January 2, 2026

അധ്യാപക നിയമനത്തിന് ഇനി കെ-ടെറ്റ് നിര്‍ബന്ധം ; ഉത്തരവിറക്കി സര്‍ക്കാര്‍, ഉയര്‍ന്ന യോഗ്യതയുള്ളവര്‍ക്കും ഇളവില്ല

Share

 

സംസ്ഥാനത്തെ സ്കുള്‍ അധ്യാപകർക്ക് കെ ടെറ്റ് യോഗ്യത നിർബന്ധമാക്കി സർക്കാർ ഉത്തരവ്. സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിലാണ് ഇളവുകള്‍ ഒഴിവാക്കിയത്. പിഎച്ച്‌ഡിയും നെറ്റും ഉള്‍പ്പെടെ ഉയർന്ന യോഗ്യതയുളളവരും ഇനി കെ ടെറ്റ് പാസാകണം. സ്ഥാനക്കയറ്റത്തിനും കെ ടറ്റ് നിർബന്ധമാക്കി.

 

സ്കൂള്‍ അധ്യാപക നിയമനം നേടാൻ സംസ്ഥാന സർക്കാരിന്‍റെ യോഗ്യതാ പരീക്ഷയായ കെ ടെറ്റ്. സർക്കാർ,എയ്ഡഡ് സ്കൂളുകളില്‍ സർവീസിലുളള അധ്യാപകരും കെ ടെറ്റ് പാസായിരിക്കണമെന്ന് സുപ്രീം കോടതി വിധിച്ചത് കഴിഞ്ഞ സെപ്തംബറിലാണ്. ഉത്തരവിനെതിരെ റിവ്യൂ ഹർജി നല്‍കാൻ വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചിരുന്നു. ഇതിനിടെയാണ് കെ ടെറ്റ് നിർബന്ധമാക്കിയുളള തീരുമാനം. നെറ്റ്, പിഎച്ച്‌ഡി, സെറ്റ്, എംഫില്‍, എംഎഡ് തുടങ്ങി ഉയർന്ന യോഗ്യതയുളളവർക്കും ഇളവില്ല.

 

പുതിയ നിയമനങ്ങള്‍ക്കും സ്ഥാനക്കയറ്റത്തിനും ഇവരും കെ ടെറ്റ് പാസാകണം. അഞ്ച് വർഷത്തിലേറെ സർവീസുളളവർ കെ ടെറ്റ് പാസായിരിക്കണമെന്നായിരുന്നു കോടതി ഉത്തരവ്. ഹൈസ്കൂള്‍ അധ്യാപകർക്ക് പ്രധാനാധ്യാപകരാകാനോ ഹയർസെക്കന്‍ററിയിലേക്ക് മാറ്റം വാങ്ങാനോ കെ ടെറ്റ് ലെവല്‍ ത്രീ പരീക്ഷ ജയിക്കണം. എല്‍പി, യുപി വിഭാഗങ്ങളില്‍ കെ ടെറ്റ് ഒന്ന്, രണ്ട് ലെവലുകളില്‍ ഏതെങ്കിലും പാസാകണം. കേന്ദ്ര അധ്യാപക യോഗ്യതാ പരീക്ഷ സി ടറ്റ് ജയിച്ചവർക്ക് ഇളവ് തുടരും.

 

എയ്ഡഡ് സ്കൂളിലെ ഭിന്നശേഷി നിയമനങ്ങള്‍ക്കും കെ ടെറ്റ് നിർബന്ധമാണ്. നിലവില്‍ സർവീസിലുളള നൂറുകണക്കിന് അധ്യാപകരെ പ്രതിസന്ധിയിലാക്കുന്നതാണ് തീരുമാനം. വർഷങ്ങളായി സർവീസിലുളളവർ ഇനിയും യോഗ്യതാ പരീക്ഷ എഴുതേണ്ടി വരും. കെ ടെറ്റിന്‍റെ പേരില്‍ സ്ഥാനക്കയറ്റം തടയില്ലെന്ന് നല്‍കിയ ഉറപ്പ് സർക്കാർ ലംഘിച്ചെന്ന് അധ്യാപക സംഘടനകളുടെ വിമർശനം. സുപ്രീം കോടതിയില്‍ നല്‍കുന്ന പുനപരിശോധന ഹർജിയിലെ തീർപ്പിന് വിധേയമായിരിക്കും പുതിയ ഉത്തരവെന്ന് വിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കുന്നുണ്ട്.

 

 


Share
Copyright © All rights reserved. | Newsphere by AF themes.