മീനങ്ങാടിയിൽ എക്സൈസിൻ്റെ വൻ കുഴൽപ്പണ വേട്ട : ഒന്നരക്കോടിയോളം രൂപ പിടികൂടി
മീനങ്ങാടി : വയനാട് ഡെപ്യൂട്ടി എക്സൈസ് കമ്മീഷണറുടെ മേൽനോട്ടത്തിൽ സുൽത്താൻ ബത്തേരി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ സുനിൽ എംകെയും പാർട്ടിയും എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ ബാബുരാജും പാർട്ടിയും സംയുക്തമായി ഇന്ന് പുലർച്ചെ മൂന്നുമണിയോടുകൂടി മൈസൂർ കോഴിക്കോട് ദേശീയപാതയിൽ മീനങ്ങാടിക്ക് സമീപം വെച്ച് നടത്തിയ വാഹന പരിശോധനയിൽ നിയമവിരുദ്ധമായി രേഖകൾ ഇല്ലാതെ കടത്തുകയായിരുന്ന ഒരുകോടി മുപ്പത്തിആറ് ലക്ഷത്തി ഒൻപതിനായിരം രൂപ കണ്ടെടുത്തു . ബാംഗ്ലൂരിൽ നിന്നും കോഴിക്കോട്ടേക്ക് പോകുകയായിരുന്നു കർണാടക കെഎസ്ആർടിസിയുടെ സ്ലീപ്പർ ബസ്സിലെ യാത്രക്കാരനായിരുന്നു മലപ്പുറംജില്ലയിൽ തിരൂരങ്ങാടിതാലൂക്കിൽ വള്ളിക്കുന്ന് സ്വദേശി അമ്മത്തൂർ വീട്ടിൽ അബ്ദുൽ റസാക്കിൽ നിന്നാണ് പണം പിടികൂടിയത്. പണം കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ട കൈവശം യാതൊരു രേഖകളും ഉണ്ടായിരുന്നില്ല. എക്സൈസ് വകുപ്പ് സംസ്ഥാനതലത്തിൽ നടത്തിയ വാഹന പരിശോധനയുടെ ഭാഗമായി നടത്തിയ പരിശോധനയിലാണ് ഇത്രയും പണം പിടികൂടിയത്. അസി. എക്സൈസ് ഇൻസ്പെക്ടർ ഹരിദാസ്. എം.ബി, പ്രിവൻ്റീവ് ഓഫീസർ പ്രകാശൻ കെ.വി, സിവിൽ എക്സൈസ് ഓഫീസർമാരായ നിഷാദ് വി. ബി, അമൽ തോമസ് എം. ടി, ബിനു എം. എം, അജ്മൽ കെ, വനിത സിവിൽ എക്‌സൈസ് ഓഫീസർ സിനി പി. എം, പ്രിവന്റീവ് ഓഫീസർ ഡ്രൈവർ ബാലചന്ദ്രൻ കെ.കെ എന്നിവർ പാർട്ടിയിൽ ഉണ്ടായിരുന്നു.പിടികൂടിയ തുക തുടർനടപടികൾക്കായി ആദായനികുതി വകുപ്പിന് കൈമാറുമെന്ന് വയനാട് ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ എ ജെ ഷാജി അറിയിച്ചു.
