യുദ്ധം അഞ്ചുവര്‍ഷത്തേക്ക് തുടരാനും തയ്യാര്‍, എന്നാലും ഒരിക്കലും അമേരിക്കയുമായി ചര്‍ച്ചയ്ക്കില്ല ; ട്രംപിനെ തള്ളി ഇറാൻ
പശ്ചിമേഷ്യയിലെ സംഘര്‍ഷം രൂക്ഷമായികൊണ്ടിരിക്കെ അമേരിക്കയുമായുള്ള എല്ലാവിധ നയതന്ത്ര ചര്‍ച്ചകളും തള്ളിക്കളഞ്ഞ് ഇറാന്‍.യുഎസുമായി ഇനി ഒരു ഒത്തുതീര്‍പ്പിനില്ലെന്നും വരാനിരിക്കുന്നത് അഞ്ചു വര്‍ഷം നീണ്ടുനില്‍ക്കുന്ന യുദ്ധമാണെങ്കില്‍ പോലും നേരിടാന്‍ രാജ്യം സുസജ്ജമാണെന്നും ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി വ്യക്തമാക്കി. മേഖലയില്‍ സംഘര്‍ഷം പാരമ്യത്തിലെത്തി നില്‍ക്കെയാണ് ഇറാന്റെ ഈ നിര്‍ണ്ണായക പ്രഖ്യാപനം.
കഴിഞ്ഞ ദിവസങ്ങളില്‍ ഇറാന്റെ മിസൈല്‍, ഡ്രോണ്‍ താവളങ്ങളെ ലക്ഷ്യമാക്കി അമേരിക്ക നടത്തിയ ആക്രമണങ്ങളാണ് ഇറാനെ ചൊടിപ്പിച്ചത്. മുന്‍കാല ഉടമ്പടികള്‍ ലംഘിച്ച് അമേരിക്ക തന്നെ ആക്രമണങ്ങള്‍ ആരംഭിച്ച സാഹചര്യത്തില്‍ ഇനിയൊരു ഒത്തുതീര്‍പ്പിന് താല്പര്യമില്ലെന്നാണ് ഇറാന്‍ വ്യക്തമാക്കിയത്. ഇറാന്‍- ഇറാഖ് യുദ്ധകാലത്തെ അനുഭവപരിചയം മുന്‍നിര്‍ത്തി രാജ്യത്തിന്റെ സ്വാതന്ത്ര്യവും അഭിമാനവും സംരക്ഷിക്കാന്‍ ഏതറ്റം വരെയും പോകുമെന്നും അബ്ബാസ് അരാഗ്ചി വ്യക്തമാക്കി
ഇറാന്റെ സൈനിക ശേഷി തകര്‍ത്തുവെന്നും ചര്‍ച്ചകള്‍ക്ക് സമയം അതിക്രമിച്ചുവെന്നുമുള്ള ട്രംപിന്റെ പ്രസ്താവനകള്‍ക്ക് പിന്നാലെയാണ് ഇറാന്‍ തങ്ങളുടെ നിലപാട് കടുപ്പിച്ചത്. ഒമാന്‍ ഉള്‍പ്പെടെയുള്ള അയല്‍രാജ്യങ്ങള്‍ സമാധാന ശ്രമങ്ങളുമായി രംഗത്തുണ്ടെങ്കിലും, യുഎസ് സൈനിക നീക്കം അവസാനിപ്പിക്കാതെ യാതൊരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്ന സന്ദേശമാണ് ടെഹ്‌റാന്‍ നല്‍കുന്നത്. ഈ യുദ്ധത്തിന്റെ സമയപരിധി എനിക്കറിയില്ല. എന്നാല്‍ എനിക്കറിയുന്ന ഒരു കാര്യമുണ്ട്. അഞ്ച് വര്‍ഷത്തേക്ക് വരെ ഈ യുദ്ധം തുടരാന്‍ ഇറാന്‍ തയ്യാറാണ്. അബ്ബാസ് അരാഗ്ചി
പശ്ചിമേഷ്യയില്‍ യുദ്ധഭീതി പടരുന്ന സാഹചര്യത്തില്‍ അന്താരാഷ്ട്ര സമൂഹം ആശങ്കയിലാണ്. ഇറാന്റെ ഏറ്റവും തന്ത്രപ്രധാനമായ ഖാര്‍ഗ് ദ്വീപ് ഉള്‍പ്പെടെയുള്ള കേന്ദ്രങ്ങളില്‍ ആക്രമണം നടന്ന സാഹചര്യത്തില്‍ ഇനിയും എണ്ണവില വര്‍ധിക്കുമെന്നും അത് ആഗോള പ്രതിസന്ധി സൃഷ്ടിക്കുമെന്നുമാണ് സാമ്പത്തിക വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നത്.
പ്രവാസികള്‍ ഏറെയുള്ള ഗള്‍ഫ് മേഖലയില്‍ യുദ്ധം പടരുന്നത് കേരളം ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ സംസ്ഥാനങ്ങളിലും വലിയ ആശങ്കയ്ക്ക് വഴിവെച്ചിട്ടുണ്ട്. പ്രവാസികളുടെ സുരക്ഷ ഉറപ്പാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ സ്ഥിതിഗതികള്‍ നിരീക്ഷിച്ചു വരികയാണ്.
