സൈനിക സ്കൂൾ പ്രവേശനം: ആറ്, ഒമ്പത് ക്ലാസുകളിലേക്ക് പ്രവേശനം തുടങ്ങി : അവസാന തീയതി ഒക്ടോബർ 30

രാജ്യത്തുടനീളമുള്ള സൈനിക സ്കൂളുകളിലെ ആറ്, ഒമ്പത് ക്ലാസുകളിലേക്ക് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ഔദ്യോഗിക വെബ്സൈറ്റ് വഴി 2025 ഒക്ടോബർ 30നകം അപേക്ഷിക്കണം. വെബ്സൈറ്റ്: aissee.nta.nic.in
അപേക്ഷകളിലെ തെറ്റുകൾ തിരുത്താൻ നവംബർ രണ്ടുമുതൽ നാലുവരെ അവസരം ലഭിക്കും. ഈ വർഷം പ്രവേശന ഫീസ് വർധിപ്പിച്ചിരുന്നു. ജനറൽ വിഭാഗത്തിലെ അപേക്ഷകർക്ക് 850 രൂപയാണ് ഫീസ്. കഴിഞ്ഞവർഷം ഇത് 800 രൂപയായിരുന്നു. എസ്.ടി, എസ്.സി വിഭാഗത്തിലെ വിദ്യാർഥികൾ 700 രൂപയാണ് നൽകേണ്ടത്. കഴിഞ്ഞവർഷം ഇത് 650 രൂപയായിരുന്നു.
ഇന്ത്യൻ സായുധ സേനാംഗങ്ങളുടെ കുട്ടികൾക്ക് ഗുണനിലവാരമുള്ള വിദ്യാഭ്യാസം നൽകുന്നതാണ് സൈനിക് സ്കൂളുകൾ അറിയപ്പെടുന്നു. സീറ്റുകളിൽ ഭൂരിഭാഗവും സൈനിക പശ്ചാത്തലമുള്ളവർക്കാണ് നീക്കിവെച്ചിരിക്കുന്നത്. എന്നാൽ സാധാരണക്കാരുടെ മക്കൾക്കും അപേക്ഷിക്കാം. പ്രത്യേക പ്രവേശന പരീക്ഷ എഴുതണം എന്നുമാത്രം. ആറ്, ഒമ്പത് ക്ലാസുകളിലെ പ്രവേശനവും ഈ പരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും. അടുത്ത വർഷം ജനുവരിയിലായിരിക്കും പരീക്ഷ നടത്തുക.
സൈനിക സ്കൂൾ പ്രവേശനത്തിന് അപേക്ഷിക്കാൻ പ്രത്യേകം പ്രായപരിധിയും നിശ്ചയിച്ചിട്ടുണ്ട്. ആറാം ക്ലാസ് പ്രവേശനത്തിന് 10നും 12നും ഇടയിലായിരിക്കണം കുട്ടികളുടെ പ്രായം. 2026 മാർച്ച് 31 അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുക. ഒമ്പതാം ക്ലാസ് പ്രവേശനത്തിന് കുട്ടികളുടെ പ്രായം 13നും 15നും ഇടയിലായിരിക്കണം.
പെൺകുട്ടികൾക്ക് ആറാം ക്ലാസിലേക്ക് മാത്രമേ പ്രവേശനം നൽകുകയുള്ളൂ. സീറ്റ് ഉണ്ടെങ്കിൽ മാത്രം ഒമ്പതാം ക്ലാസിലേക്കും പ്രവേശനം ലഭിക്കും.രജിസ്ട്രേഷൻ ഫോറം വെബ്സൈറ്റിൽ ലഭിക്കും. പേര്, ജനന തീയതി, വീട്ടുവിലാസം, കോൺടാക്റ്റ് നമ്പർ, ഇ-മെയിൽ അഡ്രസ് എന്നിവ കൃത്യമായി രേഖപ്പെടുത്തണം. ഏത് ക്ലാസിലേക്കാണോ പ്രവേശനം ആഗ്രഹിക്കുന്നതും അതും പ്രത്യേകം രേഖപ്പെടുത്തണം. അപേക്ഷാഫീസ് ഓൺലൈനായി അടക്കാനുള്ള സൗകര്യമുണ്ട്.
ആറാം ക്ലാസിലേക്കുള്ള പ്രവേശന പരീക്ഷ 300 മാർക്കിന്റെതായിരിക്കും. 150 മിനിറ്റാണ് ദൈർഘ്യം. ലാംഗ്വേജ്, മാത്തമാറ്റിക്സ്, ഇന്റലിജൻസ്, ജനറൽ നോളജ് എന്നിവ അടിസ്ഥാനമാക്കിയുള്ള ചോദ്യങ്ങളായിരിക്കും ഉണ്ടായിരിക്കുക. ഒമ്പതാംക്ലാസ് പ്രവേശനപരീക്ഷക്ക് 400 മാർക്കിന്റെ ചോദ്യങ്ങളായിരിക്കും.