October 30, 2025

സംസ്ഥാനത്ത് വീണ്ടും ജീവനെടുത്ത് അമീബിക് മസ്തിഷ്‌കജ്വരം  

Share

 

കേരളത്തില്‍ അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച്‌ ഒരാള്‍ കൂടി മരിച്ചു. ചിറയിൻകീഴ് അഴൂർ പഞ്ചായത്തിലെ ഒമ്ബതാം വാർഡ് നിവാസിയായ വസന്ത (77) ആണ് ബുധനാഴ്ച ഉച്ചയ്ക്ക് ശേഷം മരണപ്പെട്ടത്. കഴിഞ്ഞ ഒരു മാസമായി തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഇവർക്ക്, രണ്ടാഴ്ച മുൻപാണ് രക്തപരിശോധനയില്‍ രോഗം സ്ഥിരീകരിച്ചത്.

 

സോഡിയം കുറഞ്ഞതിനെ തുടർന്നാണ് വസന്തയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മരിച്ചയാള്‍ അധികം വീടുവിട്ട് പുറത്തുപോകാത്ത വ്യക്തിയാണെന്ന് പ്രദേശവാസികള്‍ പറയുന്നു. എന്നിരുന്നാലും, രോഗബാധയുടെ ഉറവിടം ഇതുവരെ കണ്ടെത്താനായിട്ടില്ല. രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് പഞ്ചായത്ത് ആരോഗ്യവിഭാഗം വീടും സമീപപ്രദേശങ്ങളും ക്ലോറിനേഷൻ നടത്തി. വീട്ടിലെ മറ്റുള്ളവർക്ക് നിലവില്‍ രോഗലക്ഷണങ്ങളില്ല.

 

അമീബിക് മസ്തിഷ്‌കജ്വരം: അറിയേണ്ടതെല്ലാം

 

എന്താണ് ഈ രോഗം? കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ കുളിക്കുകയോ നീന്തുകയോ ചെയ്യുന്നവരില്‍ അപൂർവമായി കണ്ടുവരുന്ന ഗുരുതരമായ രോഗമാണ് അമീബിക് മസ്തിഷ്‌കജ്വരം. നെഗ്ലേറിയ ഫൗളറി, അക്കാന്ത അമീബ പോലുള്ള അമീബ വിഭാഗത്തില്‍പ്പെട്ട രോഗാണുക്കള്‍ തലച്ചോറിനെ ബാധിക്കുമ്ബോഴാണ് ഈ രോഗം ഉണ്ടാകുന്നത്. മൂക്കിലൂടെയോ കർണപടലത്തിലെ സുഷിരങ്ങളിലൂടെയോ അമീബ തലച്ചോറില്‍ പ്രവേശിച്ച്‌ മെനിഞ്ചോ എൻസെഫലൈറ്റിസ് എന്ന അവസ്ഥയ്ക്ക് കാരണമാകുന്നു. 97 ശതമാനത്തിലധികം മരണനിരക്ക് ഉള്ള ഈ രോഗം മനുഷ്യരില്‍നിന്ന് മനുഷ്യരിലേക്ക് പകരില്ല.

 

രോഗബാധ എങ്ങനെ? വെള്ളത്തിലിറങ്ങുമ്ബോള്‍ അടിത്തട്ടിലെ ചെളിയിലുള്ള അമീബ വെള്ളത്തില്‍ കലരുകയും അത് മൂക്കിലൂടെ ശരീരത്തില്‍ പ്രവേശിക്കുകയും ചെയ്യുന്നു. അണുബാധയുണ്ടായാല്‍ ഒന്നു മുതല്‍ ഒൻപത് ദിവസങ്ങള്‍ക്കുള്ളില്‍ രോഗലക്ഷണങ്ങള്‍ പ്രകടമാകും.

 

പ്രധാന രോഗലക്ഷണങ്ങള്‍: തീവ്രമായ തലവേദന, പനി. ഓക്കാനം, ഛർദ്ദി. കഴുത്ത് തിരിക്കാനുള്ള ബുദ്ധിമുട്ട്. വെളിച്ചത്തിലേക്ക് നോക്കാനുള്ള പ്രയാസം.

 

കുട്ടികളില്‍: ഭക്ഷണം കഴിക്കാനുള്ള വിമുഖത, നിഷ്‌ക്രിയത്വം, അസ്വാഭാവിക പ്രതികരണങ്ങള്‍.

 

രോഗം ഗുരുതരാവസ്ഥയിലാകുമ്ബോള്‍: അപസ്മാരം, ബോധക്ഷയം, ഓർമ്മക്കുറവ് എന്നിവ ഉണ്ടാകാം.

 

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍:

 

മലിനമായ ജലാശയങ്ങള്‍ ഒഴിവാക്കുക: പായല്‍ നിറഞ്ഞതോ, മാലിന്യമുള്ളതോ, മൃഗങ്ങളെ കുളിപ്പിക്കുന്നതോ ആയ കുളങ്ങളില്‍ കുളിക്കരുത്. വർഷങ്ങളായി വൃത്തിയാക്കാത്ത ജലസംഭരണികളിലെ വെള്ളം ഉപയോഗിക്കുമ്ബോള്‍ ശ്രദ്ധിക്കുക. മൂക്കില്‍ ശസ്ത്രക്രിയ, തലയില്‍ ക്ഷതം, ചെവിയില്‍ പഴുപ്പ് എന്നിവയുള്ളവർ കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ കുളിക്കുന്നത് ഒഴിവാക്കണം. കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ കുളിക്കുന്നതും ഡൈവ് ചെയ്യുന്നതും പരമാവധി ഒഴിവാക്കുക. സ്വിമ്മിംഗ് പൂളുകളിലെയും വാട്ടർ തീം പാർക്കുകളിലെയും വെള്ളം ക്ലോറിനേഷൻ വഴി ശുദ്ധമാണെന്ന് ഉറപ്പാക്കുക. മൂക്കിലേക്ക് വെള്ളം ഒഴിക്കുകയോ വലിച്ചു കയറ്റുകയോ ചെയ്യരുത്. നേസല്‍ ക്ലിപ്പ് ഉപയോഗിച്ച്‌ മൂക്കില്‍ വെള്ളം കയറുന്നത് തടയാം.

 

രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ഉടൻ ചികിത്സ തേടണം. കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ കുളിക്കുകയോ നീന്തുകയോ ചെയ്തിട്ടുണ്ടെങ്കില്‍ ഡോക്ടറെ അറിയിക്കണം. നട്ടെല്ലില്‍ നിന്ന് സ്രവം എടുത്ത് പി.സി.ആർ. പരിശോധനയിലൂടെയാണ് രോഗം സ്ഥിരീകരിക്കുന്നത്. അമീബയ്‌ക്കെതിരെ ഫലപ്രദമെന്ന് കരുതുന്ന അഞ്ച് മരുന്നുകളുടെ സംയുക്തമാണ് ചികിത്സയ്ക്കായി ഉപയോഗിക്കുന്നത്. വേഗത്തില്‍ ചികിത്സ ആരംഭിച്ചാല്‍ രോഗം ഭേദമാകും.

 

 


Share
Copyright © All rights reserved. | Newsphere by AF themes.