വീട്ടമ്മയുടെ മാലപൊട്ടിച്ച് കടന്നുകളഞ്ഞ മോഷ്ടാവ് പിടിയിൽ
കേണിച്ചിറ : മുളകുപൊടി എറിഞ്ഞ ശേഷം മുഖത്ത് തുണിയിട്ട് വീട്ടമ്മയുടെ മാലയുടെ ഒരുഭാഗം പൊട്ടിച്ച് കടന്നുകളഞ്ഞ മോഷ്ടാവ് പിടിയിൽ. നടവയൽ പുഞ്ചയിൽ ജിനേഷ് (37) നെയാണ് കേണിച്ചിറ
പോലീസ് അറസ്റ്റു ചെയ്തത്. നടവയല്‍ ചീങ്ങോട് അയനിമല സരോജിനിയുടെ മാല കവര്‍ന്ന കേസിലാണ് ഇയാൾ അറസ്റ്റിലായത്.
ഈ മാസം ഒന്നിന് ഉച്ചക്ക് രണ്ടുമണിയോടെയാണ് സംഭവം. സഹോദരിക്കൊപ്പം താമസിച്ചുവരുന്ന സരോജിനിയുടെ വീട്ടിലെത്തി മുളകുപൊടി വിതറിയ ശേഷം മുഖത്ത് തുണിയിട്ട് കഴുത്തിലെ രണ്ടു പവന്‍ തൂക്കം വരുന്ന സ്വര്‍ണ്ണമാലയുടെ പകുതി ഭാഗം കവര്‍ച്ച ചെയ്തു കൊണ്ടുപോകുകയായിരുന്നു. സരോജിനിയുടെ കഴുത്തിനും കവിളിലും നേരിയ പരിക്കേറ്റിരുന്നു.
സംഭവത്തിൽ
കേസെടുത്ത് അന്വേഷണം ആരംഭിച്ച പോലീസ് 10 ദിവസങ്ങൾക്കുള്ളിൽ പ്രതിയെ പിടികൂടി. പൊട്ടിച്ച മാലയുടെ ഭാഗവും ഇയാളിൽ നിന്ന് കണ്ടെടുത്തു. ബത്തേരി ഡിവൈഎസ്പി കെ.ജെ. ജോൺസൻ്റെ നേതൃത്വത്തിൽ കേണിച്ചിറ എസ്എച്ച്ഒ രാജീവ് കുമാർ, എസ്ഐ തങ്കച്ചൻ, എഎസ്ഐ സുനിൽ തുടങ്ങിയവരുടെ സംഘമാണ് ഇയാളെ പിടികൂടിയത്.
