June 19, 2026

കേരളവും കൈവിട്ടതോടെ രാജ്യത്ത് ഒരു സംസ്ഥാനത്തിലും ഭരണമില്ലാതെ ഇടതുപക്ഷം

Share

 

കേരളവും കൈവിട്ടതോടെ രാജ്യത്ത് ഒരു സംസ്ഥാനത്തിലും ഭരണമില്ലാതെ ഇടതുപക്ഷം. സ്വതന്ത്ര ഇന്ത്യയിലെ ആദ്യ പൊതുതെരഞ്ഞെടുപ്പില്‍ ലോക്സഭയിലെ ഏറ്റവും വലിയ പ്രതിപക്ഷ കക്ഷിയായിരുന്ന കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങള്‍ക്കാണ് ഇന്ന് രാജ്യത്ത് ഒരു സംസ്ഥാനത്തും അധികാരമില്ലാതെ പുറത്തിരിക്കേണ്ടി വന്നത്. പശ്ചിമ ബംഗാളും ത്രിപുരയും നഷ്ടമായതിന് പിന്നാലെ രാജ്യത്ത് അവശേഷിച്ച ഏക കമ്യൂണിസ്റ്റ് തുരുത്തായ കേരളത്തിലും സിപിഎം നേതൃത്വത്തിലുള്ള എല്‍ഡിഎഫ് വൻ തിരിച്ചടി ഏറ്റുവാങ്ങിയിരിക്കുകയാണ്.

 

ഇന്ത്യയില്‍ ഇടതുപക്ഷത്തിന്റെയും പ്രത്യേകിച്ച്‌ സിപിഎമ്മിന്റെയും ഭാവി സംബന്ധിച്ച ആശങ്ക കൂടി ഉയർത്തിയാണ് കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നിരിക്കുന്നത്. പശ്ചിമബംഗാളിനും ത്രിപുരക്കും ശേഷം കേരളത്തിലും അധികാരം നഷ്ടമായെങ്കിലും ആ സംസ്ഥാനങ്ങളിലെ പോലുള്ള രാഷ്ട്രീയ- സാമൂഹിക സാഹചര്യങ്ങളല്ല ഇവിടെയെന്നതില്‍ സിപിഎം ആശ്വാസം കണ്ടെത്തുന്നുമുണ്ട്. രണ്ടിടത്തും ഇടത് തകർച്ചയുടെ ഗുണഭോക്താക്കള്‍ ബിജെപിയായിരുന്നു. ഒരിക്കല്‍ ഭരണം നഷ്ടപ്പെട്ട രണ്ടിടത്തും പിന്നീട് അധികാരത്തിലെത്താൻ പോയിട്ട് സംഘടന സംവിധാനം നിലനിർത്തിക്കൊണ്ടുപോകാൻ പോലും സിപിഎമ്മിന് സാധിച്ചിട്ടില്ല.

 

പക്ഷേ, കേരളത്തില്‍ എപ്പോഴെല്ലാം ഭരണം നഷ്ടപ്പെട്ടിട്ടുണ്ടോ, അപ്പോഴൊക്കെ അഞ്ച് വർഷത്തിന് ശേഷം അധികാരത്തില്‍ തിരികെയെത്താൻ ഇടതുപക്ഷത്തിന് കഴിഞ്ഞിട്ടുണ്ട്. 2001ലെ മോശം അവസ്ഥയിലേക്ക് വീണുപോയിട്ടില്ല എന്ന് എല്‍ഡിഎഫ് ആശ്വസിക്കുമ്പോഴും ബിജെപി മൂന്ന് സീറ്റ് നേടിയത് സൃഷ്ടിക്കുന്ന പ്രതിസന്ധി ചെറുതല്ല. കാരണം, ആ മൂന്ന് സീറ്റുകളും എല്‍ഡിഎഫിന്റെ കയ്യില്‍ നിന്നാണ് ബിജെപി തട്ടിയെടുത്തിരിക്കുന്നത്. അതുകൊണ്ട് തന്നെ കേരളത്തിലെ ഇടതുപക്ഷത്തിന്റെ ഭാവി നിർണയിക്കുക ഈ തെരഞ്ഞെടുപ്പില്‍ ചോർന്നുപോയ വോട്ടുകളാണ്.

 

പാർട്ടി വോട്ടുകള്‍ മറ്റിടങ്ങളിലേക്ക് വേരോടെ ഒഴുകിപ്പോകുന്ന സാഹചര്യം സിപിഎമ്മിന് ഇതുവരെ ഉണ്ടായിട്ടില്ല. എന്നാല്‍ മൂന്നാം ശക്തിയായി ബിജെപി വളർന്നുവരുന്ന സാഹചര്യത്തില്‍, പരമ്പരാഗത വോട്ടുകള്‍ നിലനിർത്താൻ കഴിഞ്ഞോ കുറച്ചെങ്കിലും ബിജെപിയിലേക്ക് പോയോ എന്നത് വോട്ടുകണക്കുകള്‍ വിലയിരുത്തി കണ്ടെത്തേണ്ടത് സിപിഎമ്മിനെ സംബന്ധിച്ച്‌ അനിവാര്യമാണ്. സിപിഎമ്മിന്റെ അടിയുറച്ച വോട്ടുബാങ്കായിരുന്നു ഈഴവ വിഭാഗം. അവരുടെ വോട്ടുകള്‍ നിലനിർത്താൻ കഴിഞ്ഞോ അതോ ബിജെപിയിലേക്ക് പോയോ എന്നത് കണ്ടെത്തേണ്ടതുണ്ട്.

 

ലോകത്തുതന്നെ ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട രണ്ടാമത്തെ കമ്യൂണിസ്റ്റ് സർക്കാർ കേരളത്തിലായിരുന്നു എന്ന ചരിത്രപരമായ സവിശേഷതയില്‍ നിന്നാണ് ഇന്ത്യയിലെ ഇടതു പ്രസ്ഥാനങ്ങളുടെ വേരോട്ടവും തേരോട്ടവും തുടങ്ങുന്നത്. 1957ല്‍ ഇഎംഎസിന്റെ നേതൃത്വത്തില്‍ കേരളത്തിലാണ് ഇന്ത്യയിലെ ആദ്യ ഇടതുസർക്കാർ അധികാരത്തിലെത്തുന്നത്. കാലാവധി തികക്കുന്നത് മുമ്പുതന്നെ പ്രധാനമന്ത്രി ജവഹർലാല്‍ നെഹ്‌റു ഈ സർക്കാരിനെ പിരിച്ചുവിട്ടു. പിന്നീട് 1967ല്‍ വീണ്ടും അധികാരത്തിലെത്തിയെങ്കിലും മൂന്നുവർഷത്തില്‍ താഴെയാണ് ഭരിക്കാനായത്. പിന്നീട് സിപിഐക്കും പ്രാതിനിധ്യം ലഭിച്ച്‌ സി. അച്യുതമേനോൻ കൂടി മുഖ്യമന്ത്രിയായതോടെ ഇടതു-വലത് സർക്കാറുകള്‍ മാറിമാറി അധികാരത്തിലെത്തുന്നത് കേരളത്തിന്റെ പൊതുസ്വഭാവമായി. പക്ഷേ, 2016ല്‍ അധികാരത്തിലെത്തിയ ഇടതുമുന്നണി സർക്കാരിന് 2021ല്‍ തുടർഭരണം ലഭിച്ചതോടെ ആ ചരിത്രത്തിലും മാറ്റംവന്നു.

 

മൂന്നര പതിറ്റാണ്ടിനടുത്ത് തുടർ ഭരണം നടത്തിയാണ് ബംഗാളില്‍ സിപിഎം തകർന്നടിഞ്ഞത്. 1977 മുതല്‍ 2011ല്‍ ഭരണം നഷ്ടപ്പെടുന്നതുവരെ 34 വർഷം ഇവിടെ ഇടതുഭരണം തുടർന്നു. ജ്യോതിബസുവില്‍ തുടങ്ങി ബുദ്ധദേവ് ഭട്ടാചാര്യയില്‍ എത്തിനില്‍ക്കുന്ന ചരിത്രം. 1977ല്‍ 178 സീറ്റ് നേടിയാണ് സിപിഎം ബംഗാളില്‍ അധികാരത്തിലെത്തിയത്. തുടര്‍ന്നുള്ള നാല് നിയമസഭകളിലും വന്‍ വിജയം നേടി ജ്യോതിബസു മുഖ്യമന്ത്രിയായി. 2001 മുതല്‍ 2011 വരെ ബുദ്ധദേവ് ഭട്ടാചാര്യയും ഭരിച്ചു. 2011ലാണ് മമത ബാനര്‍ജിയുടെ നേതൃത്വത്തില്‍ തൃണമൂല്‍ അധികാരം പിടിച്ചത്. അന്ന് 40 സീറ്റിലാണ് സിപിഎം വിജയിച്ചത്. പിന്നീട് ഒരു തിരിച്ചുവരവുണ്ടായതുമില്ല. 2016ല്‍ 26 സീറ്റിലേക്ക് ഒതുങ്ങിയ സിപിഎമ്മിന്, കോണ്‍ഗ്രസുമായി സഖ്യത്തില്‍ മത്സരിച്ച 2021ല്‍ ഒറ്റ സീറ്റില്‍ പോലും ജയിക്കാന്‍ കഴിഞ്ഞില്ല. ബംഗാളിന് ശേഷം കാല്‍നൂറ്റാണ്ട് ഭരിച്ച ത്രിപുരയും 2018ല്‍ നഷ്ടമായി.

 

ദേശീയതലത്തില്‍ കൂപ്പുകുത്തിക്കൊണ്ടിരുന്ന സിപിഎമ്മിനെ കേരളത്തില്‍ ശക്തിയാർജിച്ച്‌ നിർത്തിയത് പിണറായി വിജയന്റെ നേതൃത്വത്തിലാണെന്നതും സത്യമാണ്. 1998 മുതല്‍ പാർട്ടി പിണറായിയുടെ നിയന്ത്രണത്തിലാണ്. 2016ല്‍ മുഖ്യമന്ത്രിയാവുംവരെ 18 വർഷം ആ സ്ഥാനത്ത് തുടരുകയും ചെയ്തു. മുഖ്യമന്ത്രിയായ ശേഷവും പാർട്ടിയുടെ കടിഞ്ഞാണ്‍ ആ കൈകളില്‍ തന്നെയായിരുന്നു. 2021ല്‍ തുടർഭരണം ലഭിക്കാൻ കാരണമായത് പിണറായി ഇഫക്‌ട് ആണെന്ന കാര്യത്തില്‍ സംശയമില്ല. 2026ലെ തകർച്ചക്ക് കാരണമായി ചൂണ്ടിക്കാട്ടപ്പെടുന്നതും പിണറായിയെ തന്നെയണെന്നത് മറ്റൊരു വസ്തുത.

 

ഇത്തവണ ഭരണ വിരുദ്ധ വികാരത്തിന് ഉപരിയായി പിണറായി വിരുദ്ധ വികാരമാണ് എല്‍ഡിഎഫിന്റെ അടിവേരിളക്കിയതെന്നാണ് ചൂണ്ടിക്കാട്ടപ്പെടുന്നത്. പിണറായിയോടുള്ള ജനത്തിന്റെ മടുപ്പ് ബാലറ്റില്‍ പ്രതിഫലിക്കുകയായിരുന്നു. ഇത് തിരിച്ചറിയാതെ സംസ്ഥാനത്തുടനീളം മുക്കിന് മുക്കിന് മുഖ്യമന്ത്രിയുടെ കൂറ്റൻ ഹോർഡിങ്ങുകള്‍ സ്ഥാപിച്ചത് ഇടതിന് തിരിച്ചടിയായി എന്നാണ് വിലയിരുത്തപ്പെടുന്നത്. പിണറായിയെ മുൻനിർത്തി തെരഞ്ഞെടുപ്പിനെ നേരിട്ടതിനൊപ്പം പിആർ പരസ്യങ്ങളില്‍ മുഖ്യമന്ത്രിയുടെ മുഖം മാത്രം ഉയർത്തിക്കാട്ടിയുള്ള പ്രചാരണ തന്ത്രങ്ങള്‍ വിരുദ്ധ ഫലമാണ് എല്‍ഡിഎഫിന് സമ്മാനിച്ചത്. ധർമടം പോലൊരു മണ്ഡലത്തില്‍ പിണറായി നേരിട്ട കടുത്ത വെല്ലുവിളി പോലും അതിന്റെ കൃത്യമായ സൂചനയാണ്. ജനമനസ്സിലെന്തെന്നതിന്റെ നേരിയ സൂചന പോലും മനസ്സിലാക്കാൻ പറ്റാതെ പോയതാണ് ഈ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയുടെ കനത്ത തകർച്ചക്ക് ആക്കം കൂട്ടിയത്.

 


Share
Copyright © All rights reserved. | Newsphere by AF themes.