November 27, 2025

പോസ്റ്റല്‍ ബാലറ്റ് ഇക്കുറി തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ളവര്‍ക്ക് മാത്രം

Share

 

പോസ്റ്റല്‍ ബാലറ്റ് സമ്മതിദായകരായ തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥർക്കു മാത്രമേ ഉള്ളൂവെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ. കേരള പഞ്ചായത്ത് രാജ്, മുനിസിപ്പാലിറ്റി നിയമങ്ങള്‍ പ്രകാരം തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലല്ലാത്ത ഒരു വിഭാഗത്തിനും പോസ്റ്റല്‍ വോട്ട് സൗകര്യം ഏർപ്പെടുത്താൻ കഴിയില്ലെന്ന് കമ്മീഷൻ അറിയിച്ചു.

 

കോവിഡ് സമയത്ത് നടന്ന 2020 ലെ പൊതുതെരഞ്ഞെടുപ്പിലും തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ളവർക്ക് മാത്രമേ പോസ്റ്റല്‍ വോട്ട് സൗകര്യം ലഭ്യമായിരുന്നുള്ളൂ. കോവിഡ് രോഗികള്‍ക്കും ക്വാറന്റൈയിനിലുള്ളവർക്കും മാത്രം അന്ന് സ്പെഷല്‍ പോസ്റ്റല്‍ ബാലറ്റ് അനുവദിച്ചിരുന്നു.

 

എപിഡെമിക് ഡിസീസ് ആക്ടിന്റെ പരിധിയിലുള്ളവർക്കായാണ് സ്പെഷല്‍ പോസ്റ്റല്‍ ബാലറ്റ് പരിമിതപ്പെടുത്തിയിരുന്നത്. അപേക്ഷകള്‍ ലഭിക്കുന്ന മുറയ്ക്ക് പോസ്റ്റല്‍ ബാലറ്റ് വിതരണം ചെയ്യും. തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ടവർ അവരെ തെരഞ്ഞെടുപ്പ് ഡ്യൂട്ടിയില്‍ നിയോഗിച്ചുകൊണ്ട് പുറപ്പെടുവിച്ച ഉത്തരവിന്റെ ശരിപകർപ്പ് സഹിതം നിശ്ചിത ഫാറത്തിലും, സമയത്തിലും ആവശ്യപ്പെടുന്ന പക്ഷം പോസ്റ്റല്‍ ബാലറ്റ് പേപ്പറുകള്‍ നല്‍കാൻ എല്ലാ വരണാധികാരികള്‍ക്കും നിർദ്ദേശം നല്‍കിയിട്ടുണ്ട്. ഇതിനായി സമ്മതിദായകനായി രജിസ്റ്റർ ചെയ്തിട്ടുള്ള വാർഡിലെ വരണാധികാരികള്‍ക്ക് വേണം അപേക്ഷ നല്‍കേണ്ടത്.

 

പോസ്റ്റല്‍ ബാലറ്റ് അപേക്ഷകർക്ക് അയച്ചു കൊടുക്കാനും വോട്ട് രേഖപ്പെടുത്തി ബന്ധപ്പെട്ട വരണാധികാരിക്ക് തിരിച്ച്‌ അയക്കുന്നതിനും തപാല്‍ സ്റ്റാമ്ബ് ആവശ്യമില്ല. തെരഞ്ഞെടുപ്പ് കമ്മീഷന്റെ ആവശ്യപ്രകാരം തപാല്‍വകുപ്പ് ആവശ്യമായ ക്രമീകരണങ്ങള്‍ ഏർപ്പെടുത്തിയിട്ടുണ്ട്.

 

 


Share
Copyright © All rights reserved. | Newsphere by AF themes.