കൂളിവയലിലെ വാഹനാപകടത്തിൽ ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്ന അതിഥി തൊഴിലാളിയും മരിച്ചു
പനമരം – മാനന്തവാടി റോഡിലെ കൂളിവയൽ ഹെൽത്ത് സെൻ്ററിന് സമീപം കെഎസ്ആർടിസി ബസ്സും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഗുരുതര പരിക്കേറ്റ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. അതിഥിത്തൊഴിലാളിയായ വെസ്റ്റ് ബംഗാൾ ഉത്തർദിനാജ്പുർ റാണിഘഞ്ച് അജീജുർ റഹ്‌മാൻ്റെ മകൻ എം.ടി. യാസിൻ (24) ആണ് ഇന്ന് വൈകീട്ടോടെ മരിച്ചത്. അപകടത്തിൽ കോഴിക്കോട് കോടഞ്ചേരി കല്ലന്തറമേട് സ്വദേശി വെള്ളാങ്കൽ രഞ്ജു മാത്യു (38) വും , വെസ്റ്റ് ബംഗാൾ ഉത്തർദിനാജ്പുർ ബാജർഗാവ് അബ്ദുൽ അൻസാരി (28) യും സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചിരുന്നു.
തിങ്കളാഴ്ച രാത്രി ഏഴ് മണിയോടെ കൂളിവയൽ ഹെൽത്ത് സെൻ്ററിനടുത്ത വളവിലായിരുന്നു മൂന്നുപേരുടെ മരണത്തിനിടയാക്കിയ അപകടം നടന്നത്. മാനന്തവാടിയിലേക്ക് പോവുകയായിരുന്ന ബസ്സും, പനമരം ഭാഗത്തേക്ക് വരികയായിരുന്ന കാറുമാണ് കൂട്ടിയിടിച്ചത്. കാർ യാത്രികരാണ് മൂവരും.
