മുഴുവന്‍ കെഎസ്‌ആര്‍ടിസി ബസുകളിലും സ്ത്രീകള്‍ക്ക് സൗജന്യ യാത്ര അനുവദിച്ചാല്‍ പ്രതിമാസ നഷ്ടം 112 കോടി രൂപ ; ഗതാഗത സെക്രട്ടറിക്ക് റിപോര്‍ട്ട് കൈമാറി കെഎസ്‌ആര്‍ടിസി
തിരുവനന്തപുരം : കെഎസ്‌ആര്‍ടിസിയില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര അനുവദിക്കുമ്പോഴുണ്ടാകുന്ന വരുമാന നഷ്ടം എത്രയെന്ന് സംബന്ധിച്ച് റിപോര്‍ട്ട് സര്‍ക്കാരിന് കൈമാറി.ഗതാഗത സെക്രട്ടറിക്കാണ് റിപോര്‍ട്ട് കൈമാറിയത്. ഓര്‍ഡിനറി ബസില്‍ മാത്രം സൗജന്യം അനുവദിച്ചാല്‍ പ്രതിമാസം 57 കോടി നഷ്ടം ഉണ്ടാകും. സിറ്റി ഫാസ്റ്റ്, ഓര്‍ഡിനറി ബസുകളില്‍ നടപ്പാക്കിയാല്‍ 65 കോടിയും. ഓര്‍ഡിനറി, ഫാസ്റ്റ്, സൂപ്പര്‍ ഫാസ്റ്റ് ബസുകളില്‍ നടപ്പാക്കിയാല്‍ 90 കോടിയും നശ്ടമുണ്ടാകും. മുഴുവന്‍ ബസുകളിലും സൗജന്യയാത്ര അനുവദിച്ചാല്‍ പ്രതിമാസ നഷ്ടം 112 കോടിയാകും. മൂന്നു മാസത്തേക്കുള്ള കണക്കാണ് നല്‍കിയത്. പന്ത്രണ്ട് ലക്ഷത്തോളം സ്ത്രീയാത്രക്കാര്‍ പ്രതിദിനം സഞ്ചരിക്കുന്നുവെന്നാണ് ഏകദേശ കണക്ക്.
പദ്ധതി നടപ്പാക്കിയ കര്‍ണാടകയില്‍ എസി, സ്ലീപ്പര്‍ ബസുകളില്‍ സൗജന്യമില്ല. തമിഴ്‌നാട്ടില്‍ ഓര്‍ഡിനറി ബസുകളില്‍ മാത്രമാണ് ആനുകൂല്യം. തിരഞ്ഞെടുപ്പ് വേളയില്‍ നല്‍കിയ ഇന്ദിരാ ഗ്യാരണ്ടികളിലൊന്നായിരുന്നു സ്ത്രീകള്‍ക്കുള്ള സൗജന്യയാത്ര. കെഎസ്‌ആര്‍ടിസിയില്‍ ജൂണ്‍ 15 മുതല്‍ സ്ത്രീകള്‍ക്ക് സൌജന്യ യാത്ര പദ്ധതി നടപ്പാക്കുന്നതില്‍ ഗതാഗതമന്ത്രി സി പി ജോണ്‍ ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു. ഏതൊക്കെ ബസില്‍, എത്ര ദൂരം വരെ എന്നൊന്നും തീരുമാനമായിട്ടില്ല. ജില്ലകള്‍ക്ക് പുറത്തേക്ക് സൗജന്യയാത്രയുണ്ടോ?, എല്ലാ പ്രായക്കാര്‍ക്കും ആനുകൂല്യമുണ്ടോ എന്നെല്ലാം അറിയാനുണ്ട്. സാമ്പത്തിക ബാധ്യത കൂടി പരിഗണിച്ചാകും തീരുമാനം.
എന്നാല്‍ ഇത് കെഎസ്‌ആര്‍ടിസിയിലെ നഷ്ടത്തിലാക്കുമെന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടിയിരുന്നു. നിലവില്‍ കെഎസ്‌ആര്‍ടിസി നാല് ടയറില്‍ ഓടുന്നത് സര്‍ക്കാര്‍ സഹായത്തിലാണ്. എല്ലാ മാസവും ശമ്പള വിതരണത്തിന് 50 കോടിയും പെന്‍ഷന്‍ വിതരണത്തിന് 75 കോടിയും ഉള്‍പ്പെടെ 125 കോടി രൂപ സര്‍ക്കാര്‍ നല്‍കുന്നുണ്ട്. സ്ത്രീ സൗജന്യ യാത്ര നടപ്പിലാക്കണമെങ്കില്‍ ഇതിനൊപ്പം 150 കോടി രൂപ കൂടി പ്രതിമാസം സര്‍ക്കാര്‍ അനുവദിക്കേണ്ടി വരും. ഇത്രയും വലിയ തുക എല്ലാ മാസവും സര്‍ക്കാരിന് കൊടുക്കാനാവുമോ എന്നത് ചോദ്യ ചിഹ്നമാണ്. പദ്ധതിയെ സ്വാഗതം ചെയ്യുമ്പോഴും ശമ്പളം മുടങ്ങുമോ എന്ന ആശങ്കയിലാണ് ജീവനക്കാര്‍.
