സിപിഎം ജില്ലാ സെക്രട്ടറിയോട് അതൃപ്തി പ്രകടിപ്പിച്ച സംഭവം ; മമ്മൂട്ടിക്കെതിരെ സൈബര്‍ ആക്രമണം
കൽപ്പറ്റ : മുണ്ടക്കൈ-ചൂരല്‍മല ടൗണ്‍ഷിപ്പ് സന്ദർശനത്തിനിടെ സിപിഐഎം ജില്ലാ സെക്രട്ടറിയോട് അതൃപ്തി പ്രകടിപ്പിച്ച സംഭവത്തില്‍ മമ്മൂട്ടിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ കടുത്ത വിമർശനം. ഒപ്പമുണ്ടായിരുന്ന സിപിഐഎം വയനാട് ജില്ലാ സെക്രട്ടറി കെ. റഫീഖിനോട് ‘നിങ്ങള്‍ എപ്പോഴും എന്റെയൊപ്പം നടന്നാല്‍ ഞാൻ നിങ്ങള്‍ക്കുവേണ്ടി വന്നതാണെന്ന് തെറ്റിദ്ധരിക്കില്ലേ’, എന്ന മമ്മൂട്ടിയുടെ ചോദ്യമാണ് ഇടത് സൈബർ ഹാൻഡിലുകളെ ചൊടിപ്പിച്ചത്.
മമ്മൂട്ടിയുടെ പരാമർശത്തെ അനുകൂലിച്ചും പ്രതികൂലിച്ചും സോഷ്യല്‍മീഡിയയില്‍ ചർച്ച. ശനിയാഴ്ച ഉച്ചയ്ക്കുനടന്ന സംഭവത്തിന്റെ വീഡിയോദൃശ്യങ്ങള്‍ രാത്രിയോടെയാണ് സാമൂഹികമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചത്. അതേസമയം കെ റഫീക്കിനെ മമ്മൂട്ടി ഫോണില്‍ വിളിച്ചു. വയനാട് ടൗണ്‍ഷിപ്പ് സന്ദർശനം കഴിഞ്ഞ് കാറില്‍ കയറിയപ്പോഴാണ് വിളിച്ചത്. ആരെയും അറിയിക്കാതെ ടൗണ്‍ഷിപ്പിലെത്താനായിരുന്നു മമ്മൂട്ടി ആഗ്രഹിച്ചതെന്ന വിവരവും പുറത്തുവന്നു.
പാർട്ടി ജില്ലാ സെക്രട്ടറിയ്ക്ക് മുകളിലല്ല മഹാനടനെന്നും സിനിമയില്‍ മാത്രമാണ് മമ്മൂട്ടി ഹീറോയെന്നും ജില്ലാ സെക്രട്ടറി അതിലും മുകളിലാണെന്നും അടക്കമുള്ള വിമർശനങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്. ഇത് ജനങ്ങളുടേതാണ്. നമ്മുടെ ജനങ്ങളുടെ മനസ്സാണിത്, കേരളത്തിലെ ജനങ്ങളില്‍നിന്ന് പിരിച്ച കാശാണല്ലോ സർക്കാർ കൊടുക്കുന്നത്. കേരളത്തിന്റെ സമൂഹ്യമൂലധനമാണ് ഈ കാണുന്നതെന്ന് മമ്മൂട്ടി പറഞ്ഞു. മറ്റുള്ളവരോട് അനുതാപവും സഹതാവും ഏറ്റവും കൂടുതലുള്ളത് കേരളത്തിലാണെന്ന് മമ്മൂട്ടി സന്ദർശന വേളയില്‍ പറഞ്ഞിരുന്നു.
