വയോധികയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി : മോഷണശ്രമത്തിനിടെ കൊലപാതകമെന്ന് സംശയം
മാനന്തവാടി: കോട്ടത്തറ ചെന്നലോട് വൈപ്പടിയില്‍ വയോധികയെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വൈപ്പടി കുത്തിനിവീട്ടില്‍ പരേതനായ മൊയ്ദുവിന്റെ ഭാര്യ ഫാത്തിമ (85) ആണ് മരിച്ചത്. തലയ്ക്ക് മുറിവേറ്റ് രക്തം വാര്‍ന്ന നിലയിലായിരുന്നു മൃതദേഹം. കൂടാതെ മുഖത്ത് കരുവാളിച്ച പാടുണ്ട്. ഇന്ന് വൈകീട്ടായിരുന്നു സംഭവം. മോഷണശ്രമത്തിനിടെ കൊലപാതകം നടന്നതായാണ് പ്രാഥമിക നിഗമനം. എന്നാല്‍ വിശദമായ അന്വേഷണത്തില്‍ മാത്രമേ കൃത്യമായ വിവരങ്ങള്‍ ലഭ്യമാകൂവെന്ന് പോലീസ് വ്യക്തമാക്കി. ഫാത്തിമയുടെ കഴുത്തിലുണ്ടായിരുന്ന മാല ഉള്‍പ്പെടെയുള്ള ആഭരണങ്ങളൊന്നും നഷ്ടപ്പെട്ടിട്ടില്ല. പ്രദേശത്ത് വിരലടയാള വിദഗ്ധരും ഡോഗ് സ്‌ക്വാഡും നാളെ പരിശോധന നടത്തും. ഊര്‍ജ്ജിതമായ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും പ്രതിയെ ഉടന്‍ വലയിലാക്കുമെന്നും പോലീസ് വൃത്തങ്ങള്‍ വ്യക്തമാക്കി. മരണത്തില്‍ സമഗ്ര അന്വേഷണം നടത്തി കുറ്റവാളികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്ന് ബന്ധുക്കള്‍ ആവശ്യപ്പെട്ടു.
മക്കള്‍: ഇബ്രാഹിം (ചെന്നലോട്), ഖദീജ (കമ്പളക്കാട്), നഫീസ(മേപ്പാടി), ഹലീമ (കമ്പളക്കാട്), ആയിഷ (കമ്പളക്കാട്), സുബൈദ (ചാവക്കാട്), ഉസ്മാന്‍ (ചെന്നലോട്), സുഹറ(കമ്പളക്കാട് ).
സഹോദരങ്ങള്‍ : അമ്മദ് പണിയോടന്‍, അബ്ദുള്ള, ഇബ്രാഹിം, ആയിഷ (പിണങ്ങോട്)
