മമ്മൂട്ടിയുടെ ടൗണ്‍ഷിപ്പ് വിവാദത്തില്‍ വെട്ടിലായി സിപിഎം; മാപ്പു പറഞ്ഞ മുഖ്യമന്ത്രിക്കും വിമര്‍ശനം, പിന്തുണച്ചും ഒരു വിഭാഗം
വയനാട് ടൗണ്‍ഷിപ്പ് സന്ദർശനത്തിനിടെയുണ്ടായ വിവാദത്തില്‍ മുഖ്യമന്ത്രി മമ്മൂട്ടിയോട് പരസ്യമായി മാപ്പ് പറഞ്ഞ നടപടിയില്‍ സിപിഎമ്മില്‍ ഭിന്നത രൂക്ഷം. മുഖ്യമന്ത്രിയെ സൈബർ ഇടങ്ങളില്‍ വിമർശിച്ച് ഒരു വിഭാഗം പാർട്ടി പ്രവർത്തകർ രംഗത്തെത്തി. പരസ്യമായി മാപ്പ് പറഞ്ഞതിലാണ് അമർഷം രേഖപ്പെടുത്തുന്നത്. അതേസമയം, മുഖ്യമന്ത്രിയെയും മമ്മൂട്ടിയേയും പിന്തുണച്ചും ഒരു വിഭാഗം രംഗത്തെത്തുന്നുണ്ട്. ഇന്നലെയാണ് മുഖ്യമന്ത്രി മമ്മൂട്ടിയോട് മാപ്പു പറഞ്ഞത്.
മമ്മൂട്ടിയോട് പരസ്യമായി ക്ഷമ ചോദിക്കുകയാണെന്നും മഹാനടനെ മനസിലാക്കണമായിരുന്നുവെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ടൗണ്‍ഷിപ്പ് സന്ദര്‍ശനത്തിന് എത്തിയപ്പോള്‍ സിപിഎം ജില്ലാ സെക്രട്ടറി കെ റഫീഖിനോട് മമ്മൂട്ടി ഇടപെട്ടത് സദുദ്ദേശത്തോടെയാണെന്നും മമ്മൂട്ടിയെ അപമാനിക്കരുതായിരുന്നുവെന്നും മനസിന് വിഷമം ഉണ്ടായതില്‍ ക്ഷമ ചോദിക്കുന്നുവെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
എന്നും കേരളത്തിന്‍റെ നന്മ ആഗ്രഹിക്കുന്നയാളാണ് മമ്മൂട്ടിയെന്നും പെരുമ്ബളം പാലത്തെ മമ്മൂട്ടി പ്രകീർത്തിച്ചിരുന്നുവെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ആരെയും അറിയിച്ച ശേഷമല്ല വയനാട് ടൗണ്‍ഷിപ്പ് കാണാൻ മമ്മൂട്ടിയെത്തിയത്. ചെന്നൈയില്‍ നിന്ന് യാത്ര ചെയ്താണ് മമ്മൂട്ടി വയനാട്ടിലെത്തിയത്. ആരെയും അറിയിക്കാത്ത യാത്രയായിരുന്നു അത്. അതിനാല്‍ തന്നെ സദുദ്ദേശത്തോടെയാണ് മറ്റൊരു തരത്തില്‍ വ്യാഖ്യാനിക്കപ്പെടുമെന്നും വിവാദമാകുമെന്നും കരുതി മമ്മൂട്ടി അത്തരത്തില്‍ ജില്ലാ സെക്രട്ടറിയോട് സ്വകാര്യമായി കാര്യം പറഞ്ഞത്. എന്നാല്‍, നമ്മുടെ നാട്ടില്‍ എന്തിനേയും വിവാദമാക്കുന്ന ചിലരുണ്ട്. നല്ല നിലയില്‍ ഇടപെടുന്നയാളാണ് സിപിഎം ജില്ലാ സെക്രട്ടറിയായ കെ റഫീഖ്. മമ്മൂട്ടി സ്വകാര്യമായി പറഞ്ഞ കാര്യം ക്യാമറ വസ്ത്രത്തില്‍ വെച്ച് നടക്കുന്നവര്‍ വിവാദമാക്കി.
മമ്മൂട്ടിയെ സാമൂഹിക മാധ്യമത്തില്‍ അധിക്ഷേപിച്ചത് ദൗര്‍ഭാഗ്യകരമാണ്. എന്തിനാണത് വിവാദമാക്കിയത്? സിപിഎം സാമൂഹിക മാധ്യമ പോരാളികല്‍ വലിയ തോതില്‍ മമ്മൂട്ടിയെ ആക്രമിച്ചുവെന്ന പ്രചാരണം ഉണ്ടായി. സിപിഎം സോഷ്യല്‍ മീഡിയ പ്രവർത്തകർക്ക് മമ്മൂട്ടിയെ അറിയാതെയായോ? ഇക്കാര്യത്തില്‍ അദ്ദേഹത്തിന്‍റെ മനസിന് വിഷമം ഉണ്ടായതില്‍ പരസ്യമായി ക്ഷമ ചോദിക്കുന്നു. മമ്മൂട്ടിയെ അപമാനിക്കരുതായിരുന്നു. മമ്മൂട്ടിയെന്ന മഹാനടനെ മനസിലാക്കണമായിരുന്നു. എങ്ങനെ ഒരു നല്ല കാര്യത്തെ ചീത്തയാക്കാൻ ശ്രമിക്കുന്നു എന്നതിന്റെ ഉദാഹരണമാണിതെന്നും പിണറായി വിജയൻ പറഞ്ഞു.
വയനാട് ടൗണ്‍ഷിപ്പില്‍ വെച്ച് സിപിഎം ജില്ലാ സെക്രട്ടറി കെ റഫീഖിനോട് മമ്മൂട്ടി അതൃപ്തി പ്രകടിപ്പിച്ച സംഭവം നേരത്തെ വിവാദമായിരുന്നു. വയനാട് ടൗണ്‍ഷിപ്പ് സന്ദര്‍ശനത്തിനിടെ എപ്പോഴും തന്‍റെ ഒപ്പം നിക്കുന്നത് തെറ്റിദ്ധാരണക്ക് ഇടയാക്കുമെന്നായിരുന്നു മമ്മൂട്ടി ജില്ലാ സെക്രട്ടറിയോട് അതൃപ്തിയോടെ പറഞ്ഞത്. ഇതിന്‍റെ വീഡിയോയും പുറത്തുവന്നിരുന്നു. മമ്മൂട്ടിക്കെതിരെ ഇടത് കേന്ദ്രങ്ങളില്‍ നിന്ന് സൈബർ ആക്രമണം രൂക്ഷമായിരുന്നു. വിഷയം സൈബർ ഇടങ്ങളിലക്കം ആളികത്തിയതും യു ഡി എഫ് നേതാക്കളും പ്രവർത്തകരും കക്ഷി ചേർന്നതും പ്രശ്നം കൂടുതല്‍ വഷളാക്കി. ഇതിനെല്ലാം ഒടുവില്‍ മമ്മൂട്ടി, റഫീഖിനെ വീഡിയോ കോള്‍ വിളിച്ച് കാര്യം വിശദീകരിച്ചിരുന്നു. മമ്മൂട്ടി വിളിച്ച കാര്യം റഫീഖ് തന്നെയാണ് അറിയിച്ചത്. തിരക്കും ബഹളവും മമ്മൂട്ടിക്ക് അലോസരമാകരുതെന്ന ഉദ്ദേശത്തോടെയാണ് താൻ ഇടപെട്ടതെന്ന് റഫീഖ് ഫേസ്ബുക്കില്‍ കുറിച്ചു. മമ്മൂട്ടി ഹൃദയത്തോട് ചേർത്ത് വെക്കുന്ന നടനാണെന്നും വിവാദം അവസാനിപ്പിക്കണമെന്നും റഫീഖ് ആവശ്യപ്പെട്ടു. പ്രശ്നത്തില്‍ നിന്ന് എങ്ങനെയെങ്കിലും തലയൂരാനുള്ള ശ്രമത്തിനിടയിലാണ് മെഗാസ്റ്റാർ തന്നെ ജില്ലാ സെക്രട്ടറിയെ വിളിച്ചത്. ഇതിനുപിന്നാലെയാണിപ്പോള്‍ പരസ്യമായി മാപ്പു പറഞ്ഞുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്തെത്തിയത്.
