പ്രവാസികൾക്ക് ആരോഗ്യ അപകട ഇൻഷുറൻസ് : എൻറോള്‍മെന്റിന് ഇനി നാല് ദിവസം കൂടി
പ്രവാസികേരളീയര്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ നോര്‍ക്ക റൂട്ട്സ് വഴി നടപ്പിലാക്കുന്ന സമഗ്ര ആരോഗ്യ അപകട ഇൻഷുറൻസ് പദ്ധതിയായ നോര്‍ക്ക കെയറില്‍ 2025 നവംബര്‍ 30 വരെ എന്‍റോള്‍ ചെയ്യാം. സാധുവായ നോര്‍ക്ക പ്രവാസി ഐ.ഡി, സ്റ്റുഡന്റ് ഐ.ഡി. എന്‍.ആര്‍.കെ ഐ.ഡി കാര്‍ഡുളള പ്രവാസികേരളീയര്‍ക്ക് എന്‍റോള്‍ ചെയ്യാവുന്നതാണ്.
നോര്‍ക്ക റൂട്ട്സിന്റെ ഔദ്യോഗിക വെബ്ബ്സൈറ്റ് സന്ദര്‍ശിച്ചോ നോര്‍ക്ക കെയര്‍ മൊബൈല്‍ ആപ്പുകള്‍ മുഖേനയോ രജിസ്റ്റര്‍ ചെയ്യാം. ഒരു കുടുംബത്തിന് (ഭര്‍ത്താവ്, ഭാര്യ, 25 വയസ്സില്‍ താഴെയുളള രണ്ടു കുട്ടികള്‍) ₹13,411 പ്രീമിയത്തില്‍ (അധികമായി ഒരു കുട്ടി (25 വയസ്സില്‍ താഴെ): ₹4,130) അഞ്ച് ലക്ഷം രൂപയുടെ ആരോഗ്യ ഇന്‍ഷുറന്‍സും 10 ലക്ഷം രൂപയുടെ ഗ്രൂപ്പ് പേഴ്സണല്‍ അപകട ഇന്‍ഷുറന്‍സ് പരിരക്ഷയും ഉറപ്പാക്കുന്നതാണ് നോര്‍ക്ക കെയര്‍ പദ്ധതി. വ്യക്തിഗത ഇന്‍ഷുറന്‍സിന് (18-70 വയസ്സ്) 8,101 രൂപയുമാണ്.
നിലവില്‍ കേരളത്തിലെ 500 ലധികം ആശുപത്രികള്‍ ഉള്‍പ്പെടെ രാജ്യത്തെ 18000 ത്തോളം ആശുപത്രികള്‍ വഴി പ്രവാസികേരളീയര്‍ക്ക് ക്യാഷ്ലെസ്സ് ചികിത്സ ഉറപ്പാക്കുന്നതാണ് പദ്ധതി. പദ്ധതിയില്‍ ചേരാൻ ആഗ്രഹിക്കുന്നവർക്കായി നോർക്ക ആസ്ഥാനത്തു സഹായ കേന്ദ്രം സേവനം ലഭ്യമാണ്. ഓണ്‍ലൈനായി വീഡിയോ കോണ്‍ഫെറെൻസിങ്ങ് സംവിധാനത്തിലൂടെയാണ് സഹായം ലഭ്യമാക്കുക. നോര്‍ക്ക കെയര്‍ എന്‍റോള്‍മെന്റിനുളള അവസാന തീയ്യതിയായ 2025 നവംബര്‍ 30 വരെ എല്ലാ പ്രവൃത്തി ദിവസവും ഉച്ചയ്ക്ക് മൂന്ന് മണി മുതല്‍ 3 .45 വരെ ഈ സംവിധാനം പ്രവർത്തിക്കും. നോർക്ക റൂട്സ് വെബ്സൈറ്റ് വഴി വീഡിയോ കാള്‍ മുഖാന്തിരമാണ് പ്രവേശിക്കേണ്ടത്.
