May 30, 2026

വീറോടെ പൊരുതിയിട്ടും ഒടുവില്‍ വീണു, ഐപിഎല്ലില്‍ ഫൈനല്‍ കാണാതെ പുറത്തായതിന് പിന്നാലെ പൊട്ടിക്കരഞ്ഞ് വൈഭവ് സൂര്യവംശി : ഇന്ത്യൻ ടീമില്‍ കളിക്കാനുള്ള പക്വതയായോ? 

Share

 

ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 2026 സീസണില്‍ നിന്ന് രാജസ്ഥാൻ റോയല്‍സ് പുറത്തായിരിക്കുകയാണ്. രണ്ടാം ക്വാളിഫയറില്‍ ഗുജറാത്ത് ടെെറ്റൻസിനോട് ഏഴ് വിക്കറ്റിന് തോറ്റാണ് രാജസ്ഥാൻ പുറത്തായത്.രണ്ടാം ക്വാളിഫയറില്‍ രാജസ്ഥാൻ റോയല്‍സ് തോറ്റെങ്കിലും വെെഭവ് സൂര്യവംശിയെന്ന പേര് ആരാധക ഹൃദയങ്ങളിലേക്ക് ആഴ്ന്നിറങ്ങി. പേരുകേട്ട രാജസ്ഥാൻ താരങ്ങളെല്ലാം നിരാശപ്പെടുത്തിയപ്പോഴും 47 പന്തില്‍ 96 റണ്‍സോടെ രാജസ്ഥാനെ പൊരുതാവുന്ന സ്കോറിലേക്കെത്തിച്ചത് വെെഭവാണ്.

 

15കാരനായ താരത്തിന്റെ ബാറ്റിങ് മികവാണ് ഈ സീസണില്‍ രാജസ്ഥാനെ രണ്ടാം ക്വാളിഫയർവരെ എത്തിച്ചതെന്ന് നിസംശയം പറയാം. 16 മത്സരത്തില്‍ നിന്ന് 48.50 ശരാശരിയില്‍ 776 റണ്‍സാണ് വെെഭവ് നേടിയത്. ഒരു സെഞ്ചുറിയും അഞ്ച് അർധ സെഞ്ചുറിയും ഉള്‍പ്പെടെയാണ് വെെഭവ് ഈ സീസണില്‍ മിന്നിച്ചത്. 63 ഫോറും 72 സിക്സുമാണ് വെെഭവ് നേടിയത്. രാജസ്ഥാൻ തോറ്റ് പുറത്തായപ്പോള്‍ കരഞ്ഞ് തളർന്നിരിക്കുന്ന വെെഭവിന്റെ മുഖം ഗുജറാത്ത് ആരാധകരെപ്പോലും നിരാശരാക്കിയിട്ടുണ്ടാവും.

 

15 വയസ് മാത്രം പ്രായമുള്ള താരം സാധ്യമാകുന്നതെല്ലാം ചെയ്താണ് ഈ സീസണ്‍ അവസാനിപ്പിച്ചത്. ഇനി അറിയേണ്ടത് വെെഭവിന് ഇന്ത്യയുടെ ടി20 ടീമിലേക്ക് വിളി ലഭിക്കുമോയെന്നതാണ്. ഐസിസി നിയമപ്രകാരം അന്താരാഷ്ട്ര ക്രിക്കറ്റ് കളിക്കാനുള്ള പ്രായം വെെഭവിന് പൂർത്തിയായിക്കഴിഞ്ഞു. ഇന്ത്യയുടെ അയർലൻഡ് ടി20 പരമ്പരക്കുള്ള ടീമില്‍ വെെഭവിനെ ഉള്‍പ്പെടുത്തുമോയെന്നതാണ് എല്ലാവരും ഉറ്റുനോക്കുന്നത്.

 

ഇപ്പോഴിതാ വെെഭവ് അന്താരാഷ്ട്ര മത്സരം കളിക്കാനുള്ള പക്വതയിലേക്കെത്തിയെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് രാജസ്ഥാൻ റോയല്‍സ് പരിശീലകനായ കുമാർ സംഗക്കാര. ‘അവൻ ഇന്ന് വളരെ മനോഹരമായാണ് ബാറ്റ് ചെയ്തത്. ഒരുവശത്ത് വിക്കറ്റുകള്‍ പോയപ്പോഴും പൊരുതിനിന്ന് പ്രതിരോധിക്കാവുന്ന ടോട്ടലിലേക്ക് ടീമിനെ എത്തിക്കാൻ വെെഭവിന് സാധിച്ചു. 15 വയസുകാരനാണെങ്കിലും അവൻ വലിയ പക്വതയോടെയാണ് കളിക്കുന്നത്.

 

മത്സരത്തെ നന്നായി വിലയിരുത്തിയാണ് അവൻ കളിക്കുന്നത്. മത്സരത്തിന്റെ സാഹചര്യങ്ങളെ മനസിലാക്കി കളിക്കാൻ അവന് കഴിയുന്നുണ്ട്. ഭയമില്ലാതെ കളിക്കാൻ അവനാകുന്നു. ലോകോത്തര ബൗളർമാരെ നേരിട്ടാണ് അവൻ ഈ റണ്‍സെല്ലാം നേടിയത്. അതുകൊണ്ടുതന്നെ ഏത് വെല്ലുവിളി ഏറ്റെടുക്കാനും വെെഭവ് തയ്യാറാണ്. ഇന്ത്യൻ ടീമിലേക്കുള്ള വിളി വളറെ വേഗം തന്നെ അവന് ലഭിക്കുമെന്ന് എനിക്കുറപ്പുണ്ട്’ കുമാർ സംഗക്കാര പറഞ്ഞു.

 

പ്രകടന മികവ് നോക്കുമ്പോള്‍ വെെഭവ് സൂര്യവംശിയെ ഇന്ത്യ ടി20 ടീമിലേക്ക് കൊണ്ടുവരുന്നത് മികച്ച തീരുമാനമാണ്. എന്നാല്‍ വെെഭവിനെ ഓപ്പണറാക്കുമ്പോള്‍ ആരെ തഴയുമെന്നതാണ് പ്രധാനപ്പെട്ട ചോദ്യം. സഞ്ജു സാംസണ്‍, അഭിഷേക് ശർമ ഓപ്പണിങ് കൂട്ടുകെട്ടാണ് നിലവില്‍ ഇന്ത്യക്കുള്ളത്. മികച്ച ഫോമിലുള്ള ശുഭ്മാൻ ഗില്‍ ഇന്ത്യയുടെ ടി20 ടീമിലേക്ക് തിരിച്ചുവരാനുള്ള തയ്യാറെടുപ്പിലാണ്.

 

 

ടി20 ഓപ്പണർ റോളിലേക്ക് ഗില്‍ തിരിച്ചെത്താനാണ് സാധ്യത. അങ്ങനെ വരുമ്പോള്‍ വെെഭവിന് ഇപ്പോള്‍ ടീമില്‍ ഇടം നേടുക പ്രയാസമായിരിക്കും. 2028ലെ ടി20 ലോകകപ്പിനായി ഇനിയും സമയമുണ്ട്. അതുകൊണ്ടുതന്നെ വെെഭവിനെ ടീമിലേക്ക് വിളിക്കാൻ സെലക്ടർമാർ അല്‍പ്പം കൂടി കാത്തിരുന്നേക്കും. എന്താവും ടീം മാനേജ്മെന്റിന്റെ തീരുമാനമെന്ന് കാത്തിരുന്ന് തന്നെ കണ്ടറിയണം.


Share
Copyright © All rights reserved. | Newsphere by AF themes.