കെഎസ്‌ആര്‍ടിസിയില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര ഓര്‍ഡിനറിയില്‍ മാത്രം
തിരുവനന്തപുരം : യുഡിഎഫിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്നായിരുന്നു കെഎസ്‌ആർടിസി ബസുകളില്‍ യുവതികള്‍ക്ക് സൗജന്യ യാത്ര എന്നത്. ഇതുമായി ബന്ധപ്പെട്ട നിർണായകമായ ഒരു തീരുമാനമാണ് ഇപ്പോള്‍ എത്തിയിരിക്കുന്നത്. യുഡിഎഫ് പ്രഖ്യാപിച്ച ഇന്ദിരാ ഗ്യാരണ്ടി പ്രകാരം ഉള്ള കെഎസ്‌ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര ഓർഡിനറി ബസുകളില്‍ മാത്രമായിരിക്കും ഉണ്ടാവുക. കൂടാതെ വരുമാന പരിധിയില്ലാതെ തന്നെ എല്ലാ സ്ത്രീകള്‍ക്കും സൗജന്യ യാത്ര അനുവദിക്കുന്നതായിരിക്കും.
അതേസമയം കർണാടക, പഞ്ചാബ്, തെലങ്കാന, ആന്ധ്രപ്രദേശ് എന്നീ സംസ്ഥാനങ്ങള്‍ സ്ത്രീകള്‍ക്ക് ഓർഡിനറി ബസുകളില്‍ സൗജന്യ യാത്ര നടപ്പാക്കിയപ്പോള്‍ പ്രത്യേക കാർഡുകള്‍ അനുവദിച്ചിരുന്നു. എന്നാല്‍ കേരളത്തില്‍ ഇതില്ലാതെ തന്നെ എല്ലാ സ്ത്രീകള്‍ക്കും സൗജന്യമായ യാത്ര അനുവദിക്കുന്നതായിരിക്കും. തമിഴ്നാട്ടിലെ അതേ മാതൃകയാണ് ഇപ്പോള്‍ കേരളത്തിലും പിന്തുടരുന്നത്. സംസ്ഥാനത്തില്‍ ആകെ 4700 ഓളം കെഎസ്‌ആർടിസി ബസ്സുകള്‍ ആണുള്ളത് ഇതില്‍ മൂവായിരത്തോളം ഓർഡിനറി. ഇവയില്‍ 300 സിറ്റി ഫാസ്റ്റുകള്‍ ഒഴികെയുള്ള ബസ്സുകളില്‍ ആവും സ്ത്രീകള്‍ക്ക് സൗജന്യ യാത്ര അനുവദിക്കുക.
കൂടാതെ 1400 സൂപ്പർ ക്ലാസുകളും 300 ഫാസ്റ്റുകളും ഉണ്ട്. നിലവില്‍ ഒരു ഓർഡിനറി ബസില്‍ ദിവസം 700 മുതല്‍ 1000 വരെ ആളുകളാണ് യാത്ര ചെയ്യുന്നത്. അതേസമയം പ്രവർത്തന ചെലവ് കൂടിയ ഡീസല്‍ ഉപയോഗിച്ച് സർവീസ് നടന്ന ബസ്സുകളില്‍ സൗജന്യ യാത്ര പ്രാവർത്തികമാക്കുക എന്നത് പ്രായോഗികമായ ഒരു കാര്യമല്ല. കൂടാതെ ഇലക്‌ട്രിക് ബസുകള്‍ പ്രോത്സാഹിപ്പിക്കുന്നതിന് കേന്ദ്രസർക്കാറിന്റെ നിരവധി പദ്ധതികളും ഉണ്ട്. രണ്ടാം പിണറായി സർക്കാർ ഇത് പ്രയോജനപ്പെടുത്തിയിരുന്നില്ല എന്നും നിരീക്ഷിച്ചു.
സ്ത്രീകള്‍ക്ക് കെഎസ്‌ആർടിസി ബസുകളില്‍ സൗജന്യ യാത്ര നടപ്പാക്കുകയാണെങ്കില്‍ മാസം 90 കോടിയോളം രൂപയുടെ അധിക ബാധ്യതയാണ് സർക്കാരിന് ഉണ്ടാവുക. നിലവില്‍ ശമ്പളത്തിന് 50 കോടി രൂപയും പെൻഷൻ 80 കോടി രൂപയും സർക്കാർ അനുവദിക്കുന്നുണ്ട്. മാത്രമല്ല ദിവസം കഴിയുംതോറും ഇന്ധനവില വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്.
നിലവിലെ ഇന്ധനത്തിന്റെ വില കണക്കിലെടുക്കുമ്പോള്‍ മാസം മൂന്നു കോടി രൂപയുടെ അധിക ബാധ്യത ഈ വകയിലും ഉണ്ടാകും. എന്നാല്‍ ഒരു കുടുംബത്തിലെ സ്ത്രീ കെഎസ്‌ആർടിസിയില്‍ സഞ്ചരിക്കുകയാണെങ്കില്‍ അതിലെ പുരുഷനും സഞ്ചരിക്കും അങ്ങനെയാണെങ്കില്‍ അത് അധിക വരുമാനം ഉണ്ടാക്കുന്നതിന് കാരണമാകുമെന്നാണ് കെഎസ്‌ആർടിസി പ്രതീക്ഷിക്കുന്നത്.
