തങ്കച്ചനെ കള്ളകേസിൽ കുടുക്കിയ സംഭവം : അനീഷ് മാമ്പള്ളിയെ കോണ്‍ഗ്രസിൽ നിന്ന് സസ്പെൻഡ് ചെയ്തു

കൽപ്പറ്റ : കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിന്റെ നിര്‍ദേശാനുസരണം മീനങ്ങാടി ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റ് അനീഷ് മാമ്പള്ളിയെ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്നും സസ്പെൻഡ് ചെയ്തതായി ഡിസിസി പ്രസിഡന്റ് ടി.ജെ. ഐസക്. കെപിസിസി ഉപസമിതി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
കോൺഗ്രസിലെ ഗ്രൂപ്പു തർക്കത്തെത്തുടർന്ന് മുള്ളൻകൊല്ലിയിലെ കോൺഗ്രസ് വാർഡ് പ്രസിഡന്റ് തങ്കച്ചൻ കാനാട്ടുമലയെ കള്ളകേസിൽ കുടുക്കിയ സംഭവവുമായി ബന്ധപ്പെട്ട കേസിലെ പ്രതിയായ അനീഷിനു വേണ്ടി പൊലീസ് ലുക്ക്ഔട്ട് നോട്ടിസ് പുറത്തിറക്കിയിരുന്നു.
ഓഗസ്റ്റ് 22 ന് രാത്രിയാണ് രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പുല്‍പ്പള്ളി പൊലീസ് പ്രാദേശിക കോണ്‍ഗ്രസ് നേതാവായ തങ്കച്ചന്റെ വീട്ടില്‍ പരിശോധന നടത്തിയത്. വീട്ടിലെ പോര്‍ച്ചില്‍ കിടന്നിരുന്ന കാറിന്റെ അടിയില്‍ നിന്ന് കവറില്‍ സൂക്ഷിച്ച നിലയില്‍ 20 പാക്കറ്റ് കര്‍ണാടക മദ്യവും 15 തോട്ടയും കണ്ടെത്തി. പിന്നീട് 17 ദിവസം ജയിലില്‍ കിടന്ന തങ്കച്ചന്‍ നിരപരാധിയാണെന്ന് കണ്ടെത്തുകയായിരുന്നു. കോണ്‍ഗ്രസിലെ ഗ്രൂപ്പ് പോരിന്റെ ഇരയാണ് താനെന്നും, തന്നെ കുറ്റക്കാരനാക്കിയതില്‍ അന്നത്തെ ഡിസിസി പ്രസിഡന്റ് എന്‍.ഡി. അപ്പച്ചന് പങ്കുണ്ടെന്നും തങ്കച്ചന്‍ നേരത്തെ ആരോപിച്ചിരുന്നു.