February 28, 2026

ദുരിതബാധിതര്‍ക്ക് മുസ്ലിം ലീഗ് നിര്‍മിച്ച 51 സ്നേഹവീടുകള്‍ കൈമാറി

Share

 

മേപ്പാടി : മുണ്ടക്കൈ – ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരിതബാധിതർക്കായി മുസ്ലിം ലീഗ് പ്രഖ്യാപിച്ച പുനരധിവാസ പദ്ധതിയിലെ ആദ്യഘട്ട വീടുകള്‍ കൈമാറി. ആകെ വാഗ്ദാനം ചെയ്ത 105 വീടുകളില്‍ നിർമാണം പൂർത്തിയായ 51 ‘സ്‌നേഹഭവന’ങ്ങളുടെ താക്കോല്‍ദാനം മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങള്‍ നിർവഹിച്ചു. വയനാട് എം.പി പ്രിയങ്ക ഗാന്ധി മുഖ്യാതിഥിയായി പങ്കെടുത്ത ചടങ്ങില്‍, സ്വന്തം വീടും സമ്പാദ്യവും നഷ്ടപ്പെട്ട കുടുംബങ്ങള്‍ വികാരാധീനരായാണ് പുതിയ വീടുകളുടെ രേഖകള്‍ ഏറ്റുവാങ്ങിയത്.

 

ഉയർന്ന നിലവാരത്തില്‍ നിർമിച്ച ഓരോ വീടും 1060 സ്ക്വയർ ഫീറ്റ് വിസ്തീർണ്ണമുള്ളതാണ്. മൂന്ന് കിടപ്പുമുറികള്‍, രണ്ട് ശുചിമുറികള്‍, അടുക്കള, ലിവിങ്-ഡൈനിങ് ഏരിയ എന്നിവയ്ക്ക് പുറമെ കട്ടില്‍, മെത്ത, സോഫ, മിക്സി, ഗ്രൈൻഡർ തുടങ്ങിയ അത്യാവശ്യ വീട്ടുപകരണങ്ങളും നല്‍കിയിട്ടുണ്ട്. ദുരന്തബാധിതർക്കായി ഒരുക്കിയ ഈ ടൗണ്‍ഷിപ്പില്‍ ശാസ്ത്രീയമായ ജലവിതരണ സംവിധാനങ്ങളും ശക്തമായ അടിത്തറയോടു കൂടിയ നിർമാണ രീതിയുമാണ് പിന്തുടർന്നിരിക്കുന്നത്. ഭാവിയില്‍ വീടുകള്‍ മുകളിലേക്ക് വികസിപ്പിക്കാനുള്ള സൗകര്യവും ഇതിലുണ്ട്.

 

ടൗണ്‍ഷിപ്പിനോട് ചേർന്ന് ആരാധനാലയങ്ങള്‍ ഉള്‍പ്പെടെയുള്ള പൊതുസൗകര്യങ്ങള്‍ ഒരുക്കുന്ന കാര്യം പാർട്ടി ഗൗരവമായി പരിഗണിക്കുമെന്ന് മുസ്‌ലിം ലീഗ് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. വളരെ ചുരുങ്ങിയ കാലയളവിനുള്ളില്‍ നിർമാണം പൂർത്തിയാക്കിയത് പാർട്ടിയുടെ നിശ്ചയദാർഢ്യത്തിന്റെ ഫലമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പി.എം.എ. സലാം, പി.കെ. ബഷീർ എം.എല്‍.എ, ഇ.ടി. മുഹമ്മദ് ബഷീർ എം.പി തുടങ്ങി നിരവധി രാഷ്ട്രീയ-സാമൂഹിക പ്രമുഖർ ചടങ്ങില്‍ സംബന്ധിച്ചു.


Share
Copyright © All rights reserved. | Newsphere by AF themes.