May 10, 2026

ചക്രവാതച്ചുഴി; സംസ്ഥാനത്ത് മഴ തുടരും, ഇന്ന് ഏഴ് ജില്ലകളില്‍ മഴ മുന്നറിയിപ്പ്

Share

 

കേരളത്തില്‍ വരും ദിവസങ്ങളില്‍ വേനല്‍ മഴ ശക്തമാകും. ഇന്ന് ഏഴു ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ബംഗാള്‍ ഉള്‍ക്കടലില്‍ നിലനില്‍ക്കുന്ന ചക്രവാതചുഴി ന്യൂനമര്‍ദമാകാന്‍ സാധ്യതയുള്ളത് മഴയെ സ്വാധീനിക്കും. തിരുവനന്തപുരം മുതല്‍ എറണാകുളം വരെയുള്ള ഏഴ് ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് ശക്തമായ മഴയ്ക്കുള്ള യെല്ലോ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. തെക്കു പടിഞ്ഞാറന്‍ അറബിക്കടലിനു മുകളിലായി ചക്രവാത ചുഴി നിലനില്‍ക്കുന്നതിനാല്‍ അടുത്ത അഞ്ചു ദിവസം കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥ പ്രവചനം.

 

ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് യെല്ലോ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. തിങ്കളാഴ്ച കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലും ചൊവ്വാഴ്ച എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളിലും മഴ മുന്നറിയിപ്പുണ്ട്. ബുധനാഴ്ച വരെ മഴ തുടരാന്‍ സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. തെക്കു പടിഞ്ഞാറന്‍ അറബിക്കടലിലും ചക്രവാത ചുഴി രൂപപ്പെട്ടിട്ടുണ്ട്. മെയ് 13 വരെയാണ് ശക്തമായ മഴ കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്. മണിക്കൂറില്‍ 30 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റ് വീശാനും സാധ്യതയുണ്ട്.


Share
Copyright © All rights reserved. | Newsphere by AF themes.