October 13, 2025

സി.കെ ജാനു യുഡിഎഫിലേക്ക്? മുന്നണി സഹകരണമാവശ്യപ്പെട്ട് നല്‍കിയ കത്തില്‍ ചര്‍ച്ച നടത്തി, സഹകരണം ആകാമെന്ന് ധാരണ : വിയോജിച്ച്‌ രമേശ് ചെന്നിത്തലയും കെ. മുരളീധരനും

Share

 

കല്‍പ്പറ്റ : മുന്നണി സഹകരണം ആവശ്യപ്പെട്ട് യുഡിഎഫിന് കത്ത് നല്‍കി സികെ ജാനു. കഴിഞ്ഞ യുഡിഎഫ് യോഗം കത്ത് ചർച്ച ചെയ്തു. രമേശ് ചെന്നിത്തലയും കെ മുരളീധരനും വിയോജിപ്പ് അറിയിച്ചു. സി കെ ജാനുവുമായി സഹകരണം ആകാമെന്നാണ് നിലവിലെ യുഡിഎഫ് ധാരണ. തദ്ദേശ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് യുഡിഎഫില്‍ പ്രവർത്തിക്കാനുള്ള താല്‍പ്പര്യം സി കെ ജാനു അറിയിച്ചിരിക്കുന്നത്.

 

ആലുവയിലെത്തി പ്രതിപക്ഷ നേതാവ് വിഡി സതീശനെ കണ്ട് താല്‍പ്പര്യമറിയിക്കുകയും യുഡിഎഫിന് കത്ത് നല്‍കുകയുമായിരുന്നു. കഴിഞ്ഞ 9ന് ചേർന്ന യുഡിഎഫ് യോഗത്തില്‍ കത്ത് ചർച്ച ചെയ്യുകയും ചെയ്തു. ചില വിയോജിപ്പുകള്‍ യോഗത്തിലുണ്ടായി എന്നാണ് ലഭിക്കുന്ന വിവരങ്ങള്‍. സി കെ ജാനുവുമായി സഹകരിക്കുന്നതില്‍ രമേശ് ചെന്നിത്തലയും കെ മുരളീധരനും വിയോജിപ്പ് അറിയിച്ചു. മുൻപ് ഇത്തരത്തിലൊരു സഹകരണം ഉണ്ടായപ്പോള്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ പോലും സികെ ജാനു തോറ്റു. ആ പഞ്ചായത്ത് ഭരണം അടക്കം യുഡിഎഫിന് നഷ്ടമായി തുടങ്ങിയ കാര്യങ്ങളാണ് ഇവർ ചൂണ്ടിക്കാട്ടിയത്. കൂടാതെ, മുസ്ലിം ലീഗിനും ചെറിയ എതിർപ്പ് ഉണ്ടെന്ന വിവരങ്ങളാണ് ലഭ്യമാകുന്നത്. എന്നാല്‍, സികെ ജാനുവുമായി സഹകരിച്ച്‌ മുന്നോട്ട് പോകാമെന്ന പൊതു ധാരണയിലാണ് നിലവില്‍ യുഡിഎഫ് എത്തിയിരിക്കുന്നത്. പ്രിയങ്ക ഗാന്ധിയുടെ താല്‍പ്പര്യം കണക്കിലെടുത്താണ് സഹകരണത്തിന് ധാരണയിലെത്തിയിരിക്കുന്നത്. തദ്ദേശ തെരഞ്ഞെടുപ്പിന് മുൻപ് തന്നെ ജനാധിപത്യ രാഷ്ട്രീയ പാർട്ടി- യുഡിഎഫ് സഹകരണത്തില്‍ ധാരണയുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

 

സി കെ ജാനുവിന്റെ പ്രതികരണം

 

ജനാധിപത്യ രാഷ്ട്രീയ പാർട്ടിയുമായി സഹകരിക്കുന്നതിന് യുഡിഎഫ് അനുകൂലമാണെന്നും താല്‍പര്യം അറിയിച്ച്‌ പാർട്ടി കത്തു നല്‍കിയിരുന്നെന്നും സി കെ ജാനു പറഞ്ഞു. തദ്ദേശഭരണ തെരഞ്ഞെടുപ്പിന് മുൻപ് മുന്നണിയില്‍ ചേരുന്നതിനാണ് കത്ത് നല്‍കിയത്. സീറ്റുകളെ കുറിച്ച്‌ നിലവില്‍ ചർച്ച നടന്നിട്ടില്ലെന്നും യുഡിഎഫ് ഉടൻ ഔദ്യോഗികമായി നിലപാട് അറിയിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും സി കെ ജാനു പറഞ്ഞു.

 

 


Share
Copyright © All rights reserved. | Newsphere by AF themes.