തണ്ണിമത്തൻ വാങ്ങി പണികിട്ടിയോ …? വ്യാജനെ കണ്ടെത്താം , ഒരു കഷ്ണം പഞ്ഞിയോ തുണിയോ മതി
കുറഞ്ഞ വിലയ്ക്ക് വാങ്ങാൻ സാധിക്കുമെന്നതിനാലും ധാരാളം പോഷകഗുണങ്ങള്‍ അടങ്ങിയിട്ടുള്ളതിനാലും തണ്ണിമത്തൻ മിക്കവർക്കും പ്രിയപ്പെട്ടതാണ്. വൈറ്റമിന്‍, പൊട്ടാസ്യം, ധാതുക്കള്‍ എന്നിവ തണ്ണിമത്തനില്‍ അടങ്ങിയിട്ടുണ്ട്. വലിയ അളവില്‍ ജലാംശം ഉള്ളതിനാല്‍ വിഷപ്പും ദാഹവും ശമിപ്പിക്കാനും ചൂടില്‍ നിർജലീകരണം തടയാനും തണ്ണിമത്തൻ സഹായിക്കും.
എന്നാല്‍ ഡിമാൻഡേറിയതോടെ വ്യാജനും വിപണിയില്‍ സജീവമാണ്. മരുന്നടിച്ച് പഴുപ്പിച്ച തണ്ണിമത്തനാണ് ഏറെയും വില്‍ക്കപ്പെടുന്നത്. മിക്ക വില്പനയിടങ്ങളിലും തണ്ണിമത്തൻ മുറിച്ചുവച്ചിരിക്കുന്നത് കാണാം. നല്ല പഴുത്ത നിറത്തിലായിരിക്കും അകം ഭാഗം കാണപ്പെടുക. എന്നാലിത് വ്യാജമായ നിറങ്ങള്‍ ചേർത്തവയായിരിക്കും. ഇവ കൂടുതലായി കഴിക്കുന്നത് പലവിധ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകും. ഈ വ്യാജ നിറം തിരിച്ചറിയാൻ എളുപ്പവഴിയുണ്ട്.
ഒരു പഞ്ഞിയോ കോട്ടണ്‍ തുണിയോ കൊണ്ട് തണ്ണിമത്തന്റെ ചുവന്ന ഭാഗത്ത് തടവുക. ഇതില്‍ നിറം പറ്റുകയാണെങ്കില്‍ അവയില്‍ രാസവസ്തുക്കള്‍ ചേർത്തതായി കണക്കാക്കാം. സ്വാഭാവികമായി പഴുത്തതാണെങ്കില്‍ നിറം പടരുകയില്ല.
ശരിയായ വിളഞ്ഞത് കണ്ടുപിടിക്കാനുള്ള എളുപ്പവഴികള്‍
കൃത്യമായി പാകമായതിന് നല്ല ഭാരമുണ്ടായിരിക്കും.
തട്ടുമ്പോള്‍ ആഴത്തിലുള്ള ശബ്ദം കേള്‍ക്കും.
ഇളം മഞ്ഞയോ ഓറഞ്ചോ നിറത്തിലെ വരകളായിരിക്കും പുറംതോടില്‍ ഉണ്ടാവുക. വെള്ളയോ പച്ചയോ ആണെങ്കില്‍ പാകമായവ ആയിരിക്കില്ല.
മുറിക്കാത്ത തണ്ണിമത്തൻ ഫ്രിഡ്‌ജില്‍ സൂക്ഷിക്കുന്നതിനേക്കാള്‍ വീട്ടിലെ സാധാരണ താപനിലയില്‍ വയ്ക്കുന്നതാണ് നല്ലത്.
സൂര്യപ്രകാശം നേരിട്ട് ഏല്‍ക്കാത്ത തണുപ്പുള്ള സ്ഥലങ്ങളില്‍ സൂക്ഷിക്കണം.
ഏഴുമുതല്‍ പത്തുദിവസം വരെ കേടുകൂടാതെയിരിക്കും.
