ബൗളര്‍മാരുടെ വിളയാട്ടം : ഹൈദരാബാദിനെ 82 റണ്‍സിന് തകര്‍ത്ത് ഗുജറാത്ത് ഒന്നാമത്
അഹമ്മദാബാദ് : ഈ ഐപിഎല്‍ സീസണില്‍ എല്ലാവരും ഭയക്കേണ്ട ടീം തങ്ങളാണെന്നു മുന്നറിയിപ്പ് നല്‍കി ഗുജറാത്ത് ടൈറ്റന്‍സിന്റെ വിജയക്കുതിപ്പ്. പോയിന്റ് പട്ടകയില്‍ രണ്ടാമതുള്ള സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ 82 റണ്‍സിനാണ് അവര്‍ മുക്കിയത്.
തുടര്‍ച്ചയായ അഞ്ചാം ജയത്തോടെ 16 പോയിന്റോടെ തലപ്പത്തേക്കു കയറിയ ജിടി പ്ലേഓഫില്‍ സ്ഥാനവും ഏറെക്കുറെ ഉറപ്പിച്ചിരിക്കുകയാണ്. നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ ജിടിയുടെ മാജിക്കല്‍ ബൗളിങിനു മുന്നില്‍ ഓറഞ്ച് ആര്‍മിക്കു മറുപടി ഇല്ലായിരുന്നു. 169 റണ്‍സിന്റെ വിജയലക്ഷ്യമാണ് എസ്‌ആര്‍എച്ചിന് ജിടി നല്‍കിയത്.
അതിശക്തമായ ബാറ്റിങ് നിരയുള്ള എസ്‌ആര്‍എച്ച് ഇതു അനായാസം മറികടക്കുമെന്നു പ്രതീക്ഷിച്ചെങ്കിലും ബാറ്റിങ് നിര ചീട്ടുകൊട്ടാരം കണക്കെ തകര്‍ന്നടിഞ്ഞു. 100 റണ്‍സ് പോലും തികയ്ക്കാന്‍ ജിടിയുടെ ലോകോത്തര ബൗളിങ് നിര അനുവദിച്ചില്ല. 14.5 ഓവറില്‍ വെറും 86 റണ്‍സിന് എസ്‌ആര്‍എച്ച് കൂടാരം കയറുകയായിരുന്നു.
20 റണ്‍സ് പോലും തികയ്ക്കാന്‍ ആര്‍ക്കുമായില്ല. 19 റണ്‍സെടുത്ത ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സാണ് ടീമിന്റെ ടോപ് സ്‌കോറര്‍. സലില്‍ അറോറ (16), ഹെന്‍ട്രിച്ച് ക്ലാസന്‍ (14), ഇഷാന്‍ കിഷന്‍ (11) എന്നിവരും രണ്ടക്കത്തിലെത്തി. കാഗിസോ റബാഡയും ജേസണ്‍ ഹോള്‍ഡറും മൂന്നു വീതം വിക്കറ്റുകള്‍ പിഴുതു. പ്രസിദ്ധ് കൃഷ്ണ രണ്ടു വിക്കറ്റുകളും നേടി. റബാഡയാണ് കളിയിലെ താരം.
നേരത്തെ ഫോം തുടര്‍ന്ന ഓപ്പണര്‍ സായ് സുദര്‍ശന്റെ ഈ സീസണിലെ ആറാം ഫിഫ്റ്റിയാണ് ഗുജറാത്ത് ടൈറ്റന്‍സിനെ അഞ്ചു വിക്കറ്റിനു 168 റണ്‍സിലെത്തിച്ചത്. അദ്ദേഹത്തെ കൂടാതെ രണ്ടാം ഫിഫ്റ്റിയുമായി വാഷിങ്ടണ്‍ സുന്ദറും അവര്‍ക്കു വേണ്ടി ബാറ്റിങില്‍ മിന്നിച്ചു. മറ്റാര്‍ക്കും ബാറ്റിങില്‍ ഇംപാക്ടുണ്ടാക്കാനായില്ല. നിഷാന്ത് സിന്ധു 14 ബോളില്‍ 22 റണ്‍സും സ്‌കോര്‍ ചെയ്തു. 44 ബോളില്‍ അഞ്ചു ഫോറും രണ്ടു സിക്‌സറുമടക്കമാണ് 61 റണ്‍സോടെ സായ് ടീമിന്റെ നെടുതൂണായി മാറിയത്. വാഷിങ്ടണ്‍ 33 ബോളില്‍ ഏഴു ഫോറും ഒരു സിക്‌സുമടക്കം 50 റണ്‍സും സ്‌കോര്‍ ചെയ്തു.
സ്വന്തം കാണികള്‍ക്കു മുന്നില്‍ ആഗ്രഹിച്ചതു പോലെയൊരു തുടക്കമല്ല ജിടിക്കു ലഭിച്ചത്. മൂന്നാം ഓവറില്‍ തന്നെ ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലിനു (5) ക്രീസ് വിടേണ്ടി വന്നു. പ്രഫുല്‍ ഹിംഗെയുടെ ബൗളിങില്‍ ഹെന്‍ട്രിച്ച് ക്ലാസെനാണ് സിംപിള്‍ ക്യാച്ചിലൂടെ ഗില്ലിനെ മടക്കിയത്.
വണ്‍ഡൗണായെത്തിയ ഇംഗ്ലീഷ് സൂപ്പര്‍ താരം ജോസ് ബട്‌ലറിനും (7) അധികം ആയുസുണ്ടായില്ല. ആറാം ഓവറിലെ ആദ്യ ബോളില്‍ ഹിംഗെ തന്നെയാണ് അദ്ദേഹത്തെയും മടക്കിയത്. ഇതോടെ ജിടി രണ്ടു വിക്കറ്റിനു 26 റണ്‍സെന്ന നിലയില്‍ പരുങ്ങലിലായി. തുടര്‍ന്നെത്തിയ നിഷാന്ത് അഗ്രസീവായി ഷോട്ടുകള്‍ കളിക്കാന്‍ തുടങ്ങിയതോടെ ജിടി ഇന്നിങ്‌സിനു ജീവന്‍ വച്ചു.
മൂന്നാം വിക്കറ്റില്‍ സായ്- നിഷാന്ത് ജോടി 38 റണ്‍സ് കൂട്ടിച്ചേര്‍ത്തു. പക്ഷെ ജിടിയുടെ ഇന്നിങ്‌സിനു അടിത്തറയിട്ടത് അടുത്ത കൂട്ടുകെട്ടാണ്. നാലാം വിക്കറ്റില്‍ 60 റണ്‍സ് ഈ ജോടി ടീം ടോട്ടലിലേക്കു ചേര്‍ത്തു. 41 ബോളുകളിലാണിത്.
സായ് മടങ്ങിയ ശേഷം അടുത്ത വിക്കറ്റില്‍ വാഷിങ്ടണ്‍- ജേസണ്‍ ഹോള്‍ഡര്‍ സഖ്യം 40 റണ്‍സിന്റെ കൂട്ടുകെട്ടുമുണ്ടാക്കിയതോടെ ജിടി ടോട്ടല്‍ 160 കടക്കുകയായിരുന്നു. എസ്‌ആര്‍എച്ചിനായി ആറു പേരാണ് കളിയില്‍ പന്തെറിഞ്ഞത്. ഇതില്‍ ഹിംഗെയും സാക്വിബ് ഹസനും രണ്ടു വീതം വിക്കറ്റുകളെടുത്തു.
നരേന്ദ്രമോദി സ്‌റ്റേഡിയത്തില്‍ ടോസ് ലഭിച്ച എസ്‌ആര്‍എച്ച് നായകന്‍ പാറ്റ് കമ്മിന്‍സ് ബൗള്‍ ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. അവസാന മല്‍സരത്തിലെ അതേ ടീമിനെ തന്നെ എസ്‌ആര്‍എച്ച് നിലനിര്‍ത്തിയപ്പോള്‍ ജിടി ടീമിലും മാറ്റങ്ങളില്ലായിരുന്നു.
പ്ലെയിങ് ഇലവന്‍
ഗുജറാത്ത് ടൈറ്റന്‍സ്-ശുഭ്മന്‍ ഗില്‍ (ക്യാപ്റ്റന്‍), സായ് സുദര്‍ശന്‍, ജോസ് ബട്ട്ലര്‍ (വിക്കറ്റ് കീപ്പര്‍), വാഷിംഗ്ടണ്‍ സുന്ദര്‍, ജേസണ്‍ ഹോള്‍ഡര്‍, നിഷാന്ത് സിന്ധു, രാഹുല്‍ തെവാട്ടിയ, റാഷിദ് ഖാന്‍, അര്‍ഷദ് ഖാന്‍, കാഗിസോ റബാഡ, മുഹമ്മദ് സിറാജ്.
സണ്‍റൈസേഴ്സ് ഹൈദരാബാദ്- അഭിഷേക് ശര്‍മ, ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), ഹെന്‍ട്രിച്ച് ക്ലാസെന്‍, സലില്‍ അറോറ, നിതീഷ് കുമാര്‍ റെഡ്ഡി, സ്മരണ്‍ രവിചന്ദ്രന്‍, പാറ്റ് കമ്മിന്‍സ് (ക്യാപ്റ്റന്‍), ശിവങ് കുമാര്‍, ഇഷാന്‍ മലിംഗ, സാഖിബ് ഹുസൈന്‍, പ്രഫുല്‍ ഹിംഗെ.
