തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പ് നവംബറില്‍ ; ഡിസംബര്‍ 20 ന് മുമ്ബായി നടപടികള്‍ പൂര്‍ത്തിയാക്കും

കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് നവംബര്‍ ഡിസംബര്‍ മാസങ്ങളില്‍ നടന്നേക്കുമെന്ന് സൂചന.ഡിസംബര്‍ 20ന് മുമ്ബ് തെരഞ്ഞെടുപ്പ് പൂര്‍ത്തിയാക്കാനാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആലോചിക്കുന്നത്.
തെരഞ്ഞെടുപ്പ് പ്രഖ്യാപനം ഉടനുണ്ടാകുമെന്നും മുന്നൊരുക്കങ്ങള്‍ കമ്മീഷന്‍ പൂര്‍ത്തിയാക്കിയതായുമാണ് റിപ്പോര്‍ട്ട്്. അതിനിടയില്‍ തീവ്ര വോട്ടര്‍പട്ടിക പരിഷ്‌ക്കരണം നീട്ടിവെയ്ക്കണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്. ഇക്കാര്യത്തില്‍ മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ക്ക് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ കത്ത് നല്‍കി. തദ്ദേശ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണം നീട്ടിവയ്ക്കണമെന്ന് വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ നേരത്തേ ആവശ്യപ്പെട്ടിരുന്നു. രാഷ്ട്രീയ പാര്‍ട്ടികളുടെ നിര്‍ദേശം പരിഗണിച്ചാണ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ കത്തയച്ചത്.തീവ്രവോട്ടര്‍ പട്ടികാ പരിഷ്‌കരണത്തെ ഭൂരിപക്ഷം രാഷ്ട്രീയ പാര്‍ട്ടികളും എതിര്‍ത്തിരുന്നു. എസ്‌ഐആറിന് മുന്നോടിയായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ ഡോ. യു ആര്‍ രത്തന്‍ ഖേല്‍ക്കര്‍ വിളിച്ചുചേര്‍ത്ത രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ യോഗത്തിലായിരുന്നു എല്‍ഡിഎഫ്, യുഡിഎഫ് പ്രതിനിധികള്‍ എതിര്‍പ്പുയര്‍ത്തിയത്. എസ്‌ഐആര്‍ തിടുക്കപ്പെട്ട് നടപ്പിലാക്കരുതെന്നാണ് കോണ്‍ഗ്രസും സിപിഐഎമ്മും ആവശ്യപ്പെട്ടത്.