വയനാട് വന്യജീവി സങ്കേതത്തിൽ അതിക്രമിച്ച് കയറി വീഡിയോ പകർത്തിയവർ പിടിയിൽ
തോൽപ്പെട്ടി : വയനാട് വന്യജീവി സങ്കേതത്തിലെ തോൽപ്പെട്ടി റേഞ്ചിൽ തോൽപ്പെട്ടി ഫോറസ്റ്റ് പരിധിയിൽ വരുന്ന എമ്മടി ഭാഗത്തെ ബേഗൂർ റിസർവ് വനത്തിനകത്ത് അതിക്രമിച്ച് കയറി വീഡിയോ പകർത്തി ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ പോസ്റ്റ് ചെയ്തവർ പിടിയിലായി.
മലപ്പുറം സ്വദേശികളായ ഷബീബ് ടി (29), മുഹമ്മദ് സിയാദ് (27), സാദിഖ് അലി (29), ഷഹബാസ് ടി (27), മുഹമ്മദ് നിഹാദ് എം കെ (27) എന്നിവരെയും കാട്ടിക്കുളം സ്വദേശി ആനന്ദ് പി ആർ (23) എന്നിവരെയുമാണ് വനംവകുപ്പ് പിടികൂടിയത്.
സംഭവത്തിൽ തോൽപ്പെട്ടി അസിസ്റ്റന്റ് വൈൽഡ് ലൈഫ് വാർഡൻ ടി. ഷിബുക്കുട്ടന്റെ നേതൃത്വത്തിൽ തോൽപ്പെട്ടി ഫോറസ്റ്റ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്യുകയും പ്രതികളെ കസ്റ്റഡിയിൽ എടുക്കുകയും ചെയ്തു. വന്യജീവി സങ്കേതത്തിൽ അനധികൃതമായി പ്രവേശിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് തോൽപ്പെട്ടി അസിസ്റ്റന്റ് വൈൽഡ് ലൈഫ് വാർഡൻ അറിയിച്ചു.
