ആധിപത്യം തുടര്‍ന്ന് പഞ്ചാബ് : പ്രഭ്സിമ്രാനും അയ്യറും മുന്നില്‍ നിന്ന് നയിച്ചു : മുംബൈയ്ക്ക് തുടര്‍ച്ചയായ നാലാം തോല്‍വി
മുംബൈ ഇന്ത്യൻസിനെ ഏഴ് വിക്കറ്റിന് തകർത്ത് പഞ്ചാബ് കിങ്‌സ്. മുംബൈ ആറ് വിക്കറ്റ് നഷ്ടത്തില്‍ ഉയർത്തിയ 197 റണ്‍സ് വിജയലക്ഷ്യം മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 21 പന്തുകള്‍ ബാക്കിനില്‍ക്കെ പഞ്ചാബ് മറികടന്നു. പുറത്താകാതെ 80 റണ്‍സ് നേടിയ പ്രഭ്സിമ്രാന്റെ പ്രകടനവും 66 റണ്‍സ് നേടിയ ശ്രേയസ് അയ്യരുടെ വെടിക്കെട്ട് പ്രകടനവുമാണ് പഞ്ചാബിനെ വിജയത്തിലേക്ക് നയിച്ചത്. 39 പന്തില്‍ രണ്ട് സിക്‌സറും 11 ഫോറുകളും അടക്കമാണ് സിമ്രാൻ 80 റണ്‍സ് നേടിയത്.
വെറും 35 പന്തില്‍ നാല് സിക്‌സറും അഞ്ച് ഫോറുകളും അടക്കമായിരുന്നു ശ്രേയസിന്റെ ഇന്നിംഗ്സ്. പ്രിയാൻഷ് ആര്യ 15 റണ്‍സും കൂപ്പർ കനോലി 17 റണ്‍സും നേടി.
നേരത്തെ ദക്ഷിണാഫ്രിക്കൻ താരം ഡീ കോക്കിന്റെ സെഞ്ച്വറി പ്രകടനത്തിലാണ് മുംബൈ മികച്ച സ്കോർ കണ്ടെത്തിയത്. സീസണിലെ കഴിഞ്ഞ അഞ്ച് മത്സരങ്ങളിലും അവസരം കിട്ടാതിരുന്ന ഡീ കോക്ക് രോഹിത് ശർമയ്ക്ക് പരിക്കേറ്റതോടെയാണ് ഇലവനില്‍ എത്തിയത്.
53 പന്തില്‍ ഏഴ് വീതം സിക്‌സറും ഫോറുകളും അടക്കമായിരുന്നു ഡീ കോക്ക് ശതകം തൊട്ടത്. ആകെ പുറത്താകാതെ 60 പന്തില്‍ 112 റണ്‍സ് നേടി. താരത്തിന്റെയും നമാൻ ധിറിന്റെയും മികവില്‍ മുംബൈ 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 195 റണ്‍സ് നേടി. നമാൻ ധിർ 31 പന്തില്‍ മൂന്ന് വീതം സിക്‌സറും ഫോറുകളും അടക്കം 50 റണ്‍സ് നേടിയാണ് പുറത്തായത്.
12 റണ്‍സിനിടെ സൂര്യകുമാർ യാദവ്, റിയാൻ റിക്കില്‍ട്ടൻ എന്നിവരുടെ വിക്കറ്റുകള്‍ നഷ്‌ടമായ മുംബൈയ്ക്ക് ഡീ കോക്ക്- നമാൻ ധിർ കൂട്ടുകെട്ട് തുണയാകുകയായിരുന്നു. ഇരുവരും മൂന്നാം വിക്കറ്റില്‍ 122 റണ്‍സാണ് കൂട്ടിച്ചേർത്തത്. ഹാർദിക് പാണ്ഡ്യ 14 റണ്‍സ് നേടി. അർഷ്ദീപ് സിംഗ് നാലോവറില്‍ 22 റണ്‍സ് മാത്രം വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റ് നേടി.
ജയത്തോടെ അഞ്ച് മത്സരങ്ങളില്‍ നിന്ന് നാല് ജയവും ഒരു സമനിലയുമായി പഞ്ചാബ് ഒമ്പത് പോയിന്റുമായി പോയിന്റ് ടേബിളില്‍ ഒന്നാമതെത്തി. ആദ്യ മത്സരം ജയിച്ച് പിന്നീട് തുടർച്ചയായ നാല് മത്സരവും തോറ്റ മുംബൈ ഒമ്പതാം സ്ഥാനത്ത് തുടരും.
