മഞ്ഞക്കുറ്റിയെ തെറിപ്പിച്ച് വിഡി, സില്‍വര്‍ലൈന്‍ പദ്ധതി റദ്ദാക്കി
തിരുവനന്തപുരം: സില്‍വര്‍ ലൈന്‍ പദ്ധതി റദ്ദാക്കിയെന്ന് മുഖ്യമന്ത്രി വി.ഡി സതീശന്‍. കെ.റെയിലിന്‍റെ ഭാഗമായി സ്ഥാപിച്ച മഞ്ഞക്കുറ്റികളെല്ലാം നീക്കം ചെയ്യുമെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളത്തില്‍ അറിയിച്ചു. 2020 ലെ പദ്ധതി വിജ്ഞാപനം ചെയ്തുള്ള ഉത്തരവും ഭൂമി ഏറ്റെടുക്കല്‍ വിജ്ഞാപനവും റദ്ദാക്കി. സില്‍വർ ലൈൻ സമരവുമായി ബന്ധപ്പെട്ട എല്ലാ കേസുകളും പിൻവലിക്കാനുള്ള ശിപാർശ നല്‍കും. കോടതിയിലാണ് ശിപാർശ നല്‍കുക. പദ്ധതിക്കായി സ്ഥാപിച്ച മഞ്ഞ കുറ്റികള്‍ മാറ്റാൻ നിർദ്ദേശം നല്‍കിയെന്നും മുഖ്യമന്ത്രി പറഞ്ഞു.
ആഗസ്ത് 31 നകം കാലാവധി തീരുന്ന പിഎസ്‍സി റാങ്ക് ലിസ്റ്റ് നവംബർ 30 വരെ നീട്ടിയെന്നും മുഖ്യമന്ത്രി പറഞ്ഞു. ഉദ്യോഗാർഥികളുടെ വികാരം കണക്കിലെടുത്താണ് തീരുമാനം. പ്രകടനപത്രികയില്‍ നല്‍കിയിട്ടുള്ള വാഗ്ദാനങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനുള്ള നടപടികള്‍ ഇന്നു മുതല്‍ തുടങ്ങുമെന്നും അദ്ദേഹം പറഞ്ഞു.
സത്യപ്രതിജ്ഞ ചടങ്ങില്‍ വന്ദേമാതരം പൂര്‍ണമായും ആലപിച്ചതിനെച്ചൊല്ലിയുള്ള വിവാദങ്ങള്‍ക്കും വി.ഡി സതീശന്‍ മറുപടി പറഞ്ഞു. വന്ദേമാതരം മുഴുവൻ ആലപിക്കുമെന്ന് അറിയില്ലായിരുന്നു. ലോക്ഭവൻ തീരുമാനപ്രകാരമാണ് വന്ദേമാതരം പൂർണമായും ആലപിച്ചത്. ആലപിച്ചു തുടങ്ങിയപ്പോഴാണ് അറിഞ്ഞത്. പകുതിക്ക് നിർത്തിക്കാൻ കഴിയില്ലല്ലോ? എന്നും അദ്ദേഹം ചോദിച്ചു.
സത്യപ്രതിജ്ഞ ചടങ്ങില്‍ അച്ഛന്റെ പേര് പറഞ്ഞാല്‍ എന്താണ് കുഴപ്പമെന്നും മുഖ്യമന്ത്രി ചോദിച്ചു. അമ്മയുടെ പേര് കൂടി പറയാത്തതില്‍ എനിക്ക് സങ്കടമുണ്ട്. ഞാൻ എംഎല്‍എ ആകുന്നതിനു മുൻപ് മരിച്ചുപോയവരാണ് ഇരുവരും. മാതാപിതാക്കളുടെ പേര് പറയുന്നത് അഭിമാനമാണെന്നും സതീശന്‍ കൂട്ടിച്ചേര്‍ത്തു.
ചികിത്സ പിഴവുമൂലം മരണപ്പെട്ട കൊല്ലത്തെ വേണുവിന്റെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ ധനസഹായം നല്‍കാൻ മന്ത്രിസഭ തീരുമാനിച്ചു.
