് ഉപഭോക്താക്കള്‍ക്ക് വിതരണത്തിന് മുൻപായി ഓണ്‍ലൈനായി പരിശോധിക്കാവുന്നതാണ്. ഇതിനായി പൊതുജനങ്ങള്‍ക്ക് ഇ-പോസ് പോർട്ടലിന്റെ https://epos.kerala.gov.in/SRC_Trans_Int.jsp എന്ന ലിങ്ക് ഉപയോഗിക്കാമെന്ന് അധികൃതർ അറിയിച്ചു.
