ടി20 ലോകകപ്പില്‍ ഇന്ന് കലാശപ്പോര് : ഇന്ത്യയും ന്യൂസിലന്‍ഡും നേർക്കുനേർ
അഹമ്മദാബാദ് : ടി 20 ലോകകപ്പ് ഫൈനലില്‍ കിരീടം തേടി ഇന്ത്യ ഇന്നിറങ്ങുന്നു. നാലാം ഫൈനലിന് ഇറങ്ങുന്ന ഇന്ത്യയ്ക്ക് ന്യൂസിലന്‍ഡാണ് എതിരാളികള്‍. അഹമ്മദാബാദിലെ നരേന്ദ്രമോദി സ്‌റ്റേഡിയത്തില്‍ വൈകീട്ട് ഏഴു മണി മുതലാണ് ഫൈനല്‍ മത്സരം. മൂന്നാം ടി20 ലോകകിരീടം ലക്ഷ്യമിട്ടാണ് സൂര്യകുമാര്‍ യാദവും സംഘവും വീണ്ടും ബൂട്ടുകെട്ടുന്നത്.
ഒരിക്കല്‍ക്കൂടി സഞ്ജു സാംസണിന്റെ വെടിക്കെട്ട് ഇന്നിങ്‌സാണ് ക്രിക്കറ്റ് പ്രേമികള്‍ ആഗ്രഹിക്കുന്നത്. കഴിഞ്ഞ രണ്ടു മത്സരങ്ങളിലും ഇന്ത്യന്‍ ഇന്നിങ്‌സിന് ചുക്കാന്‍ പിടിച്ച സഞ്ജുവില്‍ നിന്നും കലാശപ്പോരാട്ടത്തിലും സമാന ബാറ്റിങ്ങ് പ്രകടനമാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. ഇന്ത്യന്‍ കാര്യമായ മാറ്റങ്ങള്‍ക്ക് സാധ്യതയില്ലെന്നാണ് റിപ്പോര്‍ട്ട്.
സ്പിന്നര്‍ കുല്‍ദീപ് യാദവ് ടീമിലെത്തിയാല്‍, വരുണ്‍ ചക്രവര്‍ത്തിയോ അര്‍ഷ് ദീപ് സിങ്ങോ പുറത്തായേക്കും. ആറാം ബൗളറുടെ കുറവാണ് ഇന്ത്യ നേരിടുന്ന ദൗര്‍ബല്യം. അഭിഷേക് ശര്‍മ ഫോമിലേക്ക് തിരിച്ചെത്താത്തതും ഇന്ത്യന്‍ ടീം മാനേജ്‌മെന്റിന് തലവേദനയാണ്. എങ്കിലും അഭിഷേക് ടീമില്‍ തുടര്‍ന്നേക്കും. അഭിഷേകിന് പകരം റിങ്കു സിങ്ങിനെ അന്തിമ ഇലവനില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്.
ടി 20 ലോകകപ്പില്‍ ഇന്ത്യ ഇതുവരെ രണ്ടു കിരീടങ്ങളാണ് നേടിയിട്ടുള്ളത്. നിലവില്‍ രണ്ടു കിരീടങ്ങളുമായി വെസ്റ്റ് ഇന്‍ഡീസിനും ഇംഗ്ലണ്ടിനുമൊപ്പമാണ് ഇന്ത്യ. മൂന്നാം കിരീടത്തിലൂടെ സുവര്‍ണ നേട്ടത്തിലെ ഒന്നാമനാകുകയാണ് ടീം ഇന്ത്യ ലക്ഷ്യമിടുന്നത്. അതോടൊപ്പം സ്വന്തം നാട്ടില്‍ ടി 20 ലോകകപ്പ് ജേതാക്കള്‍ ആയവര്‍ ആരുമില്ല എന്ന ചരിത്രം തിരുത്തിയെഴുതാനും സൂര്യയും സംഘവും ആഗ്രഹിക്കുന്നണ്ട്.
ടി 20 ലോകകപ്പിലെ കന്നിക്കിരീടം ലക്ഷ്യമിട്ടാണ് ന്യൂസിലന്‍ഡ് ഫൈനലിന് ഇറങ്ങുന്നത്. മിച്ചല്‍ സാന്റ്‌നറാണ് കിവീസ് നായകന്‍. സന്തുലിത ടീമുമായിട്ടാണ് കിവീസ് പോരിനിറങ്ങുന്നത്. പരാജയമറിയാതെ വന്ന ദക്ഷിണാഫ്രിക്കയെയാണ് സെമിയില്‍ ന്യൂസിലന്‍ഡ് തോല്‍പ്പിച്ചത്. മത്സരഗതി മാറ്റിമറിക്കാന്‍ കെല്‍പ്പുള്ള ഓഫ് സ്പിന്നര്‍ കോള്‍ മകോന്‍കിയാണ് കിവീസിന്റെ വജ്രായുധം. സ്പിന്നര്‍ ഇഷ് സോധിയെ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചാല്‍ ജെയിംസ് നീഷാം പുറത്തിരിക്കും.
