കേരള ചരിത്രത്തിലാദ്യമായി ബിജെപിക്ക് 3 സീറ്റ് വിജയം
കേരള ചരിത്രത്തിലാദ്യമായി മൂന്ന് സീറ്റുകളില്‍ വിജയിച്ച് ബി.ജെ.പി. കഴക്കൂട്ടം, നേമം, ചാത്തന്നൂർ സീറ്റുകളിലാണ് ജയിച്ചത്. കഴക്കൂട്ടത്ത് 428 വോട്ടുകള്‍ക്കാണ് എല്‍.ഡി.എഫ് സ്ഥാനാർഥിയും മുന്‍ ദേവസ്വം മന്ത്രിയുമായ കടകംപള്ളി സുരേന്ദ്രനെ ബി.ജെ.പി നേതാവ് വി. മുരളീധരൻ തോല്‍പിച്ചത്. കോണ്‍ഗ്രസ് സ്ഥാനാർഥി ശരത്ചന്ദ്രപ്രസാദ് മൂന്നാംസ്ഥാനത്തെത്തി. 17ാം റൗണ്ട് എണ്ണിയപ്പോള്‍ 46564 വോട്ട് മുരളീധരൻ നേടി. 46136 വോട്ടുകളാണ് കടകംപള്ളിക്ക് കിട്ടിയത്. ശരത്ചന്ദ്രപ്രസാദിന് 37183 വോട്ട് ലഭിച്ചു.
കേരളം ഉറ്റുനോക്കിയ നേമത്ത് മന്ത്രി വി. ശിവൻകുട്ടിയെ അട്ടിമറിച്ചാണ് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ജയിച്ചത്. 4165 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് രാജീവ് ചന്ദ്രശേഖർ നിയമസഭയിലേക്ക് വഴി തുറന്നത്. ഇതോടെ 2021-ല്‍ നഷ്ടപ്പെട്ട മണ്ഡലം ബി.ജെ.പി തിരിച്ചുപിടിച്ചു.
സിറ്റിംഗ് എംഎല്‍എയും മന്ത്രിയുമായ വി. ശിവൻകുട്ടി, ബിജെപി അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ, യുഡിഎഫിനായി കെ.എസ്. ശബരീനാഥൻ എന്നിവർ നേർക്കുനേർ വന്നതോടെ നേമം ഇത്തവണയും ‘സ്റ്റാർ മണ്ഡല’മായിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പില്‍ കോർപ്പറേഷൻ വാർഡുകളില്‍ ബി.ജെ.പി നേടിയ 6000-ലേറെ വോട്ടുകളുടെ ലീഡാണ് രാജീവ് ചന്ദ്രശേഖറിന് ആത്മവിശ്വാസം നല്‍കിയത്. ലോക്‌സഭാ തിരഞ്ഞെടുപ്പിലെ മികച്ച പ്രകടനവും അദ്ദേഹത്തിന് തുണയായി.
ചാത്തന്നൂർ മണ്ഡലത്തിലും ബി.ജെ.പി അട്ടിമറി വിജയം നേടി. എൻ.ഡി.എ സ്ഥാനാർഥിയായ ബി.ബി. ഗോപകുമാറാണ് നാലായിരത്തിലേറെ വോട്ടിന് ജയിച്ചത്. എസ്.എൻ.ഡി.പി യൂനിയൻ പ്രസിഡന്‍റും ബി.ജെ.പി മുൻ ജില്ല പ്രസിഡന്‍റുമാണ് ഗോപകുമാർ. സി.പി.ഐ കുത്തക മണ്ഡലമായ ഇവിടെ ഇത്തവണ ത്രികോണ മത്സരത്തിനാണ് സാക്ഷ്യം വഹിച്ചത്. എന്നാല്‍, സി.പി.ഐ സ്ഥാനാർഥി നിർണയത്തിലെ പാളിച്ചയും പ്രചാരണ പ്രവർത്തനങ്ങളിലെ മാന്ദ്യവും നേരത്തെ തന്നെ അട്ടിമറിയിലേക്കുള്ള സൂചന നല്‍കിയിരുന്നു.
