April 8, 2026

സൂപ്പർ എട്ട് പോരാട്ടത്തില്‍ ഇന്ത്യ ഇന്ന് ദക്ഷിണാഫ്രിക്കയെ നേരിടും  

Share

 

ടി 20 ലോകകപ്പ് 2026 സൂപ്പർ എട്ട് റൗണ്ട് പോരാട്ടത്തില്‍ ഇന്ത്യ ഇന്ന് ദക്ഷിണാഫ്രിക്കയെ നേരിടുന്നു. 2024 ടി20 ലോകകപ്പ് ഫൈനലിന്റെ ആവര്‍ത്തനമെന്നോണമുള്ള പോരാട്ടത്തിന് രാത്രി ഏഴ് മണി മുതല്‍ അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയം സാക്ഷിയാകും.

2024 ഫൈനലില്‍ അവസാന ഓവറില്‍ വിജയം പിടിച്ചെടുത്ത് ഇന്ത്യ കിരീടം നേടിയിരുന്നു.

 

ഗ്രൂപ്പ് ചാമ്പ്യന്മാരായാണ് ഇരു ടീമുകളുടെയും വരവ്. ഗ്രൂപ്പ് ഘട്ടത്തില്‍ പാകിസ്ഥാന്‍, നമീബിയ, നെതര്‍ലന്‍ഡ്സ്, യുഎസ്‌എ എന്നീ ടീമുകളെ തകര്‍ത്ത് അപരാജിതരായാണ് ഇന്ത്യ വരുന്നത്. മറുവശത്ത് ന്യൂസിലന്‍ഡ്, അഫ്ഗാനിസ്ഥാന്‍, കാനഡ, യുഎഇ എന്നിവരെ തോല്‍പ്പിച്ച്‌ ദക്ഷിണാഫ്രിക്കയും കരുത്ത് തെളിയിച്ചു കഴിഞ്ഞു.

 

 

വെടിക്കെട്ട് ഓപ്പണർ അഭിഷേക് ശർമയുടെ ഫോം ഔട്ടാണ് ഇന്ത്യയ്ക്ക് വെല്ലുവിളിയാകുന്നത്. സമീപ കാലങ്ങളില്‍ ടി 20 യില്‍ ഇന്ത്യയ്ക്ക് ആത്മധൈര്യമായിരുന്ന അഭിഷേക് മൂന്ന് മത്സരങ്ങളില്‍ നിന്ന് ഒരു റണ്‍സ് പോലും നേടാനായിട്ടില്ല. തിലക് വർമയുടെ മെല്ലെ പോക്കും തലവേദനയാണ്. ഇരുവരില്‍ ആർക്കെങ്കിലും പകരം സഞ്ജു സാംസണ്‍ ഇലവനില്‍ എന്നതാണ് ആകാംക്ഷ.

 

എന്നാല്‍ ഇരുവരും തുടരുമെന്നും തത്കാലം വിന്നിങ് ടീമില്‍ മാറ്റം വരുത്താൻ ഉദ്ദേശിക്കുന്നില്ല എന്നുമാണ് ഇന്നലെ വാർത്താ സമ്മേളനത്തില്‍ സൂര്യവ്യക്തമാക്കിയത്. അത് കൊണ്ട് തന്നെ ഇഷാൻ കിഷനും അഭിഷേക് ശർമയും തന്നെയാകും ബാറ്റിങ് ഓപ്പണ്‍ ചെയ്യുക. മൂന്നാമനായി തിലകും ശേഷം സൂര്യകുമാർ യാദവും ഹാര്‍ദ്ദിക് പാണ്ഡ്യയും എത്തും. ഫിനിഷർ റോളില്‍ ശിവം ദുബെയും റിങ്കു സിങ്ങും തുടരും.

 

 

 

നെതർലാൻഡ്സിനെതിരെ കളിച്ച വാഷിങ്ടണ്‍ സുന്ദറിന് പകരം അക്‌സർ പട്ടേല്‍ തിരിച്ചെത്തും. വരുണ്‍ ചക്രവർത്തിയാകും സ്പിന്നിനെ നയിക്കുക. പേസ് ബൗളിംഗ് നിരയുടെ ഉത്തരവാദിത്തം ജസ്പ്രീത് ബുംറയിലും അർഷ്ദീപ് സിങിലുമായിരിക്കും. മലയാളി താരം സഞ്ജു സാംസണ്‍, സ്പിന്നര്‍മാരായ കുല്‍ദീപ് യാദവ്, വാഷിംഗ്ടണ്‍ സുന്ദര്‍, പേസര്‍ മുഹമ്മദ് സിറാജ് എന്നിവരായിരിക്കും ഇന്ന് പ്ലേയിംഗ് ഇലവനില്‍ നിന്ന് പുറത്തിരിക്കുക.

 

ഇന്ത്യയുടെ സാധ്യതാ ഇലവൻ: അഭിഷേക് ശർമ, ഇഷാൻ കിഷൻ, സൂര്യകുമാർ യാദവ് (ക്യാപ്റ്റൻ), തിലക് വർമ, ഹാർദിക് പാണ്ഡ്യ, ശിവം ദുബെ, റിങ്കു സിംഗ്, അക്‌സർ പട്ടേല്‍, വരുണ്‍ ചക്രവർത്തി, ജസ്പ്രീത് ബുംറ, അർഷ്ദീപ് സിംഗ്.

 

 

 


Share
Copyright © All rights reserved. | Newsphere by AF themes.