വായ്പ കുടിശികയായാല്‍ ഫോണ്‍ ‘ലോക്ക്’ ചെയ്യാൻ ധനകാര്യ സ്ഥാപനങ്ങള്‍ക്ക് അനുമതി ; ആര്‍ബിഐയുടെ പുതിയ കരട് ചട്ടം
ഡല്‍ഹി : വായ്പയെടുത്ത് വാങ്ങിയ മൊബൈല്‍ ഫോണ്‍, ടാബ്‌ലെറ്റ് തുടങ്ങിയ ഉപകരണങ്ങളുടെ തിരിച്ചടവ് മുടങ്ങിയാല്‍, അവ ഭാഗികമായി ‘ലോക്ക്’ ചെയ്യാൻ ധനകാര്യ സ്ഥാപനങ്ങള്‍ക്ക് അനുമതി നല്‍കുന്ന പുതിയ കരട് ചട്ടം റിസർവ് ബാങ്ക് (RBI) പുറത്തിറക്കി. ഉപഭോക്തൃ അഭിപ്രായങ്ങള്‍ ഉള്‍പ്പെടുത്തി അന്തിമ ചട്ടം രൂപപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഈ നീക്കം. നിലവില്‍ ചില സ്ഥാപനങ്ങള്‍ ഇത്തരം രീതികള്‍ ഉപയോഗിക്കുന്നുണ്ടെങ്കിലും, അതിന് വ്യക്തമായ നിയമരൂപം ഇല്ലാതിരുന്നതിനാല്‍ ഉപഭോക്തൃ അവകാശങ്ങളെക്കുറിച്ചുള്ള ആശങ്കകള്‍ ഉയർന്നിരുന്നു.
കടുത്ത നിബന്ധനകള്‍ സഹിതം നിയന്ത്രണം-
ഫോണ്‍ അല്ലെങ്കില്‍ ഉപകരണം ലോക്ക് ചെയ്യുന്നതിന് മുമ്പ് കർശന നിബന്ധനകളും നടപടികളും നിർബന്ധമാണ്:
വായ്പ കുടിശികയായി 90 ദിവസം കഴിഞ്ഞാല്‍ മാത്രമേ ലോക്ക് ചെയ്യാൻ കഴിയൂ.
മൊബൈല്‍ ഫോണ്‍ വായ്പയില്‍ 60 ദിവസത്തിന് ശേഷം നോട്ടിസ് നല്‍കണം.
തുടർന്ന് 21 ദിവസത്തെ സമയം തിരിച്ചടവിന് അനുവദിക്കണം.
പിന്നാലെ 7 ദിവസത്തെ രണ്ടാമത്തെ നോട്ടിസ് നല്‍കണം.
ഉപഭോക്താവിന്റെ കരാറിലെ സമ്മതം നിർബന്ധമാണ്.
ഇവയെല്ലാം പാലിച്ച ശേഷമേ നിയന്ത്രണ നടപടികള്‍ സ്വീകരിക്കാൻ കഴിയൂ.
അവശ്യ സേവനങ്ങള്‍ക്ക് തടസ്സമില്ല-
ഫോണ്‍ ലോക്ക് ചെയ്താലും ചില പ്രധാന സേവനങ്ങള്‍ തുടരാൻ അനുമതിയുണ്ട്. ഇൻകമിംഗ് കോളുകള്‍, ഇന്റർനെറ്റ്, എമർജൻസി SOS, സർക്കാർ ജാഗ്രതാ സന്ദേശങ്ങള്‍… ഇവ തടയാൻ പാടില്ലെന്ന് കരടില്‍ വ്യക്തമാക്കുന്നു.
ഉപഭോക്തൃ സംരക്ഷണ വ്യവസ്ഥകള്‍-
വായ്പ തിരിച്ചടച്ചാല്‍ ഒരു മണിക്കൂറിനുള്ളില്‍ ലോക്ക് നീക്കം ചെയ്യണം. വീഴ്ച വരുത്തിയാല്‍ ഓരോ മണിക്കൂറിനും ₹250 നഷ്ടപരിഹാരം നല്‍കണം. കൂടാതെ ഉപഭോക്തൃ ഡാറ്റ ഉപയോഗിക്കരുതെന്നും, ലോണ്‍ തീർന്നാല്‍ ലോക്കിംഗ് ആപ്പുകള്‍ നീക്കം ചെയ്യണമെന്നും നിർദേശിക്കുന്നു.
