December 31, 2025

വിദ്യാര്‍ഥികള്‍ക്ക് വര്‍ഷത്തില്‍ 2,40,000 രൂപവരെ ചീഫ് മിനിസ്റ്റേഴ്സ് സ്കോളര്‍ഷിപ്പ് : ഇപ്പോള്‍ അപേക്ഷിക്കാം

Share

 

ന്യൂനപക്ഷ മതവിഭാഗത്തില്‍പ്പെട്ട ( മുസ്ലിം, ക്രിസ്ത്യൻ (എല്ലാ വിഭാഗകാർക്കും), സിഖ്, ബുദ്ധ, ജൈന, പാഴ്സി ) വിദ്യാർഥികള്‍ക്ക് ചീഫ് മിനിസ്റ്റേഴ്സ് സ്കോളർഷിപ്പിന് അപേക്ഷിക്കാം. ഗവേഷണ വിദ്യാർഥികള്‍ക്കാണ് അവസരം. പ്രതിമാസം20,000 രൂപ വീതം ആനുകൂല്യമായി ലഭിക്കും. താല്‍പര്യമുള്ളവർ ജനുവരി 15ന് മുൻപായി അപേക്ഷ പൂർത്തിയാക്കണം.

 

എന്താണ് സ്കോളർഷിപ്പ്

 

2022-23 മുതല്‍ കേന്ദ്ര സർക്കാർ മൗലാന ആസാദ് നാഷണല്‍ ഫെലോഷിപ്പ് നിർത്തലാക്കിയത് ന്യൂനപക്ഷ ഗവേഷണ വിദ്യാർഥികളുടെ ഉന്നത വിദ്യാഭ്യാസ സാധ്യതകളെ സാരമായി ബാധിച്ച സാഹചര്യത്തിലാണ് ന്യൂനപക്ഷ സമുദായങ്ങളിലെ വിദ്യാർഥികള്‍ക്ക് ഗവേഷണ അവസരങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനായാണ് സംസ്ഥാന സർക്കാർ “ചീഫ് മിനിസ്റ്റേഴ്സ് റിസർച് ഫെലോഷിപ് ഫോർ മൈനോറിറ്റീസ്” എന്ന പദ്ധതി ആദ്യമായി ആവിഷ്കരിക്കുന്നത്.

 

ആർക്കൊക്കെ അപേക്ഷിക്കാം?

 

യു.ജി.സി അംഗീകാരമുളള സർവകലശാലകളിലും സ്ഥാപനങ്ങളിലും റെഗുലർ/ഫുള്‍ടൈം ഗവേഷണത്തിന് പ്രവേശനം നേടിയിരിക്കണം.

 

പ്രായം 40 വയസില്‍ കവിയരുത്.

 

ബി.പി.എല്‍ വിഭാഗത്തിലപ്പെട്ടവർക്ക് മുൻഗണനയുണ്ട്.ബി.പി.എല്‍ അപേക്ഷകരുടെ അഭാവത്തില്‍ ന്യൂനപക്ഷ മതവിഭാഗത്തിലെ എട്ട്ലക്ഷം രൂപവരെ വാർഷിക വരുമാനമുളള എപിഎല്‍ വിഭാഗത്തെയും പരിഗണിക്കും.

 

 

30 ശതമാനം ഫെലോഷിപ്പുകള്‍ പെണ്‍കുട്ടികള്‍ക്കായും അഞ്ചുശതമാനം ഫെലോഷിപ്പുകള്‍ ഭിന്നശേഷികാർക്കായും സംവരണം ചെയ്തിട്ടുണ്ട്. നിശ്ചിത ശതമാനം പെണ്‍കുട്ടികള്‍ ഇല്ലാത്ത പക്ഷം അർഹരായ ആണ്‍കുട്ടികളെയും പരിഗണിക്കും.

 

അപേക്ഷകള്‍ കേന്ദ്ര/സംസ്ഥാനസർക്കാരിൻറെയോ സർവകലശാലകളുടെയോ ഫെലോഷിപ്പുകളോ മറ്റു സഹായമോ ലഭിക്കാത്തവരാകണം.

 

അപേക്ഷ ക്ഷണിച്ചുകൊണ്ട് വിജ്ഞാപനം പുറപ്പെടുവിക്കുന്ന വർഷം രജിസ്റ്റർ ചെയ്തിട്ടുളള റെഗുലർ/ഫുള്‍ടൈം ഗവേഷണ വിദ്യാർഥികള്‍ക്കും അപേക്ഷിക്കാം.

 

അപേക്ഷകർക്ക് ഏതെങ്കിലും ഷെഡ്യുള്‍ഡ് കൊമേഴ്സ്യല്‍ ബാങ്കില്‍ അക്കൗണ്ട് ഉണ്ടായിരിക്കണം.

 

ആനുകൂല്യം

 

പ്രതിമാസം20,000 രൂപ വീതം ഒരു വർഷത്തെക്ക് ഒറ്റ തവണയായി 2,40,000 രൂപ ഫെലോഷിപ്പായി അനുവദിക്കും.

 

അപേക്ഷിക്കേണ്ട വിധം

 

ന്യൂനപക്ഷ വിദ്യാർഥികളെ തെരഞ്ഞെടുക്കുന്നത് കുടുംബവാർഷിക വരുമാനത്തിൻറെയും മാർക്കിൻറെയും അടിസ്ഥാനത്തില്‍ ജനസംഖ്യാനുപാതികമായിട്ടാണ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 15. ഡയറക്ടർ ന്യൂനപക്ഷ ക്ഷേമവകുപ്പ്, നാലാം നില, വികാസ് ഭവൻ, തിരുവനന്തപുരം-33 എന്ന വിലാസത്തില്‍ നിശ്ചിത തീയതിക്കകം പൂരിപ്പിച്ച അപേക്ഷകള്‍ നേരിട്ടോ തപാല്‍ മുഖേനയേ ലഭ്യമാക്കണം.

 

വിവരങ്ങള്‍ക്ക്: www.minoritywelfare.kerala.gov.in. ഫോണ്‍: 0471 2300523, 2300524,2302090

 

 


Share
Copyright © All rights reserved. | Newsphere by AF themes.