July 4, 2026

സൗജന്യയാത്ര സ്വകാര്യ ബസ് മേഖലയെ തകര്‍ക്കും ; വിദ്യാർഥികള്‍ക്ക് നല്‍കുന്ന കണ്‍സഷൻ ഒഴിവാക്കണം, ടിക്കറ്റ് നിരക്ക് വർധിപ്പിക്കണം : ബസ് ഉടമകള്‍ നാളെ മുഖ്യമന്ത്രിയെയും ഗതാഗത മന്ത്രിയെയും നേരില്‍ കാണും

Share

 

കെ.എസ്.ആർ.ടി.സിയില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര പ്രഖ്യാപിച്ച പുതിയ സർക്കാർ തീരുമാനത്തിനെതിരെ ആശങ്ക പ്രകടിപ്പിച്ച്‌ സ്വകാര്യ ബസ് ഉടമകള്‍ രംഗത്ത്. ഈ പദ്ധതി നടപ്പാക്കിയാല്‍ സ്വകാര്യ ബസ് മേഖല ഗുരുതര പ്രതിസന്ധിയിലാകുമെന്നും യാത്രക്കാരുടെ എണ്ണത്തില്‍ വലിയ കുറവ് സംഭവിക്കാമെന്നും സംസ്ഥാന ജനറല്‍ സെക്രട്ടറി ടി. ഗോപിനാഥൻ അഭിപ്രായപ്പെട്ടു.

 

സ്വകാര്യ ബസുകളുടെ യാത്രാനിരക്ക് വർധിപ്പിക്കണമെന്നും വിദ്യാർഥികള്‍ക്ക് നല്‍കുന്ന കണ്‍സഷൻ ഉള്‍പ്പെടെയുള്ള ഇളവുകള്‍ പുനഃപരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

 

ടിക്കറ്റ് നിരക്ക് വർധിപ്പിക്കാതെ സ്വകാര്യ ബസ് മേഖലക്ക് ഇനി പിടിച്ചുനില്‍ക്കാൻ കഴിയില്ലെന്നും ടി. ഗോപിനാഥൻ പറഞ്ഞു. ആശങ്കകള്‍ നാളെ തന്നെ മുഖ്യമന്ത്രിയെയും ഗതാഗത മന്ത്രിയെയും നേരില്‍ കണ്ട് അറിയിക്കും. സർക്കാരില്‍ നിന്നും അനുകൂല നിലപാട് പ്രതീക്ഷിക്കുന്നുവെന്നും ടി. ഗോപിനാഥൻ പറഞ്ഞു.

 

തെരഞ്ഞെടുപ്പ് പ്രചാരണ ഘട്ടത്തിലെ യു.ഡി.എഫിന്റെ ഗ്യാരന്റികളിലൊന്നായിരുന്നു കെ.എസ്.ആർ.ടി.സി ബസുകളില്‍ സ്ത്രീകള്‍ക്ക് സൗജന്യയാത്രയെന്നത്. സത്യപ്രതിജ്ഞക്ക് പിന്നാലെ മാധ്യമങ്ങളെ കണ്ട മുഖ്യമന്ത്രി വി.ഡി. സതീശൻ ജൂണ്‍ 15 മുതല്‍ കേരളത്തില്‍ കെ.എസ്.ആർ.ടി.സി ബസുകളില്‍ സൗജന്യയാത്ര നടപ്പാക്കുമെന്ന് പ്രഖ്യാപിക്കുകയായിരുന്നു. കൂടുതല്‍ വിശദാംശങ്ങള്‍ പിന്നെ അറിയിക്കാമെന്നും വി.ഡി. സതീശൻ പറഞ്ഞിരുന്നു.


Share
Copyright © All rights reserved. | Newsphere by AF themes.